‘വാലിബന്റെ’ വെല്ലുവിളി ഏറ്റെടുക്കാൻ ആരുണ്ട്? പ്രേക്ഷകർക്കായി ചാലഞ്ച്, വീഡിയോ

മലയാളി പ്രേക്ഷകർ ഒരുപാട്  കാത്തിരിക്കുന്ന ചിത്രമാണ്  ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ എത്തുന്ന മോഹൻലാൽ നായകനായ  ‘മലൈക്കോട്ടൈ വാലിബൻ’. വാലിബൻ  ജനുവരി 25 ന് ആണ്  തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷനന്ദി വിവിധ പരിപാടികളാണ് അണിയറപ്രവർത്തകർ…

മലയാളി പ്രേക്ഷകർ ഒരുപാട്  കാത്തിരിക്കുന്ന ചിത്രമാണ്  ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ എത്തുന്ന മോഹൻലാൽ നായകനായ  ‘മലൈക്കോട്ടൈ വാലിബൻ’. വാലിബൻ  ജനുവരി 25 ന് ആണ്  തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷനന്ദി വിവിധ പരിപാടികളാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത് . അതിന്റെ ഭാഗമായി മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു വീഡിയോ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ  വൈറലാണ്. . ചിത്രം റിലീസിന് ദിവസങ്ങൾ ബാക്കി നിൽക്കെ പ്രേക്ഷകരെ വാലിബൻ ചലഞ്ചിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് മോഹൻലാൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.  ഈ വെല്ലുവിളി ഏറ്റെടുക്കുമോ?’ എന്ന അടിക്കുറിപ്പോടെ വാലിബന് വേണ്ടി ജിമ്മില്‍ ചെയ്ത പരിശീലനത്തിൻ്റെ വീഡിയോ ഉള്‍പ്പെടുത്തി  മോഹൻലാൽ ആണ് ചാലഞ്ച്   വീഡിയോ പങ്കുവെച്ചത്. ഒരു ഡൗൾ കേബിൾ മെഷിനിൽ താരം വ്യായാമം ചെയ്യുന്ന രംഗമാണ് വീഡിയോയിൽ.

ലാലേട്ടന്റെ  ഈ വെല്ലുവിളി  ഏറ്റെടുക്കുമെന്നും  , സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നും പറഞ്ഞ് നിരവധി  പേർ ഈ  വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. വളരെ വ്യത്യസ്തമായ പ്രൊമോഷൻ രീതികളാണ് മലൈക്കോട്ടൈ വാലിബന് വേണ്ടി അണിയറപ്രവർത്തകർ നടത്തുന്നത്. കുട്ടി പ്രേക്ഷകരെ ലക്ഷ്യമിട്ട്  മലൈക്കോട്ടൈ വാലിബന്റെ കോമിക്  പുസ്തകം അൻപതിനായിരം കുരുന്നുകളിലേക്കു അടുത്ത ദിവസം എത്തിച്ചേരുന്നതാണ് . കഴിഞ്ഞ ദിവസം റിലീസായ  മദഭരമിഴിയോരം എന്ന ഗാനവും  സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്. നേരത്തെ പുറത്തു വിട്ട ടീസറും ട്രെൻഡിങ് ആയിരുന്നു. മലൈക്കോട്ടൈ വാലിബൻ മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് റിലീസിനാണ് ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യ വാരം തന്നെ 175 ൽ പരം സ്‌ക്രീനുകളിൽ ആണ് വിദേശ രാജ്യങ്ങളിൽ  ചിത്രം പ്രദർശിപ്പിക്കുന്നത്. കേരളത്തിലും വാലിബന് മികച്ച സ്ക്രീന്‍ കൗണ്ട് ഉണ്ടാകും എന്നാണ് പറയുന്നത് . കാരണം വലിയ സിനിമകളൊന്നും തന്നെ ആ വാരം റിലീസ് ചെയ്യാനില്ല.അര്‍മേനിയ, ബെല്‍ജിയം, ചെക്ക് റിപബ്ലിക്, ഡെന്‍മാര്‍ക്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ജോര്‍ജിയ, ഹംഗറി തുടങ്ങി 35 ല്‍ അധികം യൂറോപ്യന്‍ രാജ്യങ്ങളില്‍ വാലിബന്‍ എത്തും. റെക്കോര്‍ഡ് റിലീസ് ആണ് ചിത്രത്തിന് യൂറോപ്പില്‍ ലഭിക്കുക.

മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയിട്ടുള്ള ചിത്രമാണിത്. കൂടാതെ ഐഎംഡിബിയുടെ ഈ വര്‍ഷത്തെ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ സിനിമകളുടെ പട്ടികയിലുംഒരു  ചിത്രമായി വാലിബന്‍ മാറിയിരിക്കുകയാണ്. 20 ചിത്രങ്ങളുടെ ലിസ്റ്റില്‍ 13-ാം സ്ഥാനത്താണ് മലൈക്കോട്ടൈ വാലിബന്‍. എന്തായാലും  കേരളത്തിലും വിദേശ രാജ്യങ്ങളിലും മികച്ച പ്രൊമോഷൻ പരിപാടികളാണ് വരും നാളുകളിൽ വാലിബന്റെ അണിയറ പ്രവർത്തകർ  സംഘടിപ്പിക്കുന്നത്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങിയ   താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇവരെക്കൂടാതെ ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ താരങ്ങളും വാലിബനുവേണ്ടി അണിനിരക്കും. 130 ദിവസങ്ങളിലായി  രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്.