അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി കൈകോര്‍ത്ത മലയാളികള്‍; സംഭവം സിനിമയാകുന്നു

റിയാദില്‍ തടവില്‍ കഴിയുന്ന അബ്ദുല്‍ റഹീമിനെ ദയാധനം നല്‍കി മോചിപ്പിക്കുന്നതിന് നല്‍കിയ ഹര്‍ജി ക്രിമിനല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. ദയാധനം നല്കാന്‍ തയ്യാറാണെന്ന് റഹീമിന്റെ അഭിഭാഷകന്‍ കോടതിയെ രേഖാമൂലം അറിയിച്ചു. എത്രയും പെട്ടെന്ന് അബ്ദുല്‍…

റിയാദില്‍ തടവില്‍ കഴിയുന്ന അബ്ദുല്‍ റഹീമിനെ ദയാധനം നല്‍കി മോചിപ്പിക്കുന്നതിന് നല്‍കിയ ഹര്‍ജി ക്രിമിനല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. ദയാധനം നല്കാന്‍ തയ്യാറാണെന്ന് റഹീമിന്റെ അഭിഭാഷകന്‍ കോടതിയെ രേഖാമൂലം അറിയിച്ചു. എത്രയും പെട്ടെന്ന് അബ്ദുല്‍ റഹീമിന്റെ മോചനം നടക്കാന്‍ കാത്തിരിക്കുകയാണ് ഓരോ മലയാളിയും. ഇപ്പോഴിതാ അബ്ദുല്‍ റഹീമിന്റെ മോചനത്തിന് പണം കണ്ടെത്താന്‍ നടത്തിയ യാചകയാത്രയും അബ്ദുല്‍ റഹീമിന്റെ ജീവിതവും സിനിമ ആക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചിരിക്കുകയാണ്.

മലയാളികളുടെ നന്മ ലോകത്തിന് മുന്നിലേക്ക് എത്തിക്കുന്നതിനാണ് സിനിമ നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ബ്ലസിയുമായി സിനിമയെ കുറിച്ച് സംസാരിച്ചു. പോസറ്റീവ് മറുപടിയാണ് ലഭിച്ചത്. ചിത്രത്തെ ബിസിനസ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല. സിനിമയില്‍ നിന്നും ലഭിക്കുന്ന ലാഭം ബോച്ചേ ചാരിറ്റബള്‍ ട്രസ്റ്റിന്റെ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് തീരുമാനമെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.

കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുല്‍ റഹീം കഴിഞ്ഞ 18 വര്‍ഷമായി സൗദിയില്‍ ജയിലില്‍ കഴിയുകയാണ്. 15 വയസുള്ള സൗദി പൗരന്‍ അനസ് അല്‍ശഹ്രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുല്‍ റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്. 2006 ഡിസംബറിലായിരുന്നു സംഭവം. ഭിന്നശേഷിക്കാരനായ കുട്ടി കാറില്‍ വച്ച് അസ്വസ്ഥത കാണിച്ചപ്പോള്‍ സഹായത്തിനെത്തിയ അബ്ദുല്‍റഹീമിന്റെ കൈതട്ടി കഴുത്തില്‍ ഘടിപ്പിച്ചിരുന്ന ജീവന്‍രക്ഷാ ഉപകരണം നിലച്ചുപോയി. ഇതാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. 34 കോടി രൂപ മോചന ദ്രവ്യം നല്‍കിയാല്‍ വധ ശിക്ഷയില്‍ നിന്ന് രക്ഷ നേടാമെന്ന് കുടുംബം അറിയിച്ചതോടെയാണ് മലയാളികളൊന്നാകെ അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി കൈകോര്‍ത്തതും പണം സമാഹരിച്ചതും.