മാത്യുവിനും ജോര്‍ജിനും കൈത്താങ്ങായി എംഎ യൂസഫലിയും!!

പുതുവത്സര ദിനത്തിലാണ് തൊടുപുഴയിലെ കുട്ടിക്കര്‍ഷകരായ മാത്യുവിനും ജോര്‍ജിനും തന്റെ അരുമകളായ 13 പശുക്കളെ ഒറ്റ ദിനത്തില്‍ നഷ്ടമായത്. 15 കാരനായ മാത്യുവിന്റെ കുടുംബത്തിന്റെ ആശ്രയമായിരുന്നു പശുക്കള്‍. നിരവധി പേരാണ് കുഞ്ഞുമക്കളുടെ അഗാധ ദുഖത്തില്‍ പങ്കുചേര്‍ന്ന്…

പുതുവത്സര ദിനത്തിലാണ് തൊടുപുഴയിലെ കുട്ടിക്കര്‍ഷകരായ മാത്യുവിനും ജോര്‍ജിനും തന്റെ അരുമകളായ 13 പശുക്കളെ ഒറ്റ ദിനത്തില്‍ നഷ്ടമായത്. 15 കാരനായ മാത്യുവിന്റെ കുടുംബത്തിന്റെ ആശ്രയമായിരുന്നു പശുക്കള്‍. നിരവധി പേരാണ് കുഞ്ഞുമക്കളുടെ അഗാധ ദുഖത്തില്‍ പങ്കുചേര്‍ന്ന് സഹായങ്ങള്‍ നല്‍കുന്നത്. മികച്ച കുട്ടിക്കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കുട്ടിത്താരമാണ് ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നി.

മാത്യുവിന് സഹായം പ്രഖ്യാപിച്ചിരിക്കുകയാണ് എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പും. പത്ത് പശുക്കളെ വാങ്ങുന്നതിനുള്ള പണം ലുലു ഗ്രൂപ്പ് നല്‍കു. മാത്യുവിന്റെ വീട്ടിലെത്തി പണം നല്‍കുമെന്ന് അറിയിച്ചു.

നേരത്തെ നടന്‍ ജയറാമും കുട്ടികള്‍ക്ക് സഹായം എത്തിച്ചിരുന്നു. കുട്ടികളുടെ വീട്ടിലെത്തി ജയറാം അഞ്ച് ലക്ഷം രൂപ കൈമാറിയിരുന്നു. പുതിയ സിനിമ ഓസ്‌ലറിന്റെ പ്രമോഷനായുള്ള തുകയാണ് ജയറാം നല്‍കിയത്. മാത്രമല്ല മമ്മൂട്ടി ഒരുലക്ഷവും പൃഥ്വിരാജ് രണ്ടുലക്ഷവും നല്‍കുമെന്നും ജയറാം അറിയിച്ചിരുന്നു. നിരവധി സുമനസ്സുകളാണ് കുരുന്നുകളെ ചേര്‍ത്ത് പിടിക്കുന്നത്.

ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഞായറാഴ്ച വൈകീട്ട് പുറത്തുപോയ കുടുംബാംഗങ്ങള്‍ രാത്രി എട്ടോടെ തിരിച്ചുവന്ന് ഫാമിലെ പശുക്കള്‍ക്ക് തീറ്റ കൊടുത്തു. ഏതാനും സമയം കഴിഞ്ഞ് പശുക്കള്‍ ഒന്നൊന്നായി തളര്‍ന്നുവീഴുകയായിരുന്നു. അഞ്ച് പശുക്കള്‍ ഗുരുതരാവസ്ഥയിലായിരുന്നു. ഇതില്‍ മൂന്നു പശുക്കളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. രണ്ട് പശുക്കള്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. കപ്പത്തണ്ടിലെ സയനൈഡ് വിഷബാധയാണ് പശുക്കളുടെ മരണത്തിന് കാരണം. മരച്ചീനിയില കഴിച്ചതാണ് പശുക്കള്‍ കൂട്ടത്തോടെ ചാവാന്‍ കാരണമായത്. 22 പശുക്കളാണ് മാത്യുവിനുണ്ടായിരുന്നത്. 13 പശുക്കളാണ് ഞായറാഴ്ച രാത്രിയില്‍ ചത്തത്.