‘കണ്ണൂർ സ്ക്വാഡി’നു തിയറ്ററുകളിൽ നിറഞ്ഞ കയ്യടി; നിറകണ്ണുകളോടെ റോണി ഡേവിഡ്

‘കണ്ണൂർ സ്ക്വാഡി’നു തിയറ്ററുകളിൽ കയ്യടികൾ ലഭിക്കുന്നതിന്റെ സന്തോഷത്തിൽ നടൻ റോണി ഡേവിഡ്. ചിത്രത്തിൽ അഭിനയിച്ചതിന് പുറമെ തിരക്കഥ നിർവഹിച്ചിരിക്കുന്നതും റോണിയാണ്. റോണിയുടെ സഹോദരൻ റോബി രാജ് ആണ് ‘കണ്ണൂർ സ്ക്വാഡി’ന്റെ സംവിധായകൻ. ചിത്രത്തിന്റെ ആദ്യ…

‘കണ്ണൂർ സ്ക്വാഡി’നു തിയറ്ററുകളിൽ കയ്യടികൾ ലഭിക്കുന്നതിന്റെ സന്തോഷത്തിൽ നടൻ റോണി ഡേവിഡ്. ചിത്രത്തിൽ അഭിനയിച്ചതിന് പുറമെ തിരക്കഥ നിർവഹിച്ചിരിക്കുന്നതും റോണിയാണ്. റോണിയുടെ സഹോദരൻ റോബി രാജ് ആണ് ‘കണ്ണൂർ സ്ക്വാഡി’ന്റെ സംവിധായകൻ. ചിത്രത്തിന്റെ ആദ്യ പ്രദർശനം കണ്ടതിന് ശേഷം നിറഞ്ഞ കണ്ണുകളോടെയാണ് റോണി തിയറ്ററിൽ നിന്ന് പുറത്ത് ഇറങ്ങിയത്. ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമാണിതെന്ന് റോണി പറഞ്ഞു.

നാലര വർഷത്തെ അധ്വാനത്തിന്റെ ഫലമാണ് ഈ സിനിമ. എഴുതിയതിനും മുകളിലാണ് ഈ സിനിമയുടെ മേക്കിം​ഗ് വന്നിട്ടുള്ളത്. സാധാരണക്കാരായ പൊലീസുകാരുടെ കഥയാണ് പറഞ്ഞത്. അഞ്ചാറ് മാസം വരെ പോസ്റ്റ് പ്രൊഡക്‌ഷൻ നീണ്ടുവെന്നും റോണി കൂട്ടിച്ചേർത്തു. ഗ്രേറ്റ്ഫാദർ, വെള്ളം, ജോൺ ലൂഥർ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് കണ്ണൂർ സ്ക്വാഡ്. റോണി ഡേവിഡിനൊപ്പം മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ റോണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു.

നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രമെന്ന പ്രത്യേകതയോടെയാണ് കണ്ണൂർ സ്ക്വാഡ് എത്തിയിട്ടുള്ളത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം വിതരണം. മുൻ കണ്ണൂർ എസ്പി എസ്. ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചത്രത്തിന്റെ കഥ വികസിപ്പിച്ചിട്ടുള്ളത്. മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങൾ.