നടന്‍ ജോജു ജോര്‍ജ്ജിന് എതിരെ പോലീസില്‍ പരാതി: നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യം

നടന്‍ ജോജു ജോര്‍ജ്ജിന് എതിരെ പോലീസില്‍ പരാതി നല്‍കി കെ.എസ്.യു. വാഗമണ്ണില്‍ കഴിഞ്ഞ ദിവസം നടന്ന ഓഫ് റോഡ് ഡ്രൈവില്‍ സംഘാടകരുടെ ക്ഷണം സ്വീകരിച്ച് ജോജു എത്തിയിരുന്നു. തുടര്‍ന്ന് ഡ്രൈവില്‍ പങ്കെടുത്ത ജോജു മികച്ച…

നടന്‍ ജോജു ജോര്‍ജ്ജിന് എതിരെ പോലീസില്‍ പരാതി നല്‍കി കെ.എസ്.യു. വാഗമണ്ണില്‍ കഴിഞ്ഞ ദിവസം നടന്ന ഓഫ് റോഡ് ഡ്രൈവില്‍ സംഘാടകരുടെ ക്ഷണം സ്വീകരിച്ച് ജോജു എത്തിയിരുന്നു. തുടര്‍ന്ന് ഡ്രൈവില്‍ പങ്കെടുത്ത ജോജു മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ വലിയതോതില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് കെ.എസ്.യു പരാതിയുമായി രംഗത്തെത്തിയത്.

വാഗമണ്‍ എം. എം. ജെ എസ്‌റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയ്‌ല തോട്ടത്തിലാണ് റൈഡ് നടന്നത്. കൃഷിക്ക് മാത്രം ഉപയോഗിക്കേണ്ട സ്ഥലത്ത് നിയമ വ്യവസ്ഥകള്‍ പാലിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.

അപകടകരമായ രീതിയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ ഓഫ് റോഡ് റൈഡ് പ്ലാന്റേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കൃഷിക്ക് മാത്രമേ സ്ഥലം ഉപയോഗിക്കാവൂ എന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്നും പരാതിയില്‍ പറയുന്നു.

സംഘാടകരുടെ അതിഥി ആയാണ് ജോജു പരിപാടിയില്‍ പങ്കെടുത്തത് എന്ന് മാധ്യമങ്ങള്‍ തന്നെ നേരന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജീപ്പ് റാംഗ്ലറില്‍ സ്ഥലത്തെത്തിയ ജോജും ആവേശഭരിതനായി അതേ വാഹനത്തില്‍ തന്നെയാണ് റൈഡില്‍ പങ്കെടുത്തത്.

കെ. എസ്. യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് ആണ് ജോജുവിന് എതിരെ പരാതിയുമായി രംഗത്തെത്തിയത്. ജില്ലാ കളക്ടര്‍, പോലീസ് മേധാവി, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് കെ.എസ്.യു പരാതി നല്‍കിയിട്ടുണ്ട്.

മാസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പാര്‍ട്ടി പ്രവര്‍ത്തകരുമായി ജോജു ഇടഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധന വിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ വഴി തടയല്‍ പ്രതിഷേധത്തെ ചോദ്യം ചെയ്ത ജോജു റോഡില്‍ ഇറങ്ങി. തുടര്‍ന്ന് നടന്ന വാക്കേറ്റം ചെറിയ സംഘര്‍ഷത്തിലാണ് അവസാനിച്ചത്. തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ജോജുവിന് എതിരെ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു.