‘ആടുജീവിതം’ വിലക്കി ഗള്‍ഫ്!! ഒരു രാജ്യത്ത് മാത്രം പ്രദര്‍ശനാനുമതി

ആരാധകലോകം വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. തിയ്യേറ്ററിലെത്താന്‍ 4 ദിനങ്ങളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. ചിത്രത്തിന്റെ പ്രീബുക്കിങും ആരംഭിച്ചു കഴിഞ്ഞു. ബെന്യാമിന്റെ ആടുജീവിതം നോവലാണ് ബ്ലെസി സ്‌ക്രീനിലെത്തിക്കുന്നത്. നജീബായുള്ള പൃഥ്വിയുടെ പകര്‍ന്നാട്ടം കാണാന്‍ കാത്തിരിപ്പിലാണ്…

ആരാധകലോകം വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. തിയ്യേറ്ററിലെത്താന്‍ 4 ദിനങ്ങളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. ചിത്രത്തിന്റെ പ്രീബുക്കിങും ആരംഭിച്ചു കഴിഞ്ഞു. ബെന്യാമിന്റെ ആടുജീവിതം നോവലാണ് ബ്ലെസി സ്‌ക്രീനിലെത്തിക്കുന്നത്. നജീബായുള്ള പൃഥ്വിയുടെ പകര്‍ന്നാട്ടം കാണാന്‍ കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ആരാധകര്‍.

അതേസമയം, ചിത്രത്തിന്റെ റീലീസുമായി ബന്ധപ്പെട്ട് ആരാധകരെ വിഷമത്തിലാക്കിയിരിക്കുകയാണ് ഒരു റിപ്പോര്‍ട്ട്. ആടുജീവിതം സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയില്‍ മാത്രമാണ് സിനിമയ്ക്ക് പ്രദര്‍ശനാനുമതിയുള്ളത്.

സിനിമ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ടെങ്കിലും മലയാളം പതിപ്പിന് മാത്രമാണ് യുഎഇ പ്രദര്‍ശനാനുമതി നല്‍കിയിട്ടുള്ളത്. നൂണ്‍ഷോയോട് കൂടിയാണ് യുഎഇയില്‍ എല്ലായിടത്തും ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിക്കുന്നത്.

ജോലിക്കായി സൗദി അറേബ്യയിലെത്തി മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോകുന്ന നജീബിന്റെ ദുരിത ജീവിതവും അതിജീവനവുമാണ് ചിത്രം. ബെന്യാമിന്‍ ബഹ്റൈനില്‍ പ്രവാസിയായിരുന്ന കാലത്ത് നജീബില്‍ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങളാണ് 2008ല്‍ നോവലായി പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷിലടക്കം ഒട്ടേറെ ഭാഷകളില്‍ പുസ്തകം വിവര്‍ത്തനം ചെയ്തിരുന്നു. ബുക്കിനും ഗള്‍ഫ് രാജ്യങ്ങളില്‍ നോവലിനും വിലക്കുണ്ടായിരുന്നു. മലയാളത്തില്‍ ഏറ്റവും അധികം വായനക്കാരുണ്ടായ നോവലാണ് ആടുജീവിതം.