മാധ്യമപ്രവര്‍ത്തകയുടെ പരാതി!! സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ ചുമത്തി കേസെടുത്തു

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസെടുത്തു. ഐപിസി 354 എ വകുപ്പ് പ്രകാരം കോഴിക്കോട് നടക്കാവ് പോലീസാണ് താരത്തിനെതിരെ കേസെടുത്തത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാത്ത വകുപ്പാണ് താരത്തിനെതിരെ…

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസെടുത്തു. ഐപിസി 354 എ വകുപ്പ് പ്രകാരം കോഴിക്കോട് നടക്കാവ് പോലീസാണ് താരത്തിനെതിരെ കേസെടുത്തത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാത്ത വകുപ്പാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് വര്‍ഷം വരെ തടവോ, പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ഐപിസി 354 എ.

ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള മീറ്റ് ദി പ്രസിനിടെയാണ് സംഭവം. മീഡിയ വണ്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ഷിദ ജഗദിനോടായിരുന്നു താരത്തിന്റെ അശ്ലീല പരാമര്‍ശവും തലോടലും.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ ചുമലില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി പിടിച്ചു. അനിഷ്ടം പ്രകടിപ്പിച്ച് പിന്നോട്ട് മാറി നിന്നു മാധ്യമപ്രവര്‍ത്തക. വീണ്ടും ചോദ്യവുമായി മുന്നോട്ട് വന്നപ്പോള്‍ താരം വീണ്ടും പിടിക്കാന്‍ശ്രമിച്ചു എന്നാല്‍ മാധ്യമപ്രവര്‍ത്തകകൈ തട്ടിമാറ്റുകയായിരുന്നു.

സംഭവം വിവാദമായതോടെ സുരേഷ് ഗോപി ക്ഷമ ചോദിച്ച് എത്തിയിരുന്നു. രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതോടെയാണ് താരം മാപ്പ് പറഞ്ഞ് എത്തിയത്. എന്നാല്‍ സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പ് പറച്ചില്‍ അല്ലെന്നും ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തക നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മാധ്യമപ്രവര്‍ത്തക അറിയിച്ചിരുന്നു.

തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആരോപിച്ചത്. സംഭവം അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ കമ്മീഷണര്‍ പരാതി നടക്കാവ് പൊലീസിന് കൈമാറി.

സുരേഷ് ഗോപിയുടേത് മോശമായ സ്പര്‍ശനമായിട്ടാണ് തനിക്ക് അനുഭവപ്പെട്ടതെന്നും അതുകൊണ്ടാണ് ആ രീതിയില്‍ പ്രതികരിച്ചതെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞിരുന്നു. തനിക്ക് തെറ്റായി തോന്നിയെങ്കില്‍ എന്നല്ല, അത് തെറ്റാണെന്നു സുരേഷ് ഗോപിയാണ് മനസിലാക്കേണ്ടതെന്നായിരുന്നു സംഭവത്തില്‍ സുരേഷ് ഗോപിയുടെ ക്ഷമാപണത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തക പ്രതികരിച്ചിരുന്നു.