മമ്മൂട്ടിയുടെ വീട്ടില്‍ അതിഥിയായെത്തി പിണറായി വിജയന്‍- ചിത്രങ്ങള്‍

തൃക്കാക്കര തിരഞ്ഞെടുപ്പ് ചൂടിലാണ്. തിരഞ്ഞെടുപ്പ് കാലമായാല്‍ നടന്‍ മമ്മൂട്ടിയുടെ കൊച്ചിയിലെ എളംകുളത്തെ വീട്ടില്‍ പാര്‍ട്ടി വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കളെത്തും. തൃക്കാക്കര മണ്ഡലത്തിലാണ് മമ്മൂട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന എളംകുളം. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജോണ്‍ ബ്രിട്ടാസും മുഖ്യമന്ത്രിയ്ക്ക് ഒപ്പമുണ്ടായിരുന്നു.

”ആതിഥേയത്വത്തിന് നന്ദി മമ്മുക്ക … ദുല്‍ഖറിനും,” എന്ന കുറിപ്പോടെ ജോണ്‍ ബ്രിട്ടാസാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. നിര്‍മാതാവ് ആന്റോ ജോസഫ്, ജോര്‍ജ് എന്നിവരെയും ചിത്രങ്ങളില്‍ കാണാം.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ ജോസഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ്, ബിജെപി സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്‍ എന്നിവരും മമ്മൂട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന 31ന് രാവിലെ 7 മണി മുതല്‍ വൈകിട്ട് ആറ് വരെ എക്സിറ്റ് പോള്‍ നടത്തുന്നതും എക്സിറ്റ് പോള്‍ ഫലങ്ങള്‍ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ മറ്റെന്തെങ്കിലും ഉപാധികളിലൂടെയോ പ്രസിദ്ധപ്പെടുത്തുന്നതും നിരോധിച്ചതായി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ അറിയിച്ചു.

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ സര്‍വേ, മറ്റേതെങ്കിലും തെരഞ്ഞെടുപ്പ് സര്‍വേ ഉള്‍പ്പെടെയുള്ള യാതൊരു തെരഞ്ഞെടുപ്പ് കാര്യങ്ങളും ഇലക്ട്രോണിക് മീഡിയയില്‍ 29ന് വൈകുന്നേരം ആറ് മണി മുതല്‍ 31ന് വൈകുന്നേരം ആറ് മണി വരെ പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Previous article‘ഒലിവര്‍ ഐ മിസ്ഡ് യൂ’ നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയ കൊച്ചു കൂട്ടുകാരുടെ സ്‌നേഹ പ്രകടനം
Next articleആണ്‍സുഹൃത്തുക്കളെ ചേര്‍ത്തുവെച്ചുള്ള അപവാദങ്ങള്‍, സത്യാവസ്ഥ തുറന്ന് പറഞ്ഞ് അഭയ ഹിരണ്‍മയി!!