മിഷന്‍ ചാപ്റ്റര്‍-1’നെ സ്വീകരിച്ചതിന് നന്ദി!!! രണ്ടു മാസമായി അനുഭവിക്കുന്ന വേദനയെ മറക്കാനായി-അരുണ്‍ വിജയ്

കോളിവുഡിലെ ശ്രദ്ധേയനായ യുവതാരമാണ് അരുണ്‍ വിജയ്. ‘മിഷന്‍ ചാപ്റ്റര്‍-1’ ല്‍ ശ്രദ്ധേയമായ വേഷത്തില്‍ അരുണ്‍ എത്തിയിട്ടുണ്ട്. പൊങ്കല്‍ റിലീസായെത്തിയ ചിത്രം തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ‘മിഷന്‍ ചാപ്റ്റര്‍-1’ ഷൂട്ടിങിനിടെ താരം പരിക്കേറ്റ് വിശ്രമത്തിലാണ്. അതേസമയം, ചിത്രത്തിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ആരാധകര്‍ക്ക് നന്ദിയറിയിക്കുകയാണ് താരം.

വേദനകളെല്ലാം മിഷന്‍ ചാപ്റ്റര്‍-1ന് പ്രേക്ഷകര്‍ നല്‍കിയ വിജയത്തില്‍ മറക്കുകയാണെന്ന് അരുണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് അനങ്ങാന്‍ കഴിയാതെ സ്ട്രെച്ചറില്‍ കൊണ്ടു പോകുന്ന താരത്തെ ഡോക്ടമാര്‍ പരിചരിക്കുന്നതും ഫിസിയോ തെറാപ്പി ചെയ്യുന്നതിന്റെയും ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്.

‘ഒന്നിലേറെ ഒടിവുകളും ലിഗമെന്റ് പ്രശ്നങ്ങളും കാരണം കഴിഞ്ഞ രണ്ടു മാസം അനുഭവിച്ച വേദന മിഷന്‍-ചാപ്റ്റര്‍ 1ന് നിങ്ങള്‍ നല്‍കിയ വിജയത്തിലൂടെ മറക്കാന്‍ സഹായിച്ചു. ജോലിയില്‍ ഉടന്‍ തിരികെയെത്താന്‍ നിങ്ങളുടെ ഈ സ്നേഹം എന്നെ നിര്‍ബന്ധിതനാക്കുന്നു. എല്ലാവര്‍ക്കും നന്ദി’- എന്നാണ് അരുണ്‍ വിജയ് കുറിച്ചത്.

വിശ്രമത്തിലായിരുന്നെങ്കിലും ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയിലെല്ലാം താരം പങ്കെടുത്തിരുന്നു. ഡ്യൂപ്പില്ലാതെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അരുണിന് പരിക്കേറ്റത്. കൈകാര്യം ചെയ്യുന്ന നടനാണ് അരുണ്‍ വിജയ്. അത്തരത്തില്‍ ഒരു സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. എഎല്‍ വിജയ് ആണ് മിഷന്‍ ചാപ്റ്റര്‍ 1 ന്റെ സംവിധാനം ചെയ്തിരിക്കുന്നത്. എമി ജാക്സണ്‍, നിമിഷാ സജയന്‍, അബി ഹസന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.