സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി!! അഴിമതികാര്‍ക്കെതിരെ കര്‍ശന നടപടി, വിശാലിന്റെ ആരോപണത്തില്‍ അന്വേഷണം

നടന്‍ വിശാലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. പുതിയ ചിത്രം മാര്‍ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കൈക്കൂലി നല്‍കിയെന്നായിരുന്നു വിശാല്‍ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ വിശാലിന്റെ ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയമാണ് അന്വേഷണം ആരംഭിച്ചത് അറിയിച്ചത്.

കേന്ദ്ര സെന്‍സര്‍ ബോര്‍ഡിലെ അഴിമതിയേക്കുറിച്ച് നടന്‍ വിശാല്‍ ഉന്നയിച്ച ആരോപണങ്ങള്‍ അത്യന്തം നിര്‍ഭാഗ്യകരമാണെന്ന് വിനിമയ പ്രക്ഷേപണ മന്ത്രാലയം പറഞ്ഞു.

സര്‍ക്കാര്‍ അഴിമതി ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. വിശാല്‍ ഉന്നയിച്ച ആരോപണത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. നടന്റെ ആരോപണം അന്വേഷിക്കാന്‍ ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ മുംബൈയിലേക്ക് അയച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്നായിരുന്നു വിശാല്‍ വെളിപ്പെടുത്തിയത്. സമൂഹ മാദ്ധ്യമത്തിലൂടെയാണ് വിശാല്‍ വെളിപ്പെടുത്തിയത്.

സര്‍ട്ടിഫിക്കറ്റിനായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസിനെ സമീപിച്ചപ്പോഴാണ് ദുരനുഭവം നേരിട്ടത്. രണ്ടു തവണയായി പണം കൈമാറിയതിന്റെ വിവരങ്ങളും വിശാല്‍ പുറത്തുവിട്ടു. മൂന്നു ലക്ഷം രൂപ രാജന്‍ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ് അയച്ചത്. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിശാല്‍ പുറത്തുവിട്ടിരുന്നു.


തന്റെ സിനിമാ ജീവിതത്തില്‍ ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്നും, സിനിമയില്‍ അഴിമതി കാണിക്കാം. യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല എന്നും വിശാല്‍ കുറിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഇടപെടണമെന്നും വിശാല്‍ പറഞ്ഞിരുന്നു.