അന്ന് ഞാന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായല്ല പോയത്, പക്ഷെ കാവ്യയുടെ ആ ലുക്ക് ഹിറ്റായി; കാവ്യ മാധവനുമായുള്ള സൗഹൃദത്തെക്കുറിച്ച് ഉണ്ണി

മലയാളത്തനിമയും ശാലീന സൗന്ദര്യവും കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന നടിയാണ് കാവ്യ മാധവന്‍. കാവ്യയുടെ വിടര്‍ന്ന മിഴികളും ഇടതൂര്‍ന്നമുടിയും വസ്ത്രധാരണവുമൊക്കെ എല്ലാവരുടെയും മനം കവര്‍ന്നു. കാവ്യയുടെ വിവാഹത്തിന്റെ ലുക്ക് ഏറെ ശ്രദ്ധേയമായിരുന്നു. നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തിന് സെറ്റ് സാരിയണിഞ്ഞ് മുല്ലപ്പൂവും വെച്ച് സിംപിള്‍ ലുക്കിലാണ് കാവ്യ എത്തിയത്. വളരെ ലാളിത്യം തോന്നിക്കുന്ന എന്നാല്‍ വേറെ ലെവല്‍ മേക്കപ്പിന് പിന്നില്‍ ഉണ്ണി പി എസ് എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു. കാവ്യയുടെ ലുക്ക് വൈറലായതിന് പിന്നാലെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണിയും ശ്രദ്ധേനായി. ഇപ്പോഴിതാ കാവ്യ മാധവനുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ഉണ്ണി.

‘ഏകദേശം എട്ട് വര്‍ഷം മുന്‍പാണ് കാവ്യയെ പരിചയപ്പെടുന്നത്. അന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റായി ഞാന്‍ വളര്‍ന്ന് വരുന്നേയുള്ളു. ഒരു മാസികയുടെ കവര്‍ഫോട്ടോഷൂട്ടായിരുന്നു അന്ന്. പെര്‍ഫക്ഷന് വലിയ പ്രധാന്യം നല്‍കുന്ന ആളാണ് കാവ്യ. മേക്കപ്പിന്റെ കാര്യത്തിലും കാവ്യയ്ക്ക് കൃത്യത നിര്‍ബന്ധമാണ്. കണ്ണെഴുതുന്നത് അല്‍പം മാറാന്‍ പാടില്ല. അതുകൊണ് ഐ മേക്കപ്പ് സ്വന്തമായി ചെയ്യുന്നത്. എന്നാല്‍ അന്ന് എന്നോട് തന്നെ ചെയ്തോളാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ കണ്ണെഴുതിയത് കാവ്യയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അതോടെ എന്നെ സ്ഥിരമായി മേക്കപ്പിന് വിളിച്ച് തുടങ്ങി’ എന്നായിരുന്നു ഉണ്ണി പറഞ്ഞത്.

ജീവിതത്തിലെ ഓരോ കാര്യത്തിലും വളരെ ഓര്‍ഗനൈസ്ഡാണ് കാവ്യ. ഒരു സൂചിയാണെങ്കില്‍ പോലും എടുത്ത സ്ഥലത്ത് കൃത്യമായി വയ്ക്കും. അത്രയേറെ കൃത്യത എല്ലാ കാര്യത്തിലും നിര്‍ബന്ധമാണെന്നും കാവ്യയോട് ആരാധന തോന്നുന്നതില്‍ പ്രധാനം ഈ അച്ചടക്കവും കൃത്യതയുമാണെന്നും ഉണ്ണി വ്യക്തമാക്കി. കാവ്യയുടെ വിവാഹദിനത്തിലെ മേക്കപ്പിനെക്കുറിച്ചും ഉണ്ണി പറഞ്ഞു.

കാവ്യയുടെ വിവാഹത്തിന് ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റായിട്ടല്ല താന്‍ മേക്കപ്പ് ചെയ്തതെന്നും ഒരു സുഹൃത്തിന്റെയും സഹോദരന്റെയും കുടുംബാംഗത്തിന്റെയും സ്ഥാനമായിരുന്നു അന്ന് തനിക്ക് ഉണ്ടായിരുന്നതെന്നും ജീവിതത്തിലെ ഏറ്റവും വിശിഷ്ടമായ ചടങ്ങിന് അവളെ അണിയിച്ചൊരുക്കാനായത് ഒരു പ്രത്യേക അനുഭവമായിരുന്നു എന്നും ഉണ്ണി വ്യക്തമാക്കി.

കാവ്യയുടെ ജീവിതത്തില്‍ മോശം കാലം വന്നപ്പോള്‍ കൂടെ പിന്തുണയുമായി നില്‍ക്കണമെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ലായിരുന്നുവെന്നും കാരണം കാവ്യ ആരാണെന്നും എന്താണെന്നും തനിക്ക് നന്നായി അറിയാമെന്നും ഉണ്ണി പറയുന്നു. അവള്‍ എനിക്ക് നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും പകരമായി ചെയ്യാവുന്നതിന്റെ പകുതി പോലും ചെയ്യാന്‍ പറ്റിയിട്ടില്ല. ഇനിയും സുഹൃത്തായി അവളുടെ കൂടെ തന്നെ ഉണ്ടാവും എന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു.

Previous articleദിലീപ് കളത്തില്‍ ഇറങ്ങി..! ആരാധകര്‍..ആവേശത്തില്‍!
Next articleപുനീത് രാജ്കുമാറിന്റെ ഓര്‍മ്മയ്ക്കായി ‘അപ്പു എക്‌സ്പ്രസ്’; സൗജന്യ ആംബുലന്‍സ് നല്‍കി പ്രകാശ് രാജ്