അയാളില്‍ സത്യം ഉണ്ടായിരുന്നു, കാണിച്ചു കൂട്ടലുകള്‍ ഇല്ല!! അതാണ് സീസണ്‍ ഫൈവ് = മാരാരിസം

ബിഗ് ബോസ് സീസണ്‍ 5 നൂറ് ദിനങ്ങള്‍ പൂര്‍ത്തിയായ ഷോ അഖില്‍ മാരാര്‍ കിരീടം സ്വന്തമാക്കി അവസാനിച്ചിരിക്കുകയാണ്. 18 മത്സരാര്‍ഥികളുമായി ആരംഭിച്ച് മൂന്ന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി കനത്ത മത്സരം തന്നെയായിരുന്നു നടന്നത്. ആദ്യ…

ബിഗ് ബോസ് സീസണ്‍ 5 നൂറ് ദിനങ്ങള്‍ പൂര്‍ത്തിയായ ഷോ അഖില്‍ മാരാര്‍ കിരീടം സ്വന്തമാക്കി അവസാനിച്ചിരിക്കുകയാണ്. 18 മത്സരാര്‍ഥികളുമായി ആരംഭിച്ച് മൂന്ന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി കനത്ത മത്സരം തന്നെയായിരുന്നു നടന്നത്. ആദ്യ ദിനം മുതല്‍ നൂറാം ദിനം വരെ ആത്മവിശ്വാസം കൈവിടാതെ നിന്ന വ്യക്തിയാണ് അഖില്‍. തുടക്കം മുതല്‍ ആരാധക പിന്തുണയുണ്ടായിരുന്നതും അഖിലിന് തന്നെയാണ്.

സോഷ്യല്‍ മീഡിയ പ്രവചനങ്ങളില്‍ എല്ലാം മുന്‍തൂക്കം അഖില്‍ മാരാര്‍ക്ക് തന്നെയായിരുന്നു. നിരവധി പേരാണ് അഖിലിനെ അഭിനന്ദിക്കുന്നത്. ഇപ്പോഴിതാ മാധ്യമപ്രവര്‍ത്തകയായ അഞ്ജു പാര്‍വതി പ്രബീഷ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

ഇത്തവണ ബിഗ് ബോസ് പതിവായി കാണുന്നില്ലായിരുന്നു. കഴിഞ്ഞ തവണ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരുവള്‍, ലച്ചു Lakshmipriyaa Jai ഉണ്ടായിരുന്നതിനാല്‍ ആവേശത്തോടെ ഷോ കാണുമായിരുന്നു. റോബിന്‍ രാധാകൃഷ്ണന്‍ എന്ന മത്സരാര്‍ത്ഥിയെ ഇഷ്ടവുമായിരുന്നു. എന്നാല്‍ സീസണ്‍ നാല് ഷോയ്ക്ക് ശേഷവും ജീവിതത്തില്‍ ഷോ തുടര്‍ന്ന റോബിന്‍ കാണിച്ചു കൂട്ടിയ കോപ്രായങ്ങള്‍ കണ്ട് കണ്ട് വല്ലാത്ത മടുപ്പ് തോന്നിയിരുന്നു എന്നതാണ് സത്യം. ഇത്തവണത്തെ സീസണ്‍ വന്നപ്പോള്‍ പ്രിയപ്പെട്ട സൗഹൃദമായ Maneesha K S മനീഷ ചേച്ചി ഷോയില്‍ ഉണ്ടായിരുന്നു. എങ്കിലും എന്തോ റെഗുലര്‍ കാഴ്ചക്കാരിയായി ഷോ കാണാന്‍ തോന്നിയിരുന്നില്ല എന്നതാണ് സത്യം.

ഏകദേശം അമ്പത് ദിവസങ്ങള്‍ ആയപ്പോള്‍ തന്നെ മനസ്സിലായി അഖില്‍ എന്ന മത്സരാര്‍ത്ഥിയുടെ റേഞ്ച്. സോഷ്യല്‍ മീഡിയയിലെ അഖിലിനെ, അഖിലിന്റെ വാക് ചാതുരിയെ, അയാള്‍ മറയില്ലാതെ വിളിച്ചു പറയുന്ന സത്യങ്ങളെ എന്നും ഇഷ്ടം ആയിരുന്നു. ഒരിക്കല്‍ അഖില്‍ പങ്കെടുത്ത ഒരു ചാനല്‍ ഷോയില്‍ പാനലിസ്റ്റ് ആവുകയും ചെയ്തിരുന്നു. എങ്കിലും ബിഗ്ബോസില്‍ ചെന്ന ഗെയിമര്‍ അഖിലില്‍ നിന്നും ചിലപ്പോഴൊക്കെ വന്ന ചില വാചകങ്ങള്‍ വല്ലായ്മ ഉണ്ടാക്കിയിരുന്നു. പിന്നെ ആ ഷോയില്‍ ഹരിശ്ചന്ദ്രന്‍ ആവാന്‍ ഒന്നും അല്ലല്ലോ ആളുകള്‍ പോകുന്നത്.

ബാക്കിയുള്ളവരെ ബഹുദൂരം പിന്നിലാക്കി ജൈത്രയാത്ര തുടര്‍ന്ന അഖിലില്‍ ആദ്യ ദിവസം മുതല്‍ മാറാതെ കണ്ട ഒരു ക്വാളിറ്റിയുണ്ട് -ആത്മവിശ്വാസം. അയാള്‍ക്ക് അയാളുടെ കഴിവില്‍, ഗെയിമില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടായിരുന്നു. അയാളുടെ സ്വത്വത്തില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടായിരുന്നു. അത് തന്നെയാണ്് PR വര്‍ക്കിന്റെ അകമ്പടി ഇല്ലാതെ വന്ന അഖിലിന്റെ വിജയ രഹസ്യവും..

ബിഗ് ബോസില്‍ വരും മുമ്പ് അഖിലിന്റെ വാക്കുകളെ കീറി മുറിച്ചു, പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് വച്ച് അളന്നു മുറിച്ചു സോഷ്യല്‍ മീഡിയയും യൂ ട്യൂബര്‍മാരും ഒന്നടങ്കം എതിര്‍ത്തിരുന്ന അഖില്‍ കൊട്ടാത്തലയില്‍ നിന്നും അഖില്‍ മാരാര്‍ എന്ന ഇന്നിന്റെ ഹീറോയിലേയ്ക്ക് ഉള്ള ദൂരം ഈസി വാക്ക് ഓവര്‍ ആയിരുന്നില്ല. പക്ഷേ അയാളില്‍ സത്യം ഉണ്ടായിരുന്നു. അയാള്‍ പറഞ്ഞ കാര്യങ്ങളില്‍ സത്യം ഉണ്ടായിരുന്നു. അയാള്‍ നൂറ് ശതമാനവും ഒറിജിനല്‍ ആയിരുന്നു. അതാണ് സീസണ്‍ ഫൈവ് = മാരാരിസം എന്ന ഫോര്‍മുലയില്‍ എത്തിയത്.

നൂറ് ശതമാനവും പെര്‍ഫെക്ട് ഒന്നുമല്ല അഖില്‍ എന്ന വ്യക്തി. ഒരുപാട് നെഗറ്റീവ് shades അയാളില്‍ ഉണ്ട് താനും. പക്ഷേ ബോധിപ്പിക്കലിന്റെ രാഷ്ട്രീയം അയാള്‍ക്ക് വശമില്ല. കാണിച്ചു കൂട്ടലുകള്‍ അയാള്‍ക്ക് ഇല്ല. അത് തന്നെയാണ് അയാളുടെ വ്യക്തിത്വവും. സീസണ്‍ ഫൈവ് വിജയിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്നാണ് അഞ്ജു കുറിച്ചത്.