‘മധുര മനോഹര മോഹം’ കാണാൻ ബ്ലെസി എത്തി, സന്തോഷം കൊണ്ട് തുള്ളിച്ചാടി സംവിധായിക!

കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മധുര മനോഹര മോഹം. ഇക്കഴിഞ്ഞ ജൂൺ 16ന് റിലീസ് ആയ ചിത്രം മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മധുര മനോഹര മോഹം കാണാൻ കഴിഞ്ഞ ദിവസം സംവിധായകൻ ബ്ലെസിയും എത്തിയിരുന്നു. ബ്ലെസി സംവിധാനത്തിൽ ഓരുങ്ങുന്ന ആടുജീവിതം എന്ന സിനിമയിൽ സ്റ്റെഫി സേവ്യർ ആയിരുന്നു കോസ്റ്റ്യൂം ഡിസൈനർ.

സിനിമ കണ്ടിറങ്ങിയ ബ്ലെസി തന്റെ സഹപ്രവർത്തക കൂടിയായ സ്റ്റെഫി സേവ്യറിനെ അഭിനന്ദിക്കാൻ മറന്നില്ല. ‘സ്റ്റെഫിയെ പോലുള്ള ഒരാളുടെ ആദ്യ സിനിമ എന്ന രീതിയിൽ ചിന്തിക്കുമ്പോൾ എനിക്ക് വളരെ അഭിനന്ദനാർഹമാണ് ഇതെന്ന് തോന്നിയെന്നും ലളിതം മനോഹരം അങ്ങനെയാണ് എനിക്ക് പറയാനുള്ളത്. ഏറ്റവും ഭംഗിയായി ഈ സിനിമ ചെയ്തു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.’ എന്നാണ് ബ്ലെസി പറഞ്ഞിരിക്കുന്നത്.

തന്റെ സിനിമയെ കുറിച്ച് ബ്ലസി ഈ അഭിപ്രായം പറയുമ്പോൾ നിറഞ്ഞ ചിരിയോടെ സ്റ്റെഫി അടുത്തു തന്നെ നിൽപ്പുണ്ടായിരുന്നു. ഹാപ്പി അല്ലേയെന്ന് മാധ്യമപ്രവർത്തകർ ചോദിക്കുമ്പോൾ ചിരിച്ചുകൊണ്ട് തുള്ളിച്ചാടി പോകുന്ന സ്റ്റെഫിയെയും വീഡിയോയിൽ കാണാൻ കഴിയും. രജിഷ വിജയൻ, സൈജു കുറുപ്പ്, ഷറഫുദ്ധീൻ, തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയത്‌.