ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പറ്റിച്ചു!!’മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കള്‍ക്കെതിരെ കേസ്

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ചിദംബരം ഒരുക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ്. യഥാര്‍ഥ സംഭവകഥയെയാണ് ചിദംബരം വെള്ളിത്തിരയിലേക്ക് എത്തിച്ചത്. മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. വിജയത്തിളക്കത്തില്‍ നില്‍ക്കുമ്പോഴും ചിത്രത്തിനെ വിടാതെ പിടികൂടിയിരിക്കുകയാണ് വിവാദവും.…

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ചിദംബരം ഒരുക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ്. യഥാര്‍ഥ സംഭവകഥയെയാണ് ചിദംബരം വെള്ളിത്തിരയിലേക്ക് എത്തിച്ചത്. മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. വിജയത്തിളക്കത്തില്‍ നില്‍ക്കുമ്പോഴും ചിത്രത്തിനെ വിടാതെ പിടികൂടിയിരിക്കുകയാണ് വിവാദവും.

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെയാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ കബളിപ്പിച്ചതെന്നാണ് ചിത്രത്തിനെതിരെയുള്ള ഹര്‍ജി.

സിനിമയ്ക്കായി ഏഴ് കോടി മുടക്കി ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പറ്റിച്ചെന്നാണ് കേസ്. അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദാണ് ഹര്‍ജി നല്‍കിയത്. എറണാകുളം സബ് കോടതി നേരത്തെ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ പറവ ഫിലിംസ്സിന്റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനില്‍ വര്‍ക്കി മരവിപ്പിച്ചത്.

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ആഗോള തലത്തില്‍ ഇതുവരെ 220 കോടി രൂപ ചിത്രം കലക്ഷന്‍ നേടിയിട്ടുണ്ട്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. നിര്‍മ്മാതാക്കള്‍ യാതൊരു തുകയും ചെലവാക്കിയിട്ടില്ലെന്നും 22 കോടി രൂപ ചെലവ് വരുമെന്ന് പറഞ്ഞാണ് ഏഴു കോടി രൂപ വാങ്ങിയതെന്നും ഹര്‍ജിയില്‍ പറയുന്നു.