തന്റെ അടുത്ത ചിത്രത്തിലേക്ക് ആദ്യം പരിഗണിക്കുക നടന് ഷൈന്‍ ടോം ചാക്കോയെയാണെന്ന് സംവിധായകന് ബി. ഉണ്ണികൃഷ്ണന്. കൃത്യനിഷ്ഠയും ഉത്തരവാദിത്തവുമുള്ള നടനാണ് ഷൈന്‍ എന്നും ഇനി സിനിമയെടുക്കുമ്പോള്‍ ഷൈനിനെ ആദ്യം പരിഗണിക്കുമെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു.
വി.കെ. പ്രകാശ് ചിത്രം ‘ലൈവി’ന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു
സംവിധായകന്. ഷെയിന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും സിനിമാ സംഘടന വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് ബി ഉണ്ണികൃഷ്ണന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
‘ഞാന്‍ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ കാസ്റ്റിങിലെ ആദ്യത്തെ പേര് ഷൈന്‍ ടോം ചാക്കോയുടേതായിരിക്കും. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത് ഞാന്‍ അത്രത്തോളം ആസ്വദിച്ചിട്ടുണ്ട്. നിരവധി ഊഹാപോഹങ്ങള്‍ ഇപ്പോള്‍ അന്തരീക്ഷത്തിലുണ്ട്. ഒരു അഭിനേതാവെന്ന നിലയില്‍ 100 ശതമാനം കൃത്യനിഷ്ഠയും, ഉത്തരവാദിത്തബോധവും ഉള്ള ആളാണ് ഷൈന്‍ ടോം ചാക്കോ’ എന്നാണ് ബി. ഉണ്ണികൃഷ്ണന് പറഞ്ഞത്.
സൗബിന് ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, മംമ്ത മോഹന്‍ദാസ്, പ്രിയ വാര്യര്‍ എന്നിവരാണ് ലൈവില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. വ്യാജ വാര്‍ത്തകള്‍ക്കെതിരെയുള്ള പോരാട്ടമാണ് ലൈവ് പറയുന്നത്.