ബോചെ യാചകനായപ്പോൾ കിട്ടിയത് 34 കോടി; ഇതാണ് യഥാർത്ഥ കേരളസ്റ്റോറിയെന്ന് മലയാളികൾ

ഫാൻസിനേക്കാളും വിമർശകരും ഹേറ്റേഴ്സും ഉള്ള വ്യകതി ആണ് ബോചെ എന്ന് വിളിക്കുന്ന ബോബി ചെമ്മണ്ണൂർ. ബോചെയെ  പുച്ഛിച്ചവരും വിമർശിച്ചവരുമായിരുന്നു ഏറെയും. ഭാഷയും വേഷവുമൊക്കെ കണ്ട് മലയാളികൾ നെറ്റിചുളിച്ചു. ആഭാസനെന്നും ധനാഢ്യനായ കോമാളിയെന്നും വിളിച്ചു.  തന്നെ…

ഫാൻസിനേക്കാളും വിമർശകരും ഹേറ്റേഴ്സും ഉള്ള വ്യകതി ആണ് ബോചെ എന്ന് വിളിക്കുന്ന ബോബി ചെമ്മണ്ണൂർ. ബോചെയെ  പുച്ഛിച്ചവരും വിമർശിച്ചവരുമായിരുന്നു ഏറെയും. ഭാഷയും വേഷവുമൊക്കെ കണ്ട് മലയാളികൾ നെറ്റിചുളിച്ചു. ആഭാസനെന്നും ധനാഢ്യനായ കോമാളിയെന്നും വിളിച്ചു.  തന്നെ കളിയാക്കിയ ഭൂരിഭാഗത്തിന്റെയും ഇടയിൽ ഇന്ന് ബോബി ചെമ്മണ്ണൂർ മനുഷ്വത്വത്തിന്റെ പ്രതീകമാണ്. എത്രകണ്ട് ഹേറ്റേഴ്‌സ് ഉണ്ടെങ്കിലും ഇന്നലെ സോഷ്യൽ മീഡിയ ഭരിച്ചത് , അല്ലെങ്കിൽ മലയാളകിയകൾ ഏറ്റെടുത്ത താരം ബോചെ ആയിരുന്നു. മുൻപ് വിമർശിച്ചവരുടെയും കളിയാക്കിയവരുടെയും മുന്നിൽ ഇന്നു ബോചെ ഹീറോയാണ്. നിരപരാധിയായ ഒരാളെ തൂക്കുകയറിൽ നിന്നും രക്ഷിക്കാൻ  സ്വന്തം  കൈയിൽ നിന്നും ഒരു കോടി രൂപ കൊടുക്കുകയും ബാക്കി മുപ്പത്തി മൂന്നു കൊടിക്കുവേണ്ടി യാചകവേഷം കെട്ടി മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടി 34 കോടി രൂപ അടയ്‌ക്കേണ്ടതിനു നാല് ദിവസം മുന്നേ മുപ്പത്തിനാല് കോടി നാൽപ്പത്തി അഞ്ചു ലക്ഷത്തി നാൽപ്പത്തി ആറായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ടു രൂപ സമാഹരിച്ചു ദി റിയൽ കേരളാ സ്റ്റോറിയിലെ ഹീറോയായി, ചരിത്ര സംഭവമായി മാറിയിരിക്കുകയാണ്.

വെറുപ്പിന്റെ കടയിൽ സ്നേഹം വിൽക്കുന്ന യഥാർത്ഥ കച്ചവടക്കാരനായി മാറിയിരിക്കുകയാണ്.  ഒരു പക്ഷെ ബൊച്ചേ  മുന്നിട്ടിറിങ്ങിയില്ലായിരുന്നുവെങ്കിൽ അബ്ദുൽ റഹീം ജീവനോടെ തിരിച്ചു വരില്ലായിരുന്നു . റഹീമിന്റെ ഉമ്മയുടെ മുഖത്തു ഒരിക്കലുമൊരു ചിരി വിടാറില്ലായിരുന്നു. മലയാളികൾ കട്ടകയ്ക്ക് നിന്നതു കൊണടാണ് തന്റെ യാത്ര ലക്‌ഷ്യം കണ്ടതെന്നാണ് ബൊച്ചേ  പറയുന്നത്. മാത്രമല്ല മലയാളികൾ കൂടെയുണ്ടാകുമെന്ന ഉറപ്പു തനിക്കുണ്ടായിരുന്നുവെന്നും ബോചെ പറയുന്നു. നടൻ ടോവിനോ തോമസും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്‌സുമൊക്കെ ബോചെയ്ക്ക് പിന്തുണയുമായെത്തിയിരുന്നു.  കുട്ടികളടക്കം ലക്ഷക്കണക്കിനാളുകളാണ് തങ്ങളാൽ കഴിയും വിധം പണം നൽകിയത്. അതിലൊരാൾ ബൊച്ചെയുടെ അമ്മയായിരുന്നു.  ബൊച്ചെയുടെ അമ്മയും ഒരുലക്ഷം രൂപ ഫണ്ടിലേക്ക് നൽകി.

ഏപ്രിൽ എട്ടിനാണ്  അബ്ദുൾ റഹീം ലീഗൽ അസിസ്റ്റൻസ് കമ്മിറ്റി ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് ഉദാരമായി സംഭാവന നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബൊചെ ഫാൻസ് മെമ്പേഴ്സിനോടൊപ്പം മോചനദ്രവ്യം സമാഹരിക്കുന്നതിനായി  തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുൻപിൽ നിന്ന് ബോചെ യാചക യാത്ര ആരംഭിച്ചത് . തുടർന്ന് കാസർഗോഡ് വരെയുള്ള എല്ലാ ജില്ലകളിലെയും പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, കോളേജുകൾ, തെരുവോരങ്ങള്‍ തുടങ്ങിയ എല്ലാ പൊതു ഇടങ്ങളിലും ജനങ്ങളോട് യാചിക്കാന്‍ ബോചെ നേരിട്ട് എത്തി. സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിരപരാധിയായ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന്റെ വധശിക്ഷ റദ്ദാക്കാന്‍ ഏപ്രില്‍ 16 ന് മുന്‍പ് ആണ്  34 കോടി രൂപ മോചനദ്രവ്യം നല്‍കേണ്ടത്. 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് നൽകും. 15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുൽ  റഹീമിന് കോടതി വധശിക്ഷ വിധിച്ചത്. ഡ്രൈവർ ജോലിക്കായാണ് അബ്ദുൽ റഹീം റിയാദിലെത്തുന്നത്. എന്നാൽ ഡ്രൈവിംഗിനൊപ്പം ചലനശേഷിയില്ലാത്ത അനസിൻ്റെ പരിചരണമായിരുന്നു റഹീമിൻ്റെ പ്രധാന ചുമതല. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്. അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് വാഹനത്തിൽ പോകുന്നതിനിടെ ട്രാഫിക് സിഗ്നൽ ലംഘിച്ച് പോകണമെന്ന അനസിൻ്റെ ആവശ്യം നിരസിച്ചതിൻ്റെ പേരിൽ റഹീമുമായി വഴക്കായി. കാര്യം പറഞ്ഞു മനസിലാക്കാൻശ്രമിച്ചപ്പോഴെല്ലാം അനസ് റഹീമിൻ്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്ദുൽ റഹീമിൻ്റെ കൈ അബദ്ധത്തിൽ അനസിൻ്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി. ഇതോടെയാണ് റഹീമിനെതിരെ കുടുംബം തിരിയുന്നത്.  പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.

അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. ഏറെക്കാലത്തെ അപേക്ഷയ്ക്ക് ശേഷമാണ് 15 മില്യൺ റിയാൽ അതായത്  34 കോടി രൂപ ബ്ലഡ് മണിയായി നൽകിയാൽ അബ്ദുറഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്. പതിനെട്ട് വർഷത്തിനിടെ കുടുംബാംഗങ്ങൾക്ക് ആർക്കും അബ്ദുൽ റഹീമിനെ കാണാനോ സംസാരിക്കാനോ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. എന്തായാലും ആ കുടുംബത്തിന്റെ കണ്ണീരിനും കൂടിയാണ് അവസാനമായത്. ഇന്നലെ രാത്രി റഹീമിന്റെ ഫറോക്കിലെ വീട്ടിലെത്തി ബോബി ചെമ്മണ്ണൂർ. നാട്ടിലെത്തുന്ന അബ്ദു റഹീമിനായി ഒരു കടയിട്ട് നൽകുമെന്നും ബോച്ചെ ഉമ്മ ഫാത്തിമയെ സാക്ഷിയാക്കി പ്രഖ്യാപിച്ചു. ആദ്യം റഹീമിനെ തന്റെ റോൾസ് റോയ്സ് കാറിന്റെ ഡ്രൈവറാക്കാനാണ് വിചാരിച്ചിരുന്നത്. എന്നാൽ രക്ഷപ്പെടുത്തിയ ആളെ കഷ്ടപ്പെടുത്താതെ സംരക്ഷിക്കണമെന്ന നിർദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഈ തീരുമാനത്തിലെത്തിയതെന്നും ബോബി പറഞ്ഞു. അബ്ദുൾ റഹീമിനെയും  കുടുംബത്തെയും രക്ഷിക്കാനായി 34 കോടി രൂപ സ്വരൂപിക്കാൻ മുന്നിട്ടിറങ്ങിയ ബോച്ചെയ്ക്ക് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്.