
ബിഗ് ബോസ് മലയാളം സീസൺ 8-ൽ സീക്രട്ട് റൂമിൽ നിന്നും ശക്തമായ തിരിച്ചുവരവ് നടത്തി അഞ്ജലിയും മൃദുലയും. ഹൗസിലേക്ക് വീണ്ടും പ്രവേശിച്ചതിന് പിന്നാലെ തന്റെ ഗെയിം പ്ലാൻ പൂർണ്ണമായും മാറ്റിപ്പിടിച്ച അഞ്ജലി, സഹമത്സരാർത്ഥിയായ നോബിയുടെയും എൽദോയുടെയും കാപട്യങ്ങൾ ഓരോന്നായി തുറന്നുകാട്ടുന്ന കാഴ്ചയാണ് പുതിയ എപ്പിസോഡുകളിൽ കാണാനാകുന്നത്.
ബിഗ് ബോസ് നൽകിയ പ്രത്യേക ദൗത്യത്തിന്റെ ഭാഗമായാണ് അഞ്ജലി നോബിയുടെ സ്വാർത്ഥ തന്ത്രങ്ങളും ഇരട്ടത്താപ്പുകളും മറ്റ് മത്സരാർത്ഥികൾക്ക് മുന്നിൽ എക്സ്പോസ് ചെയ്തത്. മൃദുല പുറത്തായപ്പോൾ ആദ്യഘട്ടത്തിൽ സങ്കടം നടിക്കുകയും എന്നാൽ വളരെ പെട്ടെന്ന് തന്നെ മറ്റ് ഗ്രൂപ്പുകളുമായി ചേർന്ന് പുതിയ കളികൾ മെത്തുകയും ചെയ്ത നോബിയുടെ രീതികളെ അഞ്ജലി കണക്കിന് വിമർശിച്ചു. മുൻപ് ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പുറകിൽ നിന്ന് മോശമായി സംസാരിക്കുന്ന നോബിയുടെ തനിനിറം വ്യക്തമായതോടെ സഹമത്സരാർത്ഥികളും അമ്പരപ്പിലായി.
മറ്റ് മത്സരാർത്ഥികളായ എൽദോയുടെയും മറ്റ് ചിലരുടെ കളികളിലെ പാളിച്ചകളും വൈരുദ്ധ്യങ്ങളും അഞ്ജലി പരസ്യമായി ചോദ്യം ചെയ്തു. സീക്രട്ട് റൂമിലിരുന്ന് ഹൗസിലെ മുഴുവൻ പേരുടെയും തന്ത്രങ്ങൾ പഠിച്ചെത്തിയ അഞ്ജലിയുടെ ഈ പുതിയ അഗ്രസ്സീവ് ഗെയിം മോഡ് ബിഗ് ബോസ് ഹൗസിലെ സമവാക്യങ്ങൾ പൂർണ്ണമായും മാറ്റിമറിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ മോഹൻലാൽ എത്തുന്ന വീക്കെൻഡ് എപ്പിസോഡിൽ ഈ സംഭവവികാസങ്ങൾ എങ്ങനെയൊക്കെ പ്രതിഫലിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.












