നാട്ടുകാരൊക്കെ ഞങ്ങളെ ചീത്ത പറഞ്ഞു ; അനുഭവം പങ്കുവെച്ച് കലാ മാസ്റ്റർ 

തെന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. മറക്കാനാവാത്ത ഒട്ടനവധി ഓര്‍മ്മകള്‍ കലാ മാസ്റ്ററുടെ കരിയറില്‍ ഉണ്ടായിട്ടുണ്ട്. ഇവയില്‍ ചിലത് ആരാധകരുമായി പങ്കുവെക്കുകയാണ് കലാ മാസ്റ്ററിപ്പോള്‍. പൃഥിരാജും പ്രിയാമണിയും ഒരുമിച്ചുള്ള ഒരു ഗാനരംഗം ചെയ്യവെയുണ്ടായ സംഭവത്തെക്കുറിച്ച്‌ കലാ മാസ്റ്റര്‍ സംസാരിച്ചു. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കലാ മാസ്റ്ററിന്റെ  പ്രതികരണം. ഉഡ‍ുപ്പിയിലായിരുന്നു ഷൂട്ടിംഗ്. ലൊക്കേഷനിലേക്ക് ബോട്ടില്‍ കടലില്‍ പോകണം. ഷൂ‌ട്ട് നാലരയ്ക്കുള്ളില്‍ തീര്‍ക്കണം, തിരയടിക്കുന്നതിനാല്‍ വളരെ റിസ്കായിരിക്കുമെന്ന് ബോട്ടിന്റെ ഡ്രെെവര്‍ പറഞ്ഞിരുന്നു. എന്നാല്‍ മാനേജര്‍ ഇക്കാര്യം എന്നോട് പറഞ്ഞില്ല. പൃഥിരാജിന്റെയും പ്രിയാമണിയുടെയും ഗാന രംഗം അഞ്ച് മണിക്കാണ് ഷൂ‌ട്ട് ചെയ്ത് പാക്കപ്പായത്. ബോട്ടില്‍ കയറിയപ്പോള്‍ ബോ‌ട്ട് ഓ‌ടിക്കുന്നയാള്‍ കന്നഡത്തില്‍ വഴക്ക് പറയുന്നുണ്ട്. നൂറ്റിഇരുപതു പേർ ബോട്ടിലുണ്ട്. ബോ‌ട്ട് തിരയില്‍ പെട്ട് ഇളകി മറയുന്നു. അപ്പുറത്തുള്ള ആളുകള്‍ എന്ത് സംഭവിക്കുമെന്ന് കരുതി പേടിച്ച്‌ നോക്കി നില്‍ക്കുന്നു. ഇന്നത്തോടെ കഥ തീര്‍ന്നു എന്ന് കരുതി. എല്ലാവരും നിലവിളിക്കുന്നു. എങ്ങനെയൊക്കെയോ ബോട്ട് നിയന്ത്രിച്ച്‌ കരയിലെത്തിച്ചു. നാട്ടുകാരൊക്കെ ഞങ്ങളെ ചീത്ത പറഞ്ഞു. അത്രയും വലിയ എന്ത് പടമാണ് നിങ്ങളെടുക്കുന്നതെന്ന് രോഷാകുലരായ നാട്ടുകാര്‍ ചോദിച്ചെന്നും കലാ മാസ്റ്റര്‍ ഓര്‍ത്തു. ന‌ടി സിമ്രാനെക്കുറിച്ചും കലാ മാസ്റ്റര്‍ സംസാരിച്ചു. സിമ്രാന്റെ ആദ്യ സിനിമയില്‍ കൊറിയോഗ്രാഫ് ചെയ്തത് ഞാനാണ്. മലയാള ചിത്രം ഇന്ദ്രപ്രസ്ഥം. മനോഹരമായ ഗാനമായിരുന്നു അത്. ഡല്‍ഹിയിലാണ് ഷൂട്ടിംഗ്. പുതുമുഖമായിട്ടും ആദ്യ ഷോട്ടില്‍ സിമ്രാന്റെ സ്റ്റെെല്‍ കണ്ട് ഞാൻ അത്ഭുതപ്പെട്ടെന്നും കലാ മാസ്റ്റര്‍ ഓര്‍ത്തു. ഇന്ദ്രപ്രസ്ഥത്തത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ മറ്റൊരു അനുഭവവും കലാ മാസ്റ്റര്‍ പങ്കുവെച്ചു. മറ്റൊരു ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് ബസിലാണ് പോവുകയെന്ന് കരുതി സിമ്രാൻ മേക്കപ്പ് മാറ്റി. ചെറിയ കുട്ടിയാണ്. ഒന്നും അറിയില്ല. ലൊക്കേഷനിലെത്തി മൂന്ന് ബിജിഎമ്മിന്റെ ഷോട്ടുകള്‍ എടുക്കണം. അഞ്ച് മണിക്കാണ് എത്തിയത്. ആറ് മണിക്ക് ഷൂട്ട് തീര്‍ക്കണം. ഷൂ‌ട്ട് ചെയ്യാൻ നോക്കുമ്പോള്‍ സിമ്രാന് മേക്കപ്പില്ല. ഡയറക്ടര്‍ ടെൻഷനായി. ഒരു മണിക്കൂറിനുള്ളില്‍ മേക്കപ്പിട്ട് മൂന്ന് ഷോട്ടുകളും വളരെ പെ‌ട്ടെന്ന് എടുത്തെന്നും കലാ മാസ്റ്റര്‍ വ്യക്തമാക്കി. കലാ മാസ്റ്ററൊരുക്കുന്ന ഗാനരംഗങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗല്‍ഭരായ നടീനടൻമാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും കലാ മാസ്റ്റര്‍ക്ക് കഴിഞ്ഞു. പല താരങ്ങളുമായും അ‌ടുത്ത സൗഹൃദം കലാ മാസ്റ്റര്‍ക്കുണ്ട്.

നടി മീനയുടെ ജീവിതത്തിലെ പ്രതിസന്ധി നാളുകളില്‍ ന‌ടിക്കൊപ്പം നിന്ന് ആശ്വാസിപ്പിച്ച കലാ മാസ്റ്ററെ ഏവരും പ്രശംസിച്ചു. മീനയ്ക്ക് പുറമെ ഖുശ്ബു, രംഭ,  നയൻതാര, തൃഷ, തുടങ്ങി പുതിയ കാലഘട്ടത്തിലെയും പഴയ കാലത്തെയും നായിക ന‌‌ടിമാരുമായി കലാ മാസ്റ്റര്‍ക്ക് അടുത്ത സൗഹൃദമുണ്ട്. എന്നിരുന്നാലും നടി രംഭയുമായി അടുത്ത സൗഹൃദമാണ് കലാ മാസ്റ്റർ പുലർത്തുന്നത്. നടി രംഭയെക്കുറിച്ചും കലാ മാസ്റ്റര്‍ സംസാരിച്ചു. വളരെ നല്ല സുഹൃത്താണ് രംഭയെന്ന് കലാ മാസ്റ്റര്‍ പറയുന്നു. ഞാൻ വിദേശത്ത് പോയാല്‍ അവളുടെ വീട്ടില്‍ പോകാറുണ്ട്. രംഭ നാട്ടിലെത്തിയാല്‍ ആദ്യം കാണാൻ വരുന്നത് എന്നെയാണ്. എന്നെ കണ്ട ശേഷമേ മറ്റുള്ളവരെ കാണൂ. കല്യാണക്കാര്യം ആദ്യം എന്നോടാണ് പറഞ്ഞത്. മൂന്ന് കുഞ്ഞുങ്ങളെയും ഗര്‍ഭിണിയായപ്പോള്‍ ആദ്യം എന്നെ അറിയിച്ചു. മൂന്നാമത്ത കു‍ഞ്ഞിന് വളകാപ്പ് ചടങ്ങ് നടത്തിയത് ഞാനാണ്. അവളുടെ ഭര്‍ത്താവ് വളരെ നല്ല വ്യക്തിയാണെന്നും കലാ മാസ്റ്റര്‍ വ്യക്തമാക്കി. അതേ സമയം ചന്ദ്രമുഖി 2 വാണ് കാലാ മാസ്റ്റര്‍ ‍ഡാൻസ് കൊറിയോഗ്രഫി ചെയ്ത പുതിയ സിനിമ. കങ്കണ റണൗത്ത് നായികയായ ചിത്രം സംവിധാനം ചെയ്തത് പി വാസുവാണ്. സിനിമയുടെ ഒന്നാം ഭാഗത്തിനും കൊറിയോഗ്രഫി ചെയ്തത് കലാ മാസ്റ്ററാണ്. തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്കാരവും അന്ന് കലാ മാസ്റ്റര്‍ക്ക് ലഭിച്ചു. ചന്ദ്രമുഖിയിലെ രണ്ട് ഭാഗങ്ങളിലും നായികയായത് ക്ലാസിക്കല്‍ ‍ഡാൻസ് അറിയാത്തവരാണ്. ആദ്യ ഭാഗത്തില്‍ ജ്യോതികയെക്കൊണ്ട് മികച്ച രീതിയില്‍ കലാ മാസ്റ്റര്‍ ഡാൻസ് ചെയ്യിച്ചു. രണ്ടാം ഭാഗത്തില്‍ കങ്കണ റണാവത്തിന്റെ  ‍ഡാൻസിനെക്കുറിച്ച്‌ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്