വിഷ്ണുവേട്ടന്‍ ധൈര്യം തന്നത് കൊണ്ടാണ് ‘മാലതി’ ആയത്! അനു സിത്താര

മലയാളിത്വം നിറയുന്ന മുഖവുമായി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് അനു സിത്താര. ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് അനു സിത്താര. 2013ല്‍ ഇറങ്ങിയ പൊട്ടാസ് ബോംബിലൂടെയാണ് അനു…

മലയാളിത്വം നിറയുന്ന മുഖവുമായി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് അനു സിത്താര. ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് അനു സിത്താര. 2013ല്‍ ഇറങ്ങിയ പൊട്ടാസ് ബോംബിലൂടെയാണ് അനു മലയാള സിനിമയിലേക്ക് കടന്നുവന്നത്.

അനു സിത്താരയുടെയും ഭര്‍ത്താവ് വിഷ്ണുവിന്റെയും പ്രണയവിവാഹമായിരുന്നു. ഫാഷന്‍ ഫോട്ടോഗ്രാഫറാണ് വിഷ്ണു പ്രസാദ്. നാടക പ്രവര്‍ത്തകനും സര്‍ക്കാര്‍ ജീവനക്കാരനുമായ അബ്ദുള്‍ സലാമിന്റെയും രേണുകയുടെയും മകളാണ് അനു സിതാര. എട്ടാം ക്ലാസ്സ് മുതല്‍ മോഹിനിയാട്ടം അഭ്യസിച്ചു തുടങ്ങിയ അനു സിനിമയിലേക്ക് എത്തിയത് കലോത്സവവേദികളിലൂടെയാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അനു. ലോക്ക്ഡൗണ്‍ കാലത്ത് സ്വന്തമായ യൂട്യൂബ് ചാനല്‍ തുടങ്ങി പ്രേക്ഷകരുമായി തന്റെ സിനിമാ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷ നിമിഷങ്ങളും പങ്കുവെക്കാറുണ്ട്. വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനോടൊപ്പം ആരാധകരുടെ ചോദ്യങ്ങള്‍ക്കും താരം മറുപടി നല്‍കാറുണ്ട്.

ഇപ്പോള്‍ ഭര്‍ത്താവ് തനിയ്ക്ക് നല്‍കുന്ന പിന്തുണയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അനു സിത്താര. തന്റെ ജീവിതത്തില്‍ എല്ലാ നല്ല കാര്യങ്ങളും സംഭവിക്കാന്‍ ഇടയാക്കിയത് വിഷ്ണുവേട്ടനാണെന്നാണ് അനു പറയുന്നത്.

‘രാമന്റെ ഏദന്‍ തോട്ടം’ എന്ന സിനിമ വിഷ്ണുവേട്ടന്‍ ധൈര്യം തന്നതു കൊണ്ടാണ് ഞാനഭിനയിച്ചത്. രഞ്ജിത് ശങ്കര്‍ സര്‍ കഥ പറഞ്ഞപ്പോ വിഷ്ണുവേട്ടനും കൂടെയുണ്ടായിരുന്നു. മാലതിയുടെ വേഷം അനു ചെയ്യാമോ? എന്ന് ചോദിച്ചപ്പോള്‍ ശരിക്കും ടെന്‍ഷനായി. കാരണം അത്രയും പക്വതയുള്ള കഥാപാത്രം അതുവരെ ചെയ്തിട്ടില്ല. എന്റെ ജീവിതവുമായി ഒരു സാമ്യവുമില്ലാത്ത കഥാപാത്രമാണ്. ആകെ ബന്ധമുള്ളത് ഡാന്‍സും കാടും മാത്രമാണെന്നും അനു പറയുന്നു.

പട്ടാസ് ബോംബിനു ശേഷം സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ അനു, ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തിരുന്നു. തുടര്‍ന്ന് ഹാപ്പി വെഡിംഗ്, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, കാമ്പസ് ഡയറി, മറുപടി, അച്ചായന്‍സ്, സര്‍വോപരി പാലക്കാരന്‍, ഒരു കുപ്രസിദ്ധ പയ്യന്‍, അനാര്‍ക്കലി, ക്യാപ്റ്റന്‍ എന്നീ സിനിമകളില്‍ അനു മികച്ച അഭിനയം കാഴ്ചവെച്ചു. തമിഴ് ചിത്രമായ നളന്‍ കരുതി, മലയാള ചലച്ചിത്രം ആന അലറലോടലറല്‍ എന്നിവയാണ് പുതിയ ചിത്രങ്ങള്‍.