ബ്രോ ഡാഡി തെലുങ്കിലേക്ക്…!! അച്ഛനും മകനുമായി ഇവര്‍!

ലൂസിഫര്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം വീണ്ടും മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ച ചിത്രമായിരുന്നു ബ്രോഡാഡി. ചിത്രത്തിന്റെ സംവിധായകനായും മോഹന്‍ലാലിന്റെ മകനായും പൃഥ്വിരാജ് ഈ സിനിമയില്‍ എത്തി. ഒ.ടി.ടി റിലീസ് ആയി പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഒരു അച്ഛന്റെയും മകന്റേയും അസാധാരണമായ ആത്മബന്ധത്തിന്റെ കഥ പറഞ്ഞ സിനിമ ഇപ്പോഴിതാ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

 

ഒരു പ്രമുഖ മാധ്യമമാണ് ഇതേ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വിട്ടത്. തെലുങ്ക് പതിപ്പില്‍ മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും വേഷത്തില്‍ അച്ഛനും മകനുമായി എത്തുന്നത് വെങ്കിടേഷും റാണാ ദഗ്ഗുബതിയും ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്, അതേസമയം, ഈ വിവരത്തെ കുറിച്ച് ബ്രോ ഡാഡിയുടെ അണിയറ പ്രവര്‍ത്തകരൊന്നും ഔദ്യോഗികമായി വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഒരു കുടുംബ-പ്രണയ ചിത്രമായി പുറത്തിറങ്ങിയ ബ്രോഡാഡി ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്.

ഒരുപാട് രസകരമായ നിമിഷങ്ങള്‍ ചേര്‍ത്ത് പുറത്തിറക്കിയ ഈ സിനിമയില്‍ മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും കൂടാതെ ഒരു പ്രധാന വേഷത്തില്‍ ലാലു അലക്‌സും എത്തിയിരുന്നു. സിനിമയില്‍ കൂടുതല്‍ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ കഥാപാത്രം തന്നെയായിരുന്നു ലാലു അലക്‌സിന്റെ കുര്യന്‍ എന്ന കഥാപാത്രം.

bro daddy

ഇവരെ കൂടാതെ മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, ജഗദീഷ്, സൗബിന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നു. അതേസമയം, തെലുങ്കിലേക്ക് സിനിമ റീമേക്ക് ചെയ്യുമ്പോള്‍ ഈ കഥാപാത്രങ്ങളുടെ സ്ഥാനത്തേക്ക് ആരൊക്കെ ആവും അഭിനേതാക്കള്‍ ആയി എത്തുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.