തന്റെ കൈയ്യില്‍ നിന്ന് സമ്മാനം വാങ്ങുന്ന ഈ പയ്യന്‍ ഇപ്പോള്‍ സംസാര വിഷയമാണ്!! മിനിറ്റുകള്‍ക്കുള്ളില്‍ താരത്തിനെ കണ്ടെത്തി ആരാധകലോകം

മലയാള സിനിമയിലെ സകലകലാവല്ലഭനാണ് ബാലചന്ദ്ര മേനോന്‍. നടനായും സംവിധായകനായും തിരക്കഥാകൃത്തായും സിനിമാ ലോകത്ത് തന്റേതായ കൈയ്യൊപ്പ് ചാര്‍ത്തിയ താരമാണ് ബാലചന്ദ്ര മേനോന്‍. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് വൈറലാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്റര്‍ കോളജിയേറ്റ്…

മലയാള സിനിമയിലെ സകലകലാവല്ലഭനാണ് ബാലചന്ദ്ര മേനോന്‍. നടനായും സംവിധായകനായും തിരക്കഥാകൃത്തായും സിനിമാ ലോകത്ത് തന്റേതായ കൈയ്യൊപ്പ് ചാര്‍ത്തിയ താരമാണ് ബാലചന്ദ്ര മേനോന്‍. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് വൈറലാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്റര്‍ കോളജിയേറ്റ് നാടക മത്സരത്തില്‍ മത്സര വിജയിക്ക് താന്‍ ട്രോഫി സമ്മാനിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ബാലചന്ദ്ര മേനോന്‍ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി.

പുരസ്‌കാരം സമ്മാനിച്ചത് താന്‍ ഓര്‍ക്കുന്നില്ലെന്നും എന്നാല്‍ പുരസ്‌കാരം വാങ്ങുന്ന പയ്യന്‍ ഇപ്പോള്‍ ഒരു താരമാണെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. പണ്ട് പണ്ടൊരിക്കല്‍ ബാലചന്ദ്ര മേനോന്‍ ആയ ഞാന്‍ ഒരു ഇന്റര്‍ കോളജിയേറ്റ് നാടക മത്സരത്തില്‍ മുഖ്യാതിഥി ആയി പങ്കെടുത്തു പോലും. തീര്‍ന്നില്ലാ, ആ മത്സരത്തിലെ വിജയിക്ക് ഒന്നാം സ്ഥാനക്കാരനുള്ള ട്രോഫി സമ്മാനിച്ചു പോലും.

അമ്മയാണേ സത്യം ഈ നിമിഷങ്ങള്‍ ഒന്നും ഞാന്‍ ഇപ്പോള്‍ ഓര്‍മിക്കുന്നില്ല. എന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങുന്ന വിദ്യാര്‍ഥി ഇന്ന് അറിയപ്പെടുന്ന ഒരു കലാകാരനാണ് പോലും. അതേ, സിനിമയില്‍ തന്നെ. ഒന്നു മാത്രം നിങ്ങള്‍ക്കൊപ്പം പങ്കിടാന്‍ സന്തോഷമുണ്ട്. ഇപ്പോള്‍ ‘ഇതിയാന്‍’ സംസാര വിഷയമാണെന്ന്. പിടി കിട്ടിയോ? ഇല്ലെങ്കില്‍ ഉത്തരം നാളെ ഇവിടെ, ഇതേ നേരം പ്രതീക്ഷിക്കുക,’ ബാലചന്ദ്ര മേനോന്‍ കുറിച്ചു.

ബാലചന്ദ്രമേനോന്റെ കുറിപ്പ് വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ബ്ലെസിയാണ് ആ മിടുക്കനെന്ന് ആരാധകര്‍ കണ്ടെത്തി കഴിഞ്ഞു. ബ്ലെസി തന്നെയാണ് ബാലചന്ദ്രമേനോന്‍ പരിചയപ്പെടുത്തിയ ആ വിജയിയും.

‘താങ്കള്‍ പരിചയപ്പെടുത്തിയ ആരും മോശക്കാരല്ല. താങ്കളുടെ അനുഗ്രഹാശിസ്സുകളോടെ വന്നവരാരും മോശമായിട്ടില്ല. അതൊരു വലിയ ഈശ്വരാനുഗ്രഹമാണ്’, എന്നൊക്കെയാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. നിരവധി താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് ബാലചന്ദ്ര മേനോന്‍. ശോഭന, നന്ദിനി, പാര്‍വതി തുടങ്ങിയവരെല്ലാം ബാലചന്ദ്ര മേനോന്‍ പരിചയപ്പെടുത്തിയ നായികമാരാണ്.

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസിയൊരുക്കിയ ആടുജീവിതം ബോക്‌സോഫീസില്‍ റെക്കോര്‍ഡിട്ട് കുതിയ്ക്കുകയാണ്. മലയാളത്തില്‍ അതിവേഗം 50 കോടി ക്ലബിലെത്തിയ ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം നോവലാണ് ബ്ലെസി സിനിമയാക്കിയിരിക്കുന്നത്.