കുറ്റവാളികള്‍ ഭയം ഒട്ടുമില്ലാതെ ഇറങ്ങി നടക്കുന്നു..മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിക്കുന്നു!! എന്നിട്ടും ഇരുട്ടില്‍ തപ്പി പോലീസ്

ആറു വയസ്സുകാരി അഭിഗേല്‍ സാറ റെജിയെ സുരക്ഷിതമായി തിരികെ കിട്ടിയ സന്തോഷത്തിലാണ് കേരളം ഒന്നടങ്കം. ഞെട്ടിപ്പിച്ച 22 മണിക്കൂറുകള്‍ക്കൊടുവിലാണ് കുഞ്ഞിനെ തിരിച്ചുകിട്ടുന്നത്. ഒരു അപകടവുമില്ലാതെ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ കിട്ടിയ സന്തോഷം…

ആറു വയസ്സുകാരി അഭിഗേല്‍ സാറ റെജിയെ സുരക്ഷിതമായി തിരികെ കിട്ടിയ സന്തോഷത്തിലാണ് കേരളം ഒന്നടങ്കം. ഞെട്ടിപ്പിച്ച 22 മണിക്കൂറുകള്‍ക്കൊടുവിലാണ് കുഞ്ഞിനെ തിരിച്ചുകിട്ടുന്നത്. ഒരു അപകടവുമില്ലാതെ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ കിട്ടിയ സന്തോഷം നിറയുമ്പോഴും നമ്മുടെ നാട്ടിലെ അവസ്ഥ ഭീതിപ്പെടുത്തുന്നെന്ന് പലരും സോഷ്യല്‍മീഡിയയില്‍ പ്രതികരിക്കുന്നു. പട്ടാപ്പകലാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. ഇന്നുച്ചയ്ക്കാണ് ആശ്രാമം മൈതാനത്ത് അബിഗെലിനെ പ്രതികള്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞതും. എന്നിട്ടും പ്രതികളുടെ സൂചന പോലും പൊലിസിന് കിട്ടിയിട്ടില്ലെന്ന് ഞെട്ടിക്കുന്ന അവസ്ഥയാണ്.

മാധ്യമ പ്രവര്‍ത്തകയായ അഞ്ജു പ്രബീഷ് അബിഗേലിനെ തിരിച്ചുകിട്ടിയ സംഭവത്തിനെ കുറിച്ച് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. കുഞ്ഞിനെ ഒരപകടവും ഇല്ലാതെ സുരക്ഷിതയായി കിട്ടുന്നത് വരേയ്ക്കും ഇവിടുത്തെ നീതി നിര്‍വ്വഹണത്തിലെയോ സിസ്റ്റത്തിലെയോ പാളിച്ചകളെ കുറിച്ച് ഒന്നും എഴുതണ്ടായെന്ന് കരുതി മിണ്ടാതെ ഇരുന്നതാണ്. ഈ വിഷയത്തില്‍ കേരളാ പോലീസിന്റെ ഭാഗത്തു നിന്നും പരമാവധി എഫര്‍ട്ട് ഉണ്ടാകും എന്നൊരു ഉറച്ച വിശ്വാസം മനസ്സില്‍ ഉണ്ടായിരുന്നു. ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയും കരുതിയത് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതും അടച്ചുകൊണ്ട് നമ്മുടെ പോലീസ് കുഞ്ഞുമോളെ കണ്ടെത്തും എന്ന് തന്നെ ആയിരുന്നു. അത് കൊണ്ട് തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമായ പ്ലാന്‍ ഒന്നും പറയാതെ ഇരുന്ന കേരളാ പോലീസിനെ മനസ്സ് കൊണ്ട് അഭിനന്ദിച്ചു. അവര്‍ പ്രതികളെ ലൊക്കേറ്റ് ചെയ്ത് പൂട്ടാന്‍ ഒരുങ്ങി ഇരിപ്പുള്ളതിനാല്‍ പ്ലാന്‍ ഒന്നും പുറത്ത് വിടാത്തത് ആണെന്ന് കരുതി. എന്നാല്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു നമ്മള്‍ കരുതിയത് പോലെയൊന്നുമല്ല കാര്യങ്ങള്‍ എന്ന്.

കേരളാ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടില്ല എന്നല്ല പറഞ്ഞു വരുന്നത്. മുകളിലുള്ള നക്ഷത്ര ചിഹ്നങ്ങള്‍ കൂടുതല്‍ ഉള്ള ഏമാന്മാരേക്കാള്‍ ഊണും ഉറക്കവും ഉപേക്ഷിച്ചു ഇതിന്റെ പിന്നാലെ പാഞ്ഞിട്ടുണ്ട് പാവം സാദാ പോലീസുകാര്‍. എന്നിട്ടും കൊല്ലത്തു നിന്നും വൈകിട്ട് നാലര മണിക്ക് കടത്തിക്കൊണ്ട് പോയ കുഞ്ഞിനെ കണ്ടുപിടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല, എന്തിനധികം പ്രതികളിലേയ്ക്ക് എത്താന്‍ പോലും അവര്‍ക്ക് ആയില്ല. കേരളാ പോലീസ് തിരുവനന്തപുരത്ത് തപ്പുമ്പോള്‍ അവര്‍ കൊല്ലത്തു തന്നെ ഉണ്ടായിരുന്നു എന്നത് സങ്കടകരം.നാടെങ്ങും തിരയുന്ന കുട്ടിയെ കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്ത് ഉള്ള ആശ്രാമം മൈതാനത്ത് ഉച്ചയ്ക്ക് കൊണ്ട് വന്ന് വിടുവാന്‍ തക്ക ധൈര്യം ക്രിമിനലുകള്‍ക്ക് ഉണ്ടെങ്കില്‍ അത് കാണിക്കുന്നത് ഇവിടുത്തെ സിസ്റ്റത്തിന്റെ പിഴവ് മാത്രമല്ലേ? എവിടെയാണ് നമ്മുടെ പോലീസിന് പിഴവ് പറ്റിയത്? ശക്തമായി പൊതു സമൂഹം ചോദിക്കേണ്ട ചോദ്യമാണ്.

ഇവിടുത്തെ ഭരണകൂടത്തോട് ഒരുപാട് ചോദ്യങ്ങള്‍ ഈ നാട്ടിലെ അമ്മമാര്‍ക്ക് ചോദിക്കേണ്ടത് ആയിട്ടുണ്ട്. എന്ത് സുരക്ഷിതത്വം ആണ് ഈ നാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് ഉള്ളത്? ആലുവയില്‍ ഒരു ആറു വയസ്സുകാരി കുഞ്ഞിനെ അതി ക്രൂരമായി കൊലപ്പെടുത്തിയത് നമ്മുടെ കണ്മുന്നില്‍ ആയിരുന്നു. ഉച്ചയ്ക്ക് തട്ടിക്കൊണ്ടു പോയ മോളുടെ ജഡം പിറ്റേ ദിവസം ആലുവ മാര്‍ക്കറ്റില്‍ നിന്നും കിട്ടി. അത് കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കു ശേഷം വീണ്ടും നമ്മള്‍ കേട്ടു സമാനമായ മറ്റൊരു പീഡനവാര്‍ത്ത. കുഞ്ഞ് കൊല്ലപ്പെട്ടില്ല എങ്കില്‍ പോലും അക്രമി വീട്ടിനുള്ളില്‍ കടന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി. വാളയാറും വണ്ടിപ്പെരിയാറും മറന്നിട്ടല്ല ഇത് എഴുതുന്നത്. ഈ ഒരു വര്‍ഷം ഒരു മൂന്ന് മാസത്തെ ഇടവേളയില്‍ ഇത് എത്രാമത്തെ വാര്‍ത്തയാണ്??


ഇവിടെ ക്രൈം എല്ലാം നടക്കുന്നത് പച്ച വെളിച്ചത്തിലാണ്. അതും ജനവാസ മേഖലകളില്‍. അതിനര്‍ത്ഥം ഈ നാട് ഒരു നാഥന്‍ ഇല്ലാ കളരി ആണെന്ന് മാത്രമാണ്. ആക്രമികള്‍ക്ക് ആരെയും ഭയമില്ല. അഭിഗേല്‍ മോളുടെ കാര്യത്തില്‍ വൈകിട്ട് സംഭവം നടക്കുന്നു. അതിന് ശേഷം കുറ്റവാളികള്‍ പുറത്ത് ഇറങ്ങി ഒരു കടയില്‍ എത്തി ഫോണ്‍ വിളിക്കുന്നു. അതും രണ്ട് തവണ.! ഇത്രയ്ക്കും സെന്‍സെഷണല്‍ ആയ ഒരു ക്രൈം ആയിട്ട് പോലും, സമൂഹ മാധ്യമങ്ങളിലും ചാനലുകളിലും ഏറ്റവും ലീഡ് ഉള്ള വാര്‍ത്ത ആയിട്ടും കുറ്റവാളികള്‍ ഭയം ഒട്ടുമില്ലാതെ ഇറങ്ങി നടക്കുന്നു. വീട്ടിലേക്ക് വിളിച്ചു മോചനദ്രവ്യം ആവശ്യപ്പെടുന്നു. എന്നിട്ടും ഇരുട്ടില്‍ തപ്പുന്നു നമ്മുടെ പോലീസ്.
ജോനാഥന്‍ എന്ന പൊന്നുമോന്‍ പങ്ക് വച്ച സൂചനകള്‍ക്ക് അപ്പുറം എന്താണ് പോലീസിന് കണ്ടു പിടിക്കുവാന്‍ കഴിഞ്ഞത്? ക്രിമിനലുകളെ കുറിച്ച് അവന്‍ പറഞ്ഞു കൊടുത്ത കാര്യങ്ങള്‍ക്ക് അപ്പുറം ഒന്നും തന്നെ പോലീസിന് പുതുതായി കൊടുക്കുവാന്‍ ഇല്ല. ജോനാഥന്‍ എന്നൊരു കുഞ്ഞ് ഇല്ലായിരുന്നുവെങ്കില്‍ ഈ പൊന്ന് മോളെ കടത്തിയവരെ കുറിച്ച് എന്ത് വിവരങ്ങള്‍ ആണ് പോലീസിന് നല്‍കുവാന്‍ ഉണ്ടാവുക??

ഒരു നാട് അപ്പാടെ ഇരുപത് മണിക്കൂര്‍ ഒരു കുഞ്ഞിനെ തിരയുമ്പോള്‍, ആ മോളും അവളെ തട്ടിക്കൊണ്ട് പോയവരും നമ്മുടെ കണ്മുന്നില്‍ തന്നെ ഉണ്ടായിരുന്നു. ആശ്രമം മൈതാനത്തു ആ കുട്ടിയെ എത്തിക്കണം എങ്കില്‍ പഴുത് അടച്ചുള്ള പോലീസ് സ്‌ക്രീനിംഗ് പിഴവ് ഉള്ളത് എന്ന് പറയേണ്ടി വരും.പോലീസ് വിരിച്ച വല വളരെ ദുര്‍ബ്ബലം ആയിരുന്നുവോ? നട്ടുച്ചക്ക് ജനവാസമേഖലയില്‍ ആ മോള്‍ പെട്ടെന്ന് പൊട്ടി മുളച്ചത് ആയിരുന്നുവോ? അല്ലല്ലോ. അപ്പോള്‍ അവളെ കൊണ്ട് വന്ന് ഇരുത്താന്‍ ആര്‍ക്കാണ് ധൈര്യം? അവിടേക്ക് എത്താന്‍ മൂന്ന് വഴികളെ ഉള്ളൂ. ഒന്ന് കൊല്ലം ചെങ്കോട്ട റോഡ്, മറ്റൊന്ന് ചിന്നക്കട ആശ്രാമം റോഡ് പിന്നെയൊന്ന് KSRTC ബസ്സ് സ്റ്റാന്‍ഡ് റോഡ്. മൂന്ന് വഴികളും സിറ്റിയുടെ ഹൃദയ ഭാഗത്ത് കൂടിയാണ്. അപ്പോള്‍ നഗര ഹൃദയഭാഗത്ത് ഉള്ള ഒരു സ്ഥലത്ത് പോലും പോലീസ് സംവിധാനം മോശം എന്ന് സമ്മതിക്കേണ്ടി വരും. അവിടെയെങ്ങും ക്യാമറകള്‍ ഒന്നും ഇല്ലേ??

കേരളം വികസിച്ചു ന്യൂയോര്‍ക്ക് പോലെ ആണെന്ന് തള്ളുന്നവരോട് ഒന്ന് ചോദിക്കട്ടെ- എണ്ണൂറ് കോടിയില്‍ അധികം ക്യാമറക്ക് വേണ്ടി മുടക്കിയൊരു നാട്ടിലാണ് പോലീസിന്റെ മൂക്കിന്‍ത്തുമ്പില്‍ ഇത്തരമൊരു സെന്‍സിറ്റീവ് ക്രൈം നടന്നത്. അതിന് പോലീസിനെ പഴിക്കുന്നില്ല. കാരണം പോലീസിന് ഇപ്പോഴും ആശ്രയിക്കേണ്ടി വരുന്നത് വല്ല കാശുള്ള വീട്ടിലോ ബാറിലോ ഹോട്ടലിലോ ഒക്കെ വച്ചിട്ടുള്ള CCTV ക്യാമറകള്‍ ആണ്. അത് നോക്കി ആളെ കണ്ടു പിടിച്ചു വരുമ്പോള്‍ ക്രിമിനലുകള്‍ നാട് വിട്ടിരിക്കും.
നഗര ഹൃദയത്തില്‍ പോലും സര്‍വൈലന്‍സ് ക്യാമറകള്‍ ഇല്ലായെന്നത് ഇവിടുത്തെ സിസ്റ്റത്തിന്റെ പോരായ്മയാണ്.

കോടികള്‍ മുടക്കി കേരളീയം നടത്തി. അതിനേക്കാള്‍ കോടികള്‍ മുടക്കി നവകേരള തീറ്റ യാത്ര നടത്തി. അതിന് മുടക്കിയ കോടികളുടെ നൂറില്‍ ഒരംശം മുടക്കിയിരുന്നെങ്കില്‍ നാട്ടിന്‍പുറങ്ങളിലും പ്രശ്‌നസാധ്യത മേഖലകളിലും ഒക്കെ സര്‍വൈലന്‍സ് ക്യാമറകള്‍ വയ്ക്കാമായിരുന്നു. എങ്കില്‍ പോലീസിന് ഇങ്ങനെ ഇരുട്ടില്‍ തപ്പേണ്ടി വരില്ലായിരുന്നു. ഇവിടുത്തെ പിഴച്ച സിസ്റ്റത്തിന് വേണ്ടത് ജനങ്ങളുടെ സുരക്ഷ അല്ല, മറിച്ച് ജനങ്ങളെ ഞെക്കി പിഴിഞ്ഞ് പിഴ ഈടാക്കല്‍ മാത്രമാണ്. A1 ക്യാമറകള്‍ കൊണ്ട് അത് മാത്രമാണ് ഗുണം. അല്ലാതെ ജനക്ഷേമം അല്ല

ഈ പൊന്ന് മോളെ കിട്ടാന്‍ കാരണമായത് ഒരു നാട് ഒറ്റക്കെട്ടായി നിന്നത് കൊണ്ടുള്ള കലക്റ്റീവ് എഫര്‍ട്ട് ആണ്. അതാണ് കുറ്റവാളികളെ ഭയപ്പെടുത്തിയത്. പിന്നെ ഗോഡ്‌സ് ഗിഫ്റ്റ് എന്ന് അര്‍ത്ഥം ഉള്ള ജോനാഥന്‍ എന്ന കൂടപിറപ്പും ജനലക്ഷങ്ങളുടെ പ്രാര്‍ത്ഥനയും