ദുരിതത്തിന്റെ തീരാപെയ്ത്തില്‍ വീണു പിടഞ്ഞുപ്പോയ പാവം മനുഷ്യന് പെണ്ണാടിന്റെ പിന്നില്‍ പോയി നില്‍ക്കുവാന്‍ തക്ക മൃഗതൃഷ്ണ ഉണ്ടാവില്ല!!

പൃഥ്വിരാജിന്റെ ആടുജീവിതമാണ് സോഷ്യലിടത്ത് നിറയുന്നത്. നിരവധി ചര്‍ച്ചകളാണ് ചിത്രത്തിനെ കുറിച്ച് നിറയുന്നത്. നിരവധി പ്രശംസകള്‍ ഏറ്റുവാങ്ങുന്ന ആടുജീവിതം പൃഥ്വിയുടെ കരിയറിലെ മികച്ച ചിത്രമാണ്. നജീബായി പൃഥ്വി ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷാഭിപ്രായം നിറയുന്നത്. ആലപ്പുഴ ആറാട്ടുപുഴ…

പൃഥ്വിരാജിന്റെ ആടുജീവിതമാണ് സോഷ്യലിടത്ത് നിറയുന്നത്. നിരവധി ചര്‍ച്ചകളാണ് ചിത്രത്തിനെ കുറിച്ച് നിറയുന്നത്. നിരവധി പ്രശംസകള്‍ ഏറ്റുവാങ്ങുന്ന ആടുജീവിതം പൃഥ്വിയുടെ കരിയറിലെ മികച്ച ചിത്രമാണ്. നജീബായി പൃഥ്വി ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷാഭിപ്രായം നിറയുന്നത്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശിയായ ഷുക്കൂര്‍ എന്ന് വിളിപ്പേരുള്ള നജീബിന്റെ ജീവിതമാണ് ആടുജീവിതം. ബെന്യാമിനാണ് നജീബിന്റെ ജീവിതം നോവലാക്കിയത്. ചിത്രം തിയ്യേറ്ററിലെത്തിയതിന് പിന്നാലെ പല പ്രതികരണങ്ങളാണ് നിറയുന്നത്. നോവലിലെ പ്രധാന ഭാഗങ്ങള്‍ ചിത്രത്തില്‍ ഒഴിവാക്കിയതിനെതിരെയും വിമര്‍ശനങ്ങള്‍ നിറയുന്നത്.

മാധ്യമപ്രവര്‍ത്തകയായ അഞ്ജു പ്രബീഷ് നജീബിനെ കുറിച്ച് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. വീണ്ടും വീണ്ടും ഈ മനുഷ്യന്‍ ക്രൂശിക്കപ്പെടുകയാണ്, ഒരുപക്ഷേ അറേബ്യന്‍ മണലാരണ്യത്തില്‍ അന്ന് അനുഭവിച്ചതിന്റെ അതേ അനുപാതത്തില്‍ ഇന്ന് അദ്ദേഹം വീണ്ടും ക്രൂശിക്കപ്പെടുന്നു. നജീബ് ഇല്ലെങ്കില്‍ ബെന്യാമിന്‍ എന്ന സാഹിത്യകാരന്‍ ഇല്ല, അല്ലെങ്കില്‍ ഉണ്ടാവില്ല എന്നതായിരുന്നു സത്യം. ബെന്യാമിന്‍ അല്ലെങ്കില്‍ മറ്റേത് മനുഷ്യന്‍ നജീബിന്റെ കഥ പകര്‍ത്തിയാലും അയാള്‍ എഴുത്തുകാരന്‍ ആവുമായിരുന്നു.

അത്രമേല്‍ സഹനത്തിന്റെയും നോവിന്റെയും ചുട്ടുപ്പൊള്ളുന്ന പീഡന പര്‍വ്വം താണ്ടിയ ഒരു മനുഷ്യന്റെ അനുഭവത്തെ കണ്ടില്ലെന്ന് വയ്ക്കുവാന്‍ മനുഷ്യനായി പിറന്ന ഒരാള്‍ക്ക് കഴിയാത്തിടത്തോളം നജീബിനെ എഴുതിയ ഏതൊരാളും പ്രശസ്തനാവുക തന്നെ ചെയ്‌തേനെ. അത് മാത്രമേ ബെന്യാമിന്‍ എന്ന എഴുത്തുകാരന്റെ ഉദയത്തിന് പിന്നില്‍ സംഭവിച്ചുള്ളൂ ആര്‍ക്കും ഒറ്റ കൃതി കൊണ്ട് എഴുത്തുകാരന്‍ ആവാം. എന്നാല്‍ അയാള്‍ ഒരു സാഹിത്യകാരന്‍ ആവണമെങ്കില്‍ സ്വന്തം ശൈലി രൂപപ്പെടുത്തി എടുത്ത മൂന്നോ നാലോ കൃതികള്‍ എങ്കിലും എഴുതണം, അവ ഒക്കെ ജനകീയമാവുകയും വേണം. എന്നാല്‍ ബെന്യാമിന്‍ സമം ആട് ജീവിതം എന്ന ഒറ്റ കൃതിയില്‍ തീരുന്നു അയാളുടെ പ്രതിഭ.

മരുഭൂവില്‍ നാല് കൊല്ലവും എട്ടു മാസവും നരകയാതനയുടെ ഏകാന്ത തടവിന് വിധിക്കപ്പെട്ട ഒരാള്‍ക്ക് ആകെയുള്ള കൂട്ട് ആടുകള്‍ മാത്രമായിരുന്നു. ഒരുപക്ഷെ മനുഷ്യരൂപം പൂണ്ട അറബാബ് കാണിക്കാതിരുന്ന കരുണ അയാളോട് കാണിച്ചത് മൃഗരൂപം ഉള്ള ആടുകള്‍ മാത്രമായിരുന്നു. അതിനാല്‍ തന്നെ നജീബ് എന്ന മനുഷ്യന് അവ കേവലം മൃഗങ്ങള്‍ ആയിരുന്നില്ല. തനിക്ക് പിറക്കാന്‍ പോകുന്ന മകനെ പോലും ഒരു ആടില്‍ കണ്ട തീര്‍ത്തും നിഷ്‌കളങ്കനായ മനുഷ്യന്‍ അത് ഒക്കെയും കഥാകാരനോട് വിവരിക്കുന്നു. എന്നാല്‍ അതിലും ഒരു മൃഗഭോഗത്തിന്റെ സാധ്യത കണ്ടെത്തുന്നുണ്ട് എഴുത്തുകാരന്‍. അവിടെയാണ് ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍ നജീബ് എന്ന പാവം മനുഷ്യനോട് കാട്ടിയ നെറികേടിന്റെ തുടക്കം. ഹക്കീമിന്റെ മരണവും മരുഭൂമിയിലെ പാമ്പുകളുടെ കൂട്ട വരവും ഒക്കെ അയാളുടെ എഴുത്തുകാരന്റെ ഭാവനസ്വാതന്ത്ര്യം. പക്ഷേ നജീബ് എന്ന വ്യക്തിയെ വരച്ചുകാട്ടുമ്പോള്‍ അവിടെ നൂറ് ശതമാനം സത്യസന്ധത പുലര്‍ത്തേണ്ടത് എഴുത്തുകാരന്റെ ധാര്‍മ്മികത.

ഇന്നിന്റെ സമൂഹം എന്തിലും ഏതിലും, ഒരു മനുഷ്യന്റെ നിസ്സഹായ അവസ്ഥയില്‍ വരെ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് ചികയുന്ന സൈക്കോ ആണെന്ന് പാവം നജീബിന് അറിയില്ല. പക്ഷേ ബെന്യാമിന് അത് അറിയാമല്ലോ. ആ സ്ഥിതിക്ക് താനെന്ന എഴുത്തുകാരന്റെ വെറും ഭാവന മാത്രമായിരുന്ന ആ മൃഗഭോഗം നജീബിന്റെ തലയില്‍ വരാതെ ഇരിക്കുവാന്‍ നോക്കേണ്ടിയിരുന്നത് ബെന്യാമിന്‍ ആയിരുന്നു. ഇന്റര്‍വ്യൂവില്‍ വന്നല്ല അത്തരം ഒരു കാര്യം വിശദീകരിക്കേണ്ടിയിരുന്നത്. ചിത്രത്തില്‍ ഇല്ലാതിരുന്ന ഒരു കാര്യം സിനിമയ്ക്കായി ചിത്രീകരിച്ചുവെന്നും പിന്നീട് അത് വേണ്ടെന്ന് വച്ചുവെന്നും പറയുമ്പോള്‍ ഇത്തരം ഒരു വിഷയം കിട്ടിയാല്‍ നജീബ് ആടിനെ ഭോഗിച്ചത് സിനിമയില്‍ വരാത്തതിന് കാരണം ഇത് എന്ന തമ്പ് നെയില്‍ വച്ച് മനുഷ്യരെ കൊന്നു തിന്നുന്ന യൂട്യൂബ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇടാതിരിക്കുമോ എന്ന് ചിന്തിക്കാതിരിക്കാന്‍ അയാള്‍ക്ക് എന്തേ കഴിഞ്ഞില്ല.

ശരിക്കും ഒരു സോഷ്യല്‍ സ്മാര്‍ത്ത വിചാരണയ്ക്ക് ആ പാവം മനുഷ്യനെ തള്ളിവിടുകയാണ് ബെന്യാമിനും സിനിമക്കാരും ചെയ്തത്. മണലാരണ്യത്തിലെ ദുരിതത്തിന്റെ തീരാപെയ്ത്തില്‍ വീണു പിടഞ്ഞുപ്പോയ ഒരു പാവം മനുഷ്യന് പെണ്ണാടിന്റെ പിന്നില്‍ പോയി നില്‍ക്കുവാന്‍ തക്ക മൃഗതൃഷ്ണ ഉണ്ടാവില്ല എന്ന് മരുഭൂവില്‍ ഇന്നും ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരു അര്‍ത്ഥത്തില്‍ നജീബുമാരായി നീറിപ്പിടയുന്ന ഓരോ പ്രവാസിക്കും അറിയാം. എന്നിട്ടും കേവലം എഴുത്തുകാരന്റെ ഉള്ളിലെ മൃഗതൃഷ്ണ ആട്ടിന്‍ക്കൂട്ടത്തില്‍ സമര്‍ത്ഥമായി പ്രയോഗിച്ച ആ മാര്‍ക്കറ്റിങ് തന്ത്രത്തിന് ഇല്ലാതെ പോയത് empathy എന്ന സാധനമാണ്.

പാവം നജീബ് എന്ന മനുഷ്യന്‍. നോവല്‍ ആയിട്ടും സിനിമ ആയിട്ടും അയാളെ വില്‍പ്പനചരക്ക് ആക്കി കമ്പോളത്തില്‍ വച്ചത് അദ്ദേഹം മാത്രം അറിഞ്ഞിട്ടില്ല. അറേബ്യയിലെ കാട്ടറബി അറബാബ് പോലെ തന്നെ ഇവിടെയും അയാളുടെ ജീവിതം വച്ച് ട്രപ്പീസ് കളിക്കുന്നു സാഹിത്യ ലോകത്തെ അറബാബ്.