‘ചെന്നൈ പ്രളയം’ ; പ്രമുഖ നടന്മാരുടെ ഇടപെടലുകൾ ശ്രദ്ധേയമാകുന്നു 

മിഷോങ് ചുഴലിക്കാറ്റിന്‍റെ അതി തീവ്രതയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് തമിഴ്നാട്. മിഷോങ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ചെന്നൈയിലും സമീപപ്രദേശങ്ങളിലും തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചെന്നൈ കോര്‍പറേഷനില്‍ നിന്നുള്ള പ്രതികരണം നിരാശാജനകമെന്ന് നടന്‍ വിശാല്‍. താന്‍ ഇപ്പോഴുള്ള…

മിഷോങ് ചുഴലിക്കാറ്റിന്‍റെ അതി തീവ്രതയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് തമിഴ്നാട്. മിഷോങ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ചെന്നൈയിലും സമീപപ്രദേശങ്ങളിലും തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചെന്നൈ കോര്‍പറേഷനില്‍ നിന്നുള്ള പ്രതികരണം നിരാശാജനകമെന്ന് നടന്‍ വിശാല്‍. താന്‍ ഇപ്പോഴുള്ള അണ്ണാ നഗറിലെ വീട്ടിലും വെള്ളം കയറിയെന്നും അതിലും താഴ്ന്ന പ്രദേശങ്ങളിലെ അവസ്ഥ സങ്കല്‍പിക്കാവുന്നതേയുള്ളൂവെന്നും വിശാല്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് വിശാലിന്‍റെ പ്രതികരണം. പ്രിയപ്പെട്ട ചെന്നൈ മേയര്‍ പ്രിയ രാജനും ചെന്നൈ കോര്‍പറേഷന്‍റെ മറ്റെല്ലാ ഉദ്യോ​ഗസ്ഥരും അറിയാന്‍. നിങ്ങളെല്ലാവരും നിങ്ങളുടെ കുടുംബങ്ങളോടൊപ്പം സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ വീടുകളിലേക്ക് അഴുക്കുവെള്ളം കയറിയിട്ടില്ലെന്നും ഭക്ഷണത്തിനും വൈദ്യുതിക്കും തടസങ്ങള്‍ ഇല്ലെന്നും പ്രതീക്ഷിക്കുന്നു. ഒരു വോട്ടര്‍ എന്ന നിലയില്‍ അന്വേഷിച്ചതാണ്. കാരണം നിങ്ങള്‍ ജീവിക്കുന്ന അതേ ന​ഗരത്തിലുള്ള പൗരന്മാരുടെ സ്ഥിതി വ്യത്യസ്തമാണ്. വെള്ളപ്പൊക്ക സമയത്ത് സഹായകരമാവേണ്ടിയിരുന്ന ആ പ്രോജക്റ്റ് ചെന്നൈക്കു വേണ്ടിത്തന്നെയാണോ നടപ്പാക്കിയത്, അതോ സിം​ഗപ്പൂരിന് വേണ്ടിയോ? 2015 ല്‍ രക്ഷാപ്രവര്‍ത്തനവുമായി ഞങ്ങളെല്ലാം തെരുവില്‍ ഇറങ്ങിയിരുന്നു.

എട്ട് വര്‍ഷത്തിനിപ്പുറം അതിലും മോശം അവസ്ഥ കാണുന്നത് എത്ര ഖേദകരമാണ്. ഇത്തവണയും ഭക്ഷണവും വെള്ളവുമായി ഞങ്ങള്‍ ഇറങ്ങും. പക്ഷേ ഇക്കുറി എല്ലാ മണ്ഡലങ്ങളിലെയും എംഎല്‍എമാരെ രക്ഷാപ്രവര്‍ത്തന രം​ഗത്ത് സജീവമായി കണ്ടാല്‍ കൊള്ളാമെന്നുണ്ട്. ഇത് എഴുതുമ്പോള്‍ ലജ്ജ കൊണ്ട് എന്‍റെ തല കുനിയുന്നുണ്ട്. ഒരു അത്ഭുതമൊന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷേ അത് പൗരന്മാരോടുള്ള നിങ്ങളുടെ ഉത്തരവാദിത്തമാണ്. ദൈവം രക്ഷിക്കട്ടെ”എന്നും വിശാല്‍ എക്സില്‍ കുറിച്ചു. ഒപ്പമുള്ള വീഡിയോയില്‍ വിശാല്‍ ഇപ്രകാരമാണ് പറയുന്നത് – “ഞാന്‍ അണ്ണാ ന​ഗറിലാണ് ഇപ്പോഴുള്ളത്. എന്‍റെ വീട്ടില്‍ ഒരടി പൊക്കത്തില്‍ ഇപ്പോള്‍ വെള്ളമുണ്ട്. അണ്ണാ ന​ഗറില്‍ ഇതാണ് സ്ഥിതിയെങ്കില്‍ കുറേക്കൂടി താഴ്ന്ന പ്രദേശങ്ങളിലെ അവസ്ഥ ആലോചിച്ചുനോക്കൂ. ഇത് ഒരു നടന്‍ എന്ന നിലയില്‍ പറയുന്നതല്ല, ഒരു വോട്ടര്‍ എന്ന നിലയില്‍ പറയുന്നതാണ്. വീടുകളില്‍ കുട്ടികളും പ്രായമായവരും ഭയത്തിലാണ് കഴിയുന്നത്. ഇത് രാഷ്ട്രീയമായോ മറ്റേതെങ്കിലും തരത്തിലോ ആര്‍ക്കെങ്കിലുമെതിരെ പറയുന്നതല്ല. വെള്ളപ്പൊക്കം എന്ന പ്രശ്നത്തെക്കുറിച്ചാണ് പറയുന്നത്. എന്തിന് ടാക്സ് അടയ്ക്കണമെന്ന് ജനത്തെക്കൊണ്ട് ചോദിപ്പിക്കരുത് എന്ന് പറഞ്ഞു കൊണ്ടാണ്  വിശാല്‍ വാക്കുകൾ പറഞ്ഞവസാനിപ്പിക്കുന്നത്. അതേസമയം അതിതീവ്ര മഴയിലും വെള്ളപ്പൊക്കത്തിലും നട്ടംതിരിയുന്ന ചെന്നൈയിലും സമീപ പ്രദേശങ്ങളിലുമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തുടക്കമെന്ന നിലയില്‍ 10 ലക്ഷം രൂപ നടന്മാരും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും ധനസഹായം  പ്രഖ്യാപിച്ചു.

വെള്ളപ്പൊക്കം രൂക്ഷമായ ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ തുക നൽകിയിരിക്കുന്നത്. ഇരുവരുടെയും ആരാധക സംഘങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അതേസമയം, മിഷോങ് തീവ്ര ചുഴലിക്കാറ്റ് ചെന്നൈയിൽ നിന്ന് വടക്കോട്ടു നീങ്ങി പോവുകയാണ്. നാളെ ഉച്ചയ്ക്ക് മുൻപ് ആന്ധ്രയിൽ തീരം തൊടുമെന്നാണ് വിലയിരുത്തൽ. ചെന്നൈയിൽ ഇപ്പോഴും കനത്ത മഴ തുടരുന്നുണ്ട്. ഇന്ന് ഉച്ച വരെ ഈ മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴ പൂർണമായി മാറി രണ്ട് മണിക്കൂറിനു ശേഷമെ വൈദ്യുതി പുന:സ്ഥാപിക്കാൻ സാധിക്കൂവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മിഷോങ് കെടുതിയിൽ ഇതിനകം  ചെന്നൈയിൽ 162 ദുരിശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിൽ മറ്റൊരു വിമർശനാത്മകമായ സംഭവവും കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറി. ചെന്നൈ പ്രളയത്തിന്‍റെ സമയത്ത് പഴയ വിജയ് ചിത്രത്തിന്‍റെ റീ റിലീസ് ആണ് വാര്‍ത്തയായത്.  2014ൽ റിലീസ് ചെയ്ത വിജയ്‍യുടെ ചിത്രമായ  കത്തിയാണ് കഴിഞ്ഞ ദിവസം ചെന്നൈയിലെ പ്രമുഖ തിയറ്ററായ രോഹിണി സില്‍വര്‍സ്ക്രീന്‍സില്‍ റീ റിലീസ് ചെയ്യപ്പെട്ടത്. വിജയ് നായകനെന്ന നിലയില്‍ സിനിമയില്‍ 31 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ റീ റിലീസ് സംഘടിപ്പിച്ചത്. വിജയ് നായകനായ ആദ്യ ചിത്രം നാളൈയ തീര്‍പ്പ് 1992 ഡിസംബര്‍ 4 നാണ് റിലീസ് ചെയ്യപ്പെട്ടത്. കത്തിയുടെ റീ റിലീസിനോടനുബന്ധിച്ച് അഡ്വാന്‍സ് ബുക്കിംഗും ആരംഭിച്ചിരുന്നു. ചെന്നൈയില്‍ മഴയും വെള്ളപ്പൊക്കവുമൊക്കെ ശക്തമായിരുന്ന മൂന്നാം തീയതിയിലെ ഷോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രിയതാരത്തെ സ്ക്രീനില്‍ കണ്ട് ആര്‍പ്പ് വിളിക്കുന്ന പ്രേക്ഷകരെയും ദൃശ്യങ്ങളിൽ കാണാം. എന്നാൽ ചെന്നൈ പ്രളയത്തിന്‍റെ ബുദ്ധിമുട്ടുകളില്‍ നട്ടംതിരിയുന്ന സമയത്ത് ഇത്തരത്തില്‍ ഒരു റീ റിലീസ് നടത്തിയതിന്‍റെ യുക്തി ചോദ്യം ചെയ്തുള്ള കമന്‍റുകള്‍ വീഡിയോകള്‍ക്ക് താഴെ എത്തുന്നുണ്ട്. തിയറ്ററിനുള്ളില്‍ നിന്നുള്ള വീഡിയോകള്‍ പങ്കുവെക്കുന്ന ബോക്സ് ഓഫീസ് ട്രാക്കര്‍മാരും വിമര്‍ശനം നേരിടുന്നുണ്ട്. അതേസമയം കോയമ്പേടുള്ള രോഹിണി സില്‍വര്‍സ്ക്രീന്‍ അടക്കമുള്ള തിയറ്ററുകള്‍ ഇന്നലേയും  അടച്ചിടുകയായിരുന്നു.