15 മിനിറ്റ് കാണാന്‍ ഒരു ലക്ഷം, മണിക്കൂറിന് അഞ്ച് ലക്ഷം!! ചാരിറ്റി അല്ല ചെയ്യുന്നതെന്ന് അനുരാഗ് കശ്യപ്

ബോളിവുഡിലെ ശ്രദ്ധേയനായ സംവിധായകനാണ് അനുരാഗ് കശ്യപ്. നിരവധി ഹിറ്റുകളൊരുക്കിയ ആരാധകരേറെയുള്ള സംവിധായകനാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇനി തന്നെ കാണാന്‍ വരുന്നവരില്‍ നിന്നും പണം ഈടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് താരം. പുതുമുഖങ്ങളെ സഹായിക്കാന്‍…

ബോളിവുഡിലെ ശ്രദ്ധേയനായ സംവിധായകനാണ് അനുരാഗ് കശ്യപ്. നിരവധി ഹിറ്റുകളൊരുക്കിയ ആരാധകരേറെയുള്ള സംവിധായകനാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇനി തന്നെ കാണാന്‍ വരുന്നവരില്‍ നിന്നും പണം ഈടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് താരം.

പുതുമുഖങ്ങളെ സഹായിക്കാന്‍ ശ്രമിച്ച് തന്റെ സമയം നഷ്ടമായെന്ന് സംവിധായകന്‍ പറയുന്നു. നിലവാരം കുറഞ്ഞ ആളുകള്‍ക്ക് വേണ്ടി സമയം മാറ്റിവെച്ച് മടുത്തു. ചാരിറ്റി പ്രവര്‍ത്തനമല്ല താന്‍ നടത്തുന്നതെന്നും സംവിധായകന്‍ പറയുന്നു.

‘നവാഗതരെ സഹായിക്കാന്‍ ഞാന്‍ ഒരുപാട് സമയം പാഴാക്കി, പല ശ്രമങ്ങളും വിഫലമായിരുന്നു. അതുകൊണ്ട് ഇനി മുതല്‍ സ്വയം സര്‍ഗാത്മക പ്രതിഭകളാണെന്ന് കരുതുന്ന ആളുകള്‍ക്കായി സമയം പാഴാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ എന്നെക്കാണുന്നതിന് ഇനി മുതല്‍ ഫീസ് ഈടാക്കും. 10-15 മിനിറ്റ് എന്നെ കണ്ടു സംസാരിക്കുന്നതിനു ഒരു ലക്ഷം രൂപയാണ് ഞാന്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നത്, അര മണിക്കൂറിന് രണ്ട് ലക്ഷവും ഒരു മണിക്കൂറിന് അഞ്ച് ലക്ഷം രൂപയുമായിരിക്കും എന്റെ ഫീസ്. ആളുകളെ കാണുന്നതിന് സമയം വെറുതെ കളഞ്ഞ് ഞാന്‍ മടുത്തു. എന്റെ ഫീസ് നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയുമെങ്കില്‍ എന്നെ വിളിക്കുക അല്ലെങ്കില്‍ ഈ വിഡ്ഢിത്തത്തിന് മുതിരരുത്. എനിക്കുള്ള ഫീസ് നിങ്ങള്‍ മുന്‍കൂറായി ഒടുക്കേണ്ടിവരും.

ഈ എഴുതിയത് തന്നെയാണ് ഞാന്‍ അര്‍ഥമാക്കുന്നത്. എനിക്ക് മെസേജ് അയക്കുകയോ വിളിക്കുകയോ ചെയ്യരുത്. നിങ്ങള്‍ക്ക് എന്റെ വിലപ്പെട്ട സമയം തരണമെങ്കില്‍ പണം നല്‍കുക. ഞാന്‍ ചാരിറ്റി അല്ല ചെയ്യുന്നത്. കുറുക്കുവഴികള്‍ തേടുന്ന ആളുകളെ സ്വീകരിച്ച് എനിക്ക് മടുത്തു’ എന്നാണ് സംവിധായകന്‍ പങ്കുവച്ചത്.

അനുരാഗ് കശ്യപിന്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്. താരത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് നിറയുന്നത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘റൈഫിള്‍ ക്ലബ്ബ്’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നടനായി അരങ്ങേറ്റം കുറിയ്ക്കാനിരിക്കുകയാണ് താരം.