‘ഞാന്‍ തല്ലിപ്പൊളിച്ച ആ ക്യാമറ അന്ന് തന്നെ അവന്‍ സ്റ്റേഷനില്‍ നിന്ന് വാങ്ങിക്കൊണ്ടുപോയി,ആ ക്യാമറയുമായി അന്നുമുതല്‍ വര്‍ക്കും ചെയ്യുന്നുണ്ട്’ -ബിനു അടിമാലി

കഴിഞ്ഞ ദിവസമാണ് നടന്‍ ബിനു അടിമാലിയ്‌ക്കെതിരെ മുന്‍ സോഷ്യല്‍ മീഡിയ മാനേജരായ ജിനേഷ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. അന്തരിച്ച മിമിക്രി താരം സുധിയുടെ വീട്ടില്‍ വീല്‍ച്ചെയറില്‍ പോയത് സിംപതി കിട്ടാനായിരുന്നു എന്നാണ് ജിനേഷ് ആരോപിച്ചത്.…

കഴിഞ്ഞ ദിവസമാണ് നടന്‍ ബിനു അടിമാലിയ്‌ക്കെതിരെ മുന്‍ സോഷ്യല്‍ മീഡിയ മാനേജരായ ജിനേഷ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. അന്തരിച്ച മിമിക്രി താരം സുധിയുടെ വീട്ടില്‍ വീല്‍ച്ചെയറില്‍ പോയത് സിംപതി കിട്ടാനായിരുന്നു എന്നാണ് ജിനേഷ് ആരോപിച്ചത്. മാത്രമല്ല തന്നെ ആക്രമിക്കുകയും ക്യാമറ തകര്‍ക്കുകയും ചെയ്‌തെന്നും ജിനേഷ് ആരോപിച്ചിരുന്നു.

ഇപ്പോഴിതാ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ബിനു അടിമാലി. ജിനേഷിനെ താന്‍ ഒരിക്കല്‍ പോലും ഉപദ്രവിച്ചിട്ടില്ലെന്ന് ബിനു പറയുന്നു. അന്നം തരുന്ന ക്യാമറ തല്ലിപ്പൊട്ടിക്കില്ല. ബിനു തന്നെ റിയാലിറ്റി ഷോയുടെ ലൊക്കേഷനില്‍ വിളിച്ചു വരുത്തി ക്യാമറ തല്ലിത്തകര്‍ക്കുകയും മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിക്കുകയും ചെയ്തുവെന്നായിരുന്നു ജിനേഷിന്റെ ആരോപണം.

അന്തരിച്ച മിമിക്രി താരം സുധിയുടെ വീട്ടില്‍ പോയത് ജിനേഷ് പറഞ്ഞിട്ടാണെന്നും അതിന്റെ വീഡിയോ എടുത്തു പ്രചരിപ്പിക്കരുതെന്ന് താന്‍ പറഞ്ഞിട്ടും ജിനേഷ് വീഡിയോ യൂട്യൂബ് ചാനലില്‍ ഇടുകയായിരുന്നുവെന്നും ബിനു പറയുന്നു. ജിനേഷിന് ഗൂഗിള്‍ പേ വഴി പണം നല്‍കിയതിന്റെ തെളിവ് ഉള്‍പ്പടെയാണ് ബിനു മറുപടി നല്‍കിയത്.

പണ്ടു മുതലേ കൂടെയുള്ള കൂട്ടുകാരോടൊപ്പമാണ് ഞാന്‍ ഇന്നും മിമിക്രി ചെയ്യുന്നത്. കൂടുതല്‍ സ്റ്റേജുകളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നു എന്ന് കരുതി ഇതുവരെ എന്റെ സ്വഭാവത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. എനിക്കെതിരെ രംഗത്ത് വന്നിട്ടുള്ള വ്യക്തി പല ചാനലിലും പല തരത്തിലാണ് പറയുന്നത്.

ഈ വാര്‍ത്തകള്‍ ഒന്നും ഞാന്‍ നേരിട്ടു കേള്‍ക്കാന്‍ പോയില്ല, കാരണം കേട്ടാല്‍ ഞാന്‍ തകര്‍ന്നു പോകും. ഇതൊന്നും ഞാന്‍ ചെയ്ത കാര്യമല്ല. ഒരു റിയാലിറ്റി ഷോയുടെ സ്റ്റേജില്‍ വച്ചാണ് ആ വ്യക്തിയെ ആദ്യമായി കാണുന്നത്. ബിനു ചേട്ടന് സോഷ്യല്‍ മീഡിയ പേജിലൊന്നും ഫോട്ടോ ഇടാന്‍ അറിയില്ലല്ലോ. അത് നമുക്ക് ചെയ്യാം എന്ന്. കക്ഷി ഒരു ഫൊട്ടോഗ്രഫര്‍ ആണ്.

നമുക്ക് ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു, അദ്ദേഹത്തിന് ഫോട്ടോ ഇടാന്‍ റീച്ച് ഉള്ള ഒരു പേജ് വേണം. പിന്നീട് എന്നോടു ചോദിച്ചു, ”ചേട്ടന്‍ ഈ പേജ് കൊടുക്കുന്നുണ്ടോ?”. എന്തിനാണ് ഞാന്‍ എന്റെ പേജ് കൊടുക്കുന്നത്. ഇല്ല, കൊടുക്കുന്നില്ലെന്നു പറഞ്ഞു. അദ്ദേഹം പല പ്രാവശ്യം ഇതുതന്നെ ചോദിച്ചെന്നും ബിനു പറയുന്നു.

പലപ്പോഴായി ഈ വ്യക്തി തന്റെ കൈയ്യില്‍ നിന്നു പണം കടം വാങ്ങിയതിന്റെ തെളിവു ബിനു പുറത്തുവിട്ടു. തെളിവുകള്‍ തന്റെ ഫോണില്‍ ഉണ്ട്. തിരിച്ചു തന്നിട്ടില്ല, തന്നെങ്കില്‍ അതിന്റെ തെളിവും ഫോണില്‍ ഉണ്ടായേനെ. പെട്ടെന്ന് വിളിച്ച് പണം വേണമെന്ന് പറയുമ്പോള്‍ അതൊക്കെ അയച്ചു കൊടുക്കാറുണ്ട്.

ഒരിക്കല്‍ പാലായില്‍ ബേക്കറി ഉദ്ഘാടനത്തിന് ഇയാള്‍ വിളിച്ചിട്ട് പോയിരുന്നു, ബേക്കറി അയാളുടെ തന്നെയാണെന്നു പറഞ്ഞാണ് വിളിച്ചത്. പിന്നീടാണ് അറിഞ്ഞത് ബേക്കറിക്കാരുമായി ഇയാള്‍ക്ക് ടൈ അപ്പ് ഉണ്ടെന്ന്. അവരുടെ കൈയ്യില്‍ നിന്ന് പണം വാങ്ങിയിരുന്നോ എന്നൊന്നും അറിയില്ല.

എന്റെ പേജില്‍ പരസ്യം ഇട്ടാല്‍ പണം കിട്ടും, പക്ഷേ പരസ്യം കൊടുക്കുന്നവരുടെ കയ്യില്‍നിന്നു പണം വാങ്ങുന്നുണ്ടോ എന്നൊന്നും ഞാന്‍ അറിയില്ല. സുധിയുടെ വീട്ടില്‍ പോയില്ലെങ്കില്‍ നമ്മുടെ മാര്‍ക്കറ്റിങ്ങിനെ അത് ബാധിക്കുമെന്ന് എന്നോടു പറഞ്ഞു വിഡിയോ എടുത്ത് നമ്മുടെ പേജില്‍ ഇടണമെന്നും അയാള്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു, ”അങ്ങനെ ഒരു വരുമാനം നമുക്ക് വേണ്ട”.

ഞാന്‍ ഇരിക്കേണ്ട സീറ്റില്‍ അവന്‍ ഇരുന്നിട്ട് എനിക്ക് പകരക്കാരനായി മരിച്ചു പോയ കൂട്ടുകാരനാണ് സുധി. ഇതൊന്നും ഇട്ടു വരുമാനം ഉണ്ടാക്കേണ്ട ആവശ്യം എനിക്കില്ല. എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഒരു സംഭവമാണ് സുധിയുടെ മരണം. അവന്‍ കൂടെ വന്ന് അതിന്റെ മുഴുവന്‍ വീഡിയോ എടുത്തിട്ട് മറ്റൊരു ചാനലില്‍ ഇട്ടു. ഇത് അഷറഫ് കോട്ടപ്പുറം എന്ന സുഹൃത്താണ് അത് കാണിച്ചു തന്നത്. ഞാന്‍ ജിനീഷിനെ വിളിച്ചപ്പോള്‍ ജിനീഷ് പറഞ്ഞു, ഇത് അഷറഫ് ചെയ്തതാണ് എന്ന്.

സോഷ്യല്‍ മീഡിയയില്‍ എന്തുമാത്രം നെഗറ്റീവ് കമന്റാണ് വരുന്നത്. എന്റെ വീട് വില്‍ക്കാന്‍ ഇട്ടിരിക്കുകയാണ്. ഇപ്പോള്‍ താമസിക്കുന്നത് വാടകയ്ക്കാണ്. എന്റെ മകള്‍ നിത്യരോഗി ആണ്. ഞാനും കൂടി നില്‍ക്കുമ്പോഴാണ് പാലാരിവട്ടം സ്റ്റേഷനില്‍ തന്നെ തല്ലി എന്ന പരാതിയുമായി ഇയാള്‍ വരുന്നത്. എസ്ഐ സാര്‍ ചോദിച്ചു മെഡിക്കല്‍ റിപ്പോര്‍ട്ട് തരൂ എന്ന്. പറഞ്ഞു വാങ്ങിയ ഒരു വേദന സംഹാരി അല്ലാതെ ഒന്നും കാണിക്കാന്‍ അയാള്‍ക്ക് ഉണ്ടായിരുന്നില്ല.

ഞാന്‍ അടിച്ചതിന്റെ തെളിവോ പാടുകളോ ഒന്നും കാണിക്കാന്‍ ഇല്ല, ക്യാമറ തല്ലിപ്പൊളിച്ചു എന്നാണ് മറ്റൊരു ആരോപണം. ക്യാമറയുടെ മുന്നില്‍ നിന്ന് ജോലി ചെയ്തു അരി വാങ്ങുന്നവന്‍ ആണ് ഞാന്‍. ആ ക്യാമറയെ ഞാന്‍ ഒരിക്കലും തകര്‍ക്കില്ല. ഞാന്‍ അത് ചെയ്തിട്ടില്ല. തല്ലിപ്പൊളിച്ചു എന്ന് പറഞ്ഞ ക്യാമറ തന്നെ, അരി വാങ്ങാന്‍ ഉള്ളതാണ് എന്നു പറഞ്ഞിട്ട് അന്നുതന്നെ അവന്‍ സ്റ്റേഷനില്‍ നിന്നു വാങ്ങിക്കൊണ്ടുപോയി.
ആ ക്യാമറയുമായി അവന്‍ അന്നുമുതല്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. ഇതാണ് സംഭവിച്ചത്. ഒന്‍പത് ലക്ഷം രൂപ അയാള്‍ക്കു കൊടുക്കണം എന്നാണ് എന്നോട് പറയുന്നത്. അത് കൊടുക്കാന്‍ എനിക്ക് നിവൃത്തിയില്ല.

മകള്‍ തീരാദുഃഖമാണ്, മകള്‍ക്ക് സുഖമില്ല. ആ മകളുടെ തലയില്‍ കൈവച്ച് ഞാന്‍ പറയുകയാണ്, ജിനീഷ് എന്ന വ്യക്തിയെ ഞാന്‍ തല്ലിയിട്ടില്ല, അവന്റെ ക്യാമറ ഞാന്‍ തല്ലിപ്പൊളിച്ചിട്ടും ഇല്ല. എന്റെ ഈ ആയുസ്സ് എന്റെ മക്കള്‍ക്ക് വേണ്ടിയുള്ളതാണ് അവളെ തൊട്ട് ഞാന്‍ കള്ളം പറയില്ല, അതിനപ്പുറത്ത് എനിക്കൊരു സത്യം ഇല്ല. യൂട്യൂബില്‍ നിന്ന് എന്തെങ്കിലും വരുമാനം കിട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ ഷെയര്‍ കൊടുത്തിട്ടുണ്ട് വര്‍ക്കിന് പോകുമ്പോള്‍ ഉള്ള ചെലവെല്ലാം കൊടുത്തിട്ടുണ്ട്. ഇതാണ് തനിക്ക് പറയാനുള്ളതെന്നും ബിനു പറയുന്നു.