‘ചാവേറി’ലെ ദേവിയായി മലയാളികളുടെ ‘ശ്യാമള’ വീണ്ടും എത്തുന്നു! തിരിച്ചുവരിൽ ശക്തമായ കഥാപാത്രം

മലയാളികളുടെ മനസ്സിൽ അന്നും ഇന്നും എന്നും എപ്പോഴും ചിന്താവിഷ്ടയായ ശ്യാമളയാണ് നടി സംഗീത. അത്രമാത്രം ആ കഥാപാത്രം സിനിമാപ്രേമികൾ നെഞ്ചോടുചേർത്തുവെച്ചിട്ടുണ്ട്. സിനിമാലോകത്ത് ബാലതാരമായെത്തി നായികയായി ഉയർന്ന താരം ഇടക്കാലത്തുവെച്ച് സിനിമയിൽ സജീവമല്ലാതായത് സിനിമാലോകത്തിന് തന്നെ…

മലയാളികളുടെ മനസ്സിൽ അന്നും ഇന്നും എന്നും എപ്പോഴും ചിന്താവിഷ്ടയായ ശ്യാമളയാണ് നടി സംഗീത. അത്രമാത്രം ആ കഥാപാത്രം സിനിമാപ്രേമികൾ നെഞ്ചോടുചേർത്തുവെച്ചിട്ടുണ്ട്. സിനിമാലോകത്ത് ബാലതാരമായെത്തി നായികയായി ഉയർന്ന താരം ഇടക്കാലത്തുവെച്ച് സിനിമയിൽ സജീവമല്ലാതായത് സിനിമാലോകത്തിന് തന്നെ തീരാനഷ്ടമായിരുന്നു. ഇപ്പോഴിതാ നീണ്ട 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘ചാവേറി’ലൂടെ ദേവി എന്ന ശക്തമായ കഥാപാത്രമായി സംഗീത വീണ്ടുമെത്തുകയാണ്. സംഗീതയുടെ ക്യാരക്ടർ പോസ്റ്റർ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ചോരയുടെ മണമുള്ള കഥയും കഥാപാത്രങ്ങളുമായി ഒരു ട്രാവൽ ത്രില്ലറായാണ് ‘ചാവേർ’ തിയേറ്ററുകളിലെത്താനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലർ ഇതിനകം 4 മില്യണിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. ആദ്യ രണ്ട് സിനിമകളും വൻ ഹിറ്റുകളാക്കി മാറ്റിയ സംവിധായകൻ ടിനു പാപ്പച്ചൻറെ മൂന്നാമത് ചിത്രമായെത്തുന്ന ‘ചാവേറി’നായി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നതുമാണ് ട്രെയിലർ. ദേവിയായുള്ള സംഗീതയുടെ വേറിട്ട വേഷപ്പകർച്ചയും ട്രെയിലറിൽ കാണാനാവും.

കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആൻറണി വ‍ർഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയിൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന സംഭവങ്ങളുമൊക്കെയാണ് പ്രമേയമാക്കിയിരിക്കുന്നതെന്നാണ് ട്രെയിലറിൽ നിന്ന് ലഭിച്ചിരിക്കുന്ന സൂചനകൾ. കണ്ണൂർ പശ്ചാത്തലമാക്കിക്കൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യുവിൻറെ തിരക്കഥയിലാണ് ടിനു പാപ്പച്ചൻ സിനിമ ഒരുക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റായ ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’, ‘അജഗജാന്തരം’ സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രമായതിനാൽ തന്നെ ‘ചാവേർ’ തിയേറ്ററുകളിൽ തന്നെ കാണാൻ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സിനിമയാണ്.

ഒട്ടേറെ നിഗൂഢതകളും ഉദ്വേഗ ജനകമായ കഥാ മുഹൂർത്തങ്ങളും ത്രില്ലും സസ്പെൻസുമൊക്കെ നിറച്ചുകൊണ്ടെത്തുന്ന ചിത്രമായിരിക്കുമെന്നാണ് ഇതിനകം പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററും ടീസറും ഫസ്റ്റ്‍ ലുക്കും മോഷൻ പോസ്റ്ററും റിലീസ് അനൗൺസ്മെൻറ് പോസ്റ്ററും ക്യാരക്ടർ പോസ്റ്ററുകളുമൊക്കെ നൽകുന്ന സൂചന. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഛായാഗ്രഹണം: ജിൻറോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ്‌ ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഡിജിറ്റൽ പി ആർ അനൂപ് സുന്ദരൻ, ഡിസൈൻസ്‌: മക്ഗുഫിൻ, പി.ആർ.ഓ: ഹെയിൻസ്, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാൻറ്.