ഓപ്പറേഷൻ സിന്ദൂർ സിനിമയാകുന്നു; അയോധ്യയിൽ പൂജാച്ചടങ്ങുകളോടെ തുടക്കം, സംവിധാനം അർജുൻ സർജ

ഓപ്പറേഷൻ സിന്ദൂർ സിനിമയാകുന്നു; അയോധ്യയിൽ പൂജാച്ചടങ്ങുകളോടെ തുടക്കം, സംവിധാനം അർജുൻ സർജ

പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂറും പ്രമേയമാക്കി ബഹുഭാഷാ ചിത്രം ഒരുങ്ങുന്നു. ആക്ഷൻ കിങ് അർജുൻ സർജ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അയോധ്യയിലെ ശ്രീരാമജന്മഭൂമി തീർഥക്ഷേത്രത്തിൽ നടന്ന പൂജാച്ചടങ്ങുകളോടെയാണ് തുടക്കമായത്. പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹനാണ് ചിത്രം നിർമിക്കുന്നത്. വിരമിച്ച കരസേനാ ഉദ്യോഗസ്ഥനായ മേജർ വിജയ് ഭാർഗവയാണ് തിരക്കഥ ഒരുക്കുന്നത്.

രാജ്യത്തിന്റെ ധൈര്യത്തിന്റെയും വീര്യത്തിന്റെയും അതിജീവനശേഷിയുടെയും കഥ പറയുന്ന ചിത്രമാണിതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ശ്രീരാമജന്മഭൂമി തീർഥക്ഷേത്രത്തിൽ പൂജാച്ചടങ്ങുകൾ നടക്കുന്ന ആദ്യ ഇന്ത്യൻ സിനിമയാണിതെന്നും ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ സുപ്രധാന നിമിഷമാണിതെന്നും അണിയറപ്രവർത്തകർ അവകാശപ്പെട്ടു. സംവിധായകൻ അർജുൻ സർജയും ഭാര്യ നിവേദിത അർജുനും ചടങ്ങിൽ പങ്കെടുത്തു. വിവിധ മേഖലകളിലെ പ്രമുഖരും വിശിഷ്ട വ്യക്തികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

സാധാരണ വാണിജ്യ സിനിമകളുടെ പരിധികൾക്കപ്പുറം ദേശീയ പ്രാധാന്യമുള്ള ഒരു ചലച്ചിത്രാനുഭവം ഒരുക്കാനാണ് അണിയറപ്രവർത്തകരുടെ ലക്ഷ്യം. ആക്ഷൻ സിനിമകളിലെ അർജുൻ സർജയുടെ അനുഭവസമ്പത്തും വലിയ ക്യാൻവാസിൽ സിനിമ ഒരുക്കാനുള്ള നിർമാതാവ് അനൂപ് മോഹന്റെ താൽപര്യവും ചിത്രത്തിന് കരുത്താകുമെന്നാണ് പ്രതീക്ഷ. ദൃശ്യഭംഗി, വൈകാരികത, ആധികാരികത എന്നിവയ്ക്ക് ഒരുപോലെ പ്രാധാന്യം നൽകിയായിരിക്കും സിനിമ ഒരുക്കുക.

രാജ്യത്തിന്റെ സമീപകാല ചരിത്രത്തിലെ നിർണായക സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പഹൽഗാമിലെ ഭീകരാക്രമണവും അതിന് പിന്നാലെയുണ്ടായ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ശക്തമായ ദൃശ്യഭാഷയിൽ അവതരിപ്പിക്കാനാണ് ശ്രമം. സൈനികജീവിതത്തിന്റെ യാഥാർഥ്യങ്ങളും ത്യാഗങ്ങളും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട അനുഭവങ്ങളും അടുത്തറിയുന്ന മേജർ വിജയ് ഭാർഗവയുടെ തിരക്കഥ ചിത്രത്തിന് കൂടുതൽ ആധികാരികത നൽകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

ഹിന്ദിയിൽ ചിത്രീകരിക്കുന്ന സിനിമ ഒമ്പത് ഭാഷകളിലായി പ്രേക്ഷകരിലേക്കെത്തും. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രത്യേക പ്രഖ്യാപനത്തിലൂടെ ഉടൻ പേര് വെളിപ്പെടുത്തുമെന്നും അണിയറപ്രവർത്തകർ സൂചിപ്പിച്ചിട്ടുണ്ട്.വരും മാസങ്ങളിൽ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. ഇന്ത്യയുടെ 81-ാമത് സ്വാതന്ത്ര്യദിനമായ 2027 ഓഗസ്റ്റ് 15-ന് ചിത്രം തിയേറ്ററുകളിൽ വൻ റിലീസായി എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.