‘മുലകള്‍ കാണുമ്പോള്‍ – അത്ഭുതത്തോടെ തോന്നാറുണ്ട്:..ജീവന്റെ ആധാരം…!.’

സാംസ്‌കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സിയും ചേര്‍ന്ന് നിര്‍മ്മിച്ച ‘ബി 32 മുതല്‍ 44 വരെ’ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ശ്രുതി ശരണ്യം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രുതി ശരണ്യം തന്നെയാണ്…

സാംസ്‌കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സിയും ചേര്‍ന്ന് നിര്‍മ്മിച്ച ‘ബി 32 മുതല്‍ 44 വരെ’ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ശ്രുതി ശരണ്യം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രുതി ശരണ്യം തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. രമ്യാ നമ്പീശന്‍, അനാര്‍ക്കലി മരയ്ക്കാര്‍, സെറിന്‍ ഷിഹാബ്, അശ്വതി ബി, നവഗതയായ റെയ്‌ന രാധാകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തികച്ചും വിഭിന്നമായ പശ്ചാത്തലങ്ങളുള്ള ആറ് പെണ്‍കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഹരീഷ് ഉത്തമന്‍, രമ്യാ സുവി, സജിത മഠത്തില്‍, ജീബിന്‍ ഗോപിനാഥ്, നീന ചെറിയാന്‍, സിദ്ധാര്‍ത്ഥ് വര്‍മ്മ, അനന്ത് ജിജോ ആന്റണി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ആന്തോളജി എന്നു തോന്നിപ്പിക്കുമെങ്കിലും ഇതിലെ അഞ്ചു പെണ്ണുങ്ങളുടെ കഥകളും പരസ്പരബന്ധിതമാണ്. കഥാഗതി ഏച്ചുകൂട്ടലുകളില്ലാതെ തട്ടുതടവില്ലാതെ നല്ല ഒഴുക്കില്‍ പോകുന്നുണ്ട്. ആണുങ്ങളെ ചീത്തയാക്കിയും പെണ്ണുങ്ങളെ നല്ലവരാക്കിയും കള്ളികളിലൊതുക്കിയിട്ടില്ലെന്നാണ് സിഎസ് മീനാക്ഷി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

മുലകള്‍ കാണുമ്പോള്‍ – അത്ഭുതത്തോടെ തോന്നാറുണ്ട്: ജീവന്റെ ആധാരം!………………..വേദഗ്രന്ഥങ്ങളിലും മതങ്ങളിലും വിശ്വസിക്കാത്തവരുമുണ്ട്. അവരും ഒരു കാലഘട്ടം വരെ ശരീരത്തിന്റെ വിശപ്പും ദാഹവും ശമിപ്പിക്കാന്‍ മുല കുടിച്ചു വളര്‍ന്നവരാണ്. മണ്മറഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരും മുല കുടിച്ചിട്ടുള്ളവരാണ്. ഇനി വരാനുള്ളവരും മുല കുടിക്കും. മുലകള്‍ എവിടെ കണ്ടാലും ഞാന്‍ അത്ഭുതത്തോടെ നോക്കും . പശു, എരുമ, കുതിര, കഴുത, ആട്, സിംഹം, ആന, പന്നി, പട്ടി, പൂച്ച, എലി – ഇതൊക്കെ നഗ്‌നമുലകളാണ്. മനുഷ്യസ്ത്രീകള്‍ക്കു മാത്രം മുഖമ്മൂടി ഇട്ട മുലകള്‍. നഗ്‌നമായവ കണ്ട ഓര്‍മ്മയില്ല……..(ബഷീര്‍,ഒരു ഭഗവത്ഗീതയും കുറെ മുലകളും)
ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി32 മുതല്‍ 44 വരെ എന്ന സിനിമ ഒരുപാട് മുലയാലോചനകള്‍ മനസ്സിലേക്ക് കൊണ്ടുവന്നു.
മനുഷ്യശരീരത്തില്‍ കണ്ണുള്ള ഒരവയവമേയുള്ളൂ, അത് മുലയാണ്. മുലയ്ക്കു മാത്രമേ മറ്റുള്ളവരെ നോക്കാന്‍ കഴിയൂ. ആ നോട്ടത്തെയാണോ പുരുഷന്മാര്‍ ഭയക്കുന്നതെന്നറിയില്ല
നമ്മുടെ സംസ്‌കാരത്തില്‍, ദാര്‍ശനികരും തത്വചിന്തകരും എല്ലാം മുലകളെ ഭയക്കുന്നതും പ്രലോഭനമായി കരുതുന്നതും നമുക്കറിയാം.
നാരീസ്തനഭര നാഭീദേശം
ദൃഷ്ട്വാ മാ ഗാ മോഹാവേശം
എന്ന് ശങ്കരനും
…. കൊലമദയാന കുലുങ്ങിവന്നു കൊമ്പും തലയുമുയര്‍ത്തി വിയത്തില്‍ നോക്കിനില്‍ക്കും മുലകളുമെന്നെ വലയ്‌ക്കൊലാ മഹേശാ എന്ന് നാരായണഗുരുവും
ഉമ്പര്‍കോനുടയ കൊമ്പനാനയുടെ കുംഭവും കനകകുംഭവും/ കുമ്പിടുന്ന കുചകുംഭമുള്ളവരില്‍ മുമ്പു തേടി വിലസും പ്രിയേ എന്ന് കവിയും മുലകളെ ഒരേ സമയം കാമിക്കുകയും ഭയക്കുകയും ചെയ്യുന്നു.
ആണ്‍കുട്ടികളുടെ എന്നത്തേയും ജിജ്ഞാസയാണ് പെണ്‍മുലകള്‍ എന്നത്. ഈ ചിത്രത്തിന്റെ ആദ്യരംഗം ഒരാണ്‍കുട്ടി , ആണായി മാറിയ ഒരു പെണ്ണിനോട് ആ മൊല ഒന്ന് പിടിച്ചോട്ടെ എന്ന് ചോദിക്കുന്നതാണ്. അവസാനത്തെ രംഗമാവട്ടെ, ക്ലാസ് റൂമില്‍ എന്താണ് ജെന്‍ഡര്‍ എന്ന ചോദ്യത്തിന് വിത്ത് ബൂബ്‌സ് ആന്‍ഡ് വിത്തൌട്ട് ബൂബ്‌സ് എന്ന് ഒരാണ്‍കുട്ടി ഉത്തരം പറയുന്നതാണ്. ഈ സിനിമ എത്രയ്‌ക്കെത്രയ്ക്ക് മുലയുടെ ജൈവികതയെക്കുറിച്ചാണോ അത്രയ്ക്കത്രയ്ക്ക് അതിന്റെ സാമൂഹ്യനിര്‍മ്മിതികളെക്കുറിച്ചുമാണ്. ജോലിക്കു വേണ്ടി മുലകളെ പെരുപ്പിച്ചു കാണിക്കേണ്ടി വരുന്ന പെണ്‍കുട്ടിയുണ്ട്. നമ്മുടെ അളവുകളൊക്കെ കമ്പനി നിശ്ചയിക്കുന്നതല്ലേ എന്ന് അവളോട് പറയുന്ന കടക്കാരിയുണ്ട്. കുഞ്ഞിന് ഒളിച്ച് മുല കൊടുക്കേണ്ടി വരുന്ന പതിനൊന്നാം ക്ലാസ്സുകാരിയുണ്ട്. ക്യാന്‍സര്‍ വന്ന് മുലമുറിച്ചു കളയുന്ന ഒരുവളും കുടുംബത്തെ സാമ്പത്തികമായി കര കേറ്റാന്‍ ബ്രേസിയറിന്റെ മോഡലാകേണ്ടി വരുന്നവളുമുണ്ട്. സിനിമാമോഹവുമായി വന്ന് സംവിധായകനാല്‍ മുല ഞെരിക്കപ്പെട്ടവളുണ്ട്. ( എഫ് ഐ ആര്‍ എഴുതുമ്പോള്‍ അത് പെണ്‍കുട്ടിയെക്കൊണ്ട് പറയിപ്പിച്ച് അതില്‍ ആനന്ദം കണ്ടെത്തുന്ന പോലീസുകാരനുമുണ്ട്)
ക്യാമറ, സംഗീതം, എഡിറ്റിംഗ് എന്നിവയൊഴികെ ഈ സിനിമയുമായി ബന്ധപ്പെട്ട ജോലികളെല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് പെണ്ണുങ്ങളാണ്. ക്യാമറയ്ക്ക് പിന്നില്‍ ആണാണെങ്കില്‍പ്പോലും സംവിധായികയുടെ നോട്ടമായിട്ടാണ് ഓരോ രംഗവും വരുന്നത്. ഒരു പുരുഷനായിരുന്നു സംവിധാനം ചെയ്തിരുന്നതെങ്കില്‍ ഈ സിനിമയില്‍ പുരുഷകാഴ്ചകളെ ആനന്ദിപ്പിക്കുന്ന എത്രയോ രംഗങ്ങളുണ്ടാവുമായിരുന്നു. സ്വാഭാവികമായും അത്തരം കാഴ്ചകള്‍ കാട്ടിത്തരാവുന്ന എത്രയോ സന്ദര്‍ഭങ്ങളുണ്ട് ഇതില്‍. ഇത്രയും കാലം നാം കണ്ട പുരുഷകാഴ്ച്ചകളൊക്കെ എത്ര അസ്റ്റിഗ്മാറ്റിക് ആയിരുന്നു എന്ന് നമ്മള്‍ ചിന്തിച്ചുപോകും.
ആന്തോളജി എന്നു തോന്നിപ്പിക്കുമെങ്കിലും ഇതിലെ അഞ്ചു പെണ്ണുങ്ങളുടെ കഥകളും പരസ്പരബന്ധിതമാണ്. കഥാഗതി ഏച്ചുകൂട്ടലുകളില്ലാതെ തട്ടുതടവില്ലാതെ നല്ല ഒഴുക്കില്‍ പോകുന്നുണ്ട്. ആണുങ്ങളെ ചീത്തയാക്കിയും പെണ്ണുങ്ങളെ നല്ലവരാക്കിയും കള്ളികളിലൊതുക്കിയിട്ടില്ല. ആണ്‍പെണ്‍മൂശസ്വരൂപങ്ങളൊക്കെ അട്ടിമറിക്കപ്പെടുന്നുണ്ട്. എല്ലാവരും അവരവരുടെ റോളുകള്‍ ഭംഗിയായി ചെയ്തിരിക്കുന്നു. അനാര്‍ക്കലി… You are a cut above the rest ??
ഇത്രയും സിനിമയെപ്പറ്റി.
KSFDC ആണ് സിനിമയ്ക്ക് സാമ്പത്തികസഹായം നല്‍കിയിരിക്കുന്നത്. എന്നാല്‍ വിതരണമോ പരസ്യപ്രചരണമോ അത്ര ഫലപ്രദമായി തോന്നിയില്ല. ഞാന്‍ കോഴിക്കോട് ശ്രീ തീയറ്ററില്‍ സിനിമ കാണുമ്പോള്‍ ആകെ 20-22 പേരാണുണ്ടായിരുന്നത് കാണികളായി. എനിക്ക് അത്ഭുതം തോന്നുന്നുണ്ട് എന്തുകൊണ്ട് ആളുകള്‍ ഇത്തരം സിനിമകള്‍ കാണാന്‍ വരുന്നില്ല എന്ന കാര്യത്തില്‍.

സുദീപ് എളമണ്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് സുദീപ് പാലനാടാണ്. മഹേഷ് നാരായണന്റെ സൂപ്പര്‍വിഷനില്‍ ചിത്രസംയോജനം നിര്‍വഹിച്ചത് രാഹുല്‍ രാധാകൃഷ്ണന്‍. എസ്. രാധാകൃഷ്ണന്‍, സതീഷ് ബാബു, ഷൈന്‍ വി. ജോണ്‍ എന്നിവര്‍ ശബ്ദരൂപകല്പനയും അനൂപ് തിലക് ശബ്ദമിശ്രണവും ചെയ്തിരിക്കുന്നു. ദുന്ദു രഞ്ജീവ് കലാ സംവിധാനവും, മിട്ട എം.സി മേക്കപ്പും, അര്‍ച്ചനാ വാസുദേവ് കാസ്റ്റിംഗും, രമ്യ സര്‍വ്വദാ ദാസ് മുഖ്യ സംവിധാനസഹായവും, അഞ്ജന ഗോപിനാഥ് നിശ്ചലഛായാഗ്രഹണവും നിര്‍വഹിച്ചു. സൗമ്യ വിദ്യാധര്‍ സബ്‌ടൈറ്റില്‍സും സ്റ്റോറിസ് സോഷ്യലിന്റെ ബാനറില്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സംഗീത ജനചന്ദ്രനും നിര്‍വ്വഹിക്കുന്നു.