സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കും നെഗറ്റീവ് കമന്റുകൾക്കുമെതിരെ പ്രതികരിച്ച് ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ. പ്രത്യേകിച്ച് റെഡ്ഡിറ്റ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ വ്യക്തിത്വം മറച്ചുവെച്ച് തന്നെ വിമർശിക്കുന്നവർക്കെതിരെയാണ് ദിയ രംഗത്തെത്തിയത്. ക്യാമറയ്ക്ക് മുന്നിൽ വന്ന് കാര്യങ്ങൾ തുറന്നുപറയാൻ തനിക്ക് ധൈര്യമുണ്ടെന്നും എന്നാൽ നേരിൽ കണ്ടാൽ മുഖത്തുനോക്കി സംസാരിക്കാൻ വിമർശകർക്ക് കഴിയില്ലെന്നും ദിയ പറഞ്ഞു.
യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ജീവിതത്തിൽ ഒരുപാട് പേരുടെ യഥാർഥ സ്വഭാവം തിരിച്ചറിയാൻ സോഷ്യൽ മീഡിയ കാലം സഹായിച്ചിട്ടുണ്ടെന്നും ദിയ പറയുന്നു. സ്കൂൾ കാലം മുതൽ ഒപ്പം നടക്കുകയും യാത്രകളിൽ കൂട്ടുണ്ടാകുകയും ചെയ്തിരുന്ന പലരും പ്രതിസന്ധി ഘട്ടങ്ങളിൽ എതിരായി മാറുന്നത് വേദനാജനകമായ അനുഭവമാണെന്നും ദിയ കൂട്ടിച്ചേർത്തു.
റെഡ്ഡിറ്റ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പ്രവണത തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്നും ദിയ പറഞ്ഞു. നന്നായി ജീവിക്കുകയും ജീവിതത്തിൽ വിജയിക്കുകയും ചെയ്യുന്നവരെക്കുറിച്ച് അനാവശ്യമായി സംസാരിക്കുന്നതിന് പകരം ഓരോരുത്തരും സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും താരം അഭിപ്രായപ്പെട്ടു.
അഭിപ്രായസ്വാതന്ത്ര്യം പ്രധാനമാണെങ്കിലും വ്യത്യസ്തമായ അഭിപ്രായങ്ങളെ അംഗീകരിക്കാൻ പലരും തയ്യാറാകുന്നില്ലെന്നും ദിയ ചൂണ്ടിക്കാട്ടി. എതിർക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കാൻ ശ്രമിക്കുന്നതും ഒരാളുടെ വാക്കുകൾ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് തെറ്റായ തലക്കെട്ടുകളോടെ പ്രചരിപ്പിക്കുന്നതും വർധിച്ചുവരികയാണെന്നും താരം വിമർശിച്ചു. നേരിട്ട് സംസാരിക്കാൻ മടിക്കുന്നവരാണ് പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും ദിയ പറഞ്ഞു. മറ്റുള്ളവരുടെ ജീവിതത്തിൽ അനാവശ്യമായി ഇടപെടാതെ സ്വന്തം ജീവിതത്തിന് പ്രാധാന്യം നൽകുന്നതാണ് ഏറ്റവും നല്ലതെന്നും വീഡിയോയിലൂടെ ദിയ വ്യക്തമാക്കി.
