ധനുഷിനൊപ്പം ലെനിനും, അരിവാള്‍ ചുറ്റികയും ;  ‘ക്യാപ്റ്റന്‍ മില്ലര്‍’ വരുന്നു

ധനുഷിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ക്യാപ്റ്റൻ മില്ലെര്‍’. ധനുഷിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ക്യാപ്റ്റന്‍ മില്ലര്‍. തമിഴകത്തെ പുതിയതലമുറ സംവിധായകരില്‍ ഏറെ ശ്രദ്ധേയനായ അരുണ്‍ മതേശ്വരൻ സംവിധാനം…

ധനുഷിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ക്യാപ്റ്റൻ മില്ലെര്‍’. ധനുഷിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ക്യാപ്റ്റന്‍ മില്ലര്‍. തമിഴകത്തെ പുതിയതലമുറ സംവിധായകരില്‍ ഏറെ ശ്രദ്ധേയനായ അരുണ്‍ മതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്യാപ്റ്റൻ മില്ലര്‍’. അരുണ്‍ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ധനുഷിന്റെ ‘ക്യാപ്റ്റൻ മില്ലര്‍’ എന്ന ചിത്രത്തിന്റെ ഒരു അപ്‍ഡേറ്റ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ് ഇപ്പോള്‍. ചിത്രത്തിലെ ഒരു ഗാനം ഉടന്‍ തന്നെ എത്തുമെന്നാണ് പുറത്തു വരുന്ന വിവരം. അതേ സമയം ഇത് സംബന്ധിച്ച ചിത്രത്തിന്‍റെ പോസ്റ്റര്‍ വലിയ രീതിയിൽ തന്നെ പ്രേക്ഷകരിൽ കൗതുകം  ഉണര്‍ത്തുന്നുണ്ട്. റഷ്യന്‍ വിപ്ലവത്തിന്‍റെ നേതാവ് ലെനിന്‍റെ പടവും, അരിവാള്‍ ചുറ്റിക ചിഹ്നത്തിനും അടുത്ത് ഒരു ഉടുക്കുമായി ധനുഷ് നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ജിവി പ്രകാശ് കുമാറാണ് ക്യാപ്റ്റന്‍ മില്ലറിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെതായി  ആദ്യം പുറത്തെത്തുന്നത് ഒരു വിപ്ലവ ഗാനം ആയിരിക്കും എന്നാണ് സൂചന. അതേ സമയം തന്നെ വന്യമൃഗങ്ങൾക്ക് പ്രശ്‌നമുണ്ടാക്കുന്ന തരത്തിൽ ഈ സിനിമയുടെ ചിത്രീകരണം നടത്തുന്നു എന്നാരോപിച്ചു കൊണ്ട്  ചിത്രത്തിനെതിരെ പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഷൂട്ടിങ്ങിനായി ഉപയോഗിക്കുന്ന ഹൈ ബീം ലൈറ്റുകൾ വന്യജീവികളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുന്നതിനെക്കുറിച്ച് പ്രദേശവാസികൾ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ കലക്കാട് മുണ്ടത്തുറൈ ടൈഗര്‍ റിസര്‍വില്‍ അല്ല ‘ക്യാപ്റ്റൻ മില്ലര്‍’ ചിത്രീകരിച്ചത് എന്നും ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ചിത്രീകരിച്ചതെന്നും ഇതിനായി അനുവാദം വാങ്ങിച്ചിരുന്നുവെന്നും സംവിധായകൻ അരുണ്‍ മതേശ്വരൻ  നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രീകരണം വിചാരിച്ചതു പോലെ പുരോഗമിച്ചുവെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ച വിഷയങ്ങള്‍ അധികൃതരുമായി പ്രൊഡക്ഷൻ ടീം സംസാരിച്ചിട്ടുണ്ടെന്നുമായിരുന്നു സംവിധായകന്റെ പ്രതികരണം. എന്നാൽ എവിടെയാണ് ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലര്‍ ചിതീകരിച്ചതെന്ന വിവരം അരുണ്‍ മതേശ്വരൻ ഇതുവരെയും പുറത്തു വിട്ടിട്ടില്ല. സത്യ ജ്യോതി ഫിലിംസിന്‍റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് ക്യാപ്റ്റൻ മില്ലർ എന്ന ചിത്രം നിര്‍മ്മിക്കുന്നത്.

പ്രിയങ്ക അരുള്‍ മോഹന്‍ ആണ് ചിത്രത്തിൽ  നായിക ആയെത്തുന്നത്. ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് സിദ്ധാര്‍ഥ നൂനിയാണ് , എഡിറ്റിംഗ് നഗൂരന്‍ രാമചന്ദ്രന്‍ ആണ് നിർവഹിക്കുന്നത് , ശിവ രാജ്കുമാര്‍, സുന്ദീപ് കിഷന്‍, ജോണ്‍ കൊക്കെന്‍, എഡ്വാര്‍ഡ് സോണന്‍ബ്ലിക്ക്, നിവേദിത സതീഷ്, വിനോദ് കിഷന്‍, നാസര്‍, എലങ്കോ കുമരവേല്, വിജി ചന്ദ്രശേഖര്‍ തുടങ്ങിയവരാണ് ചിത്രത്തിൽ  മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം തന്നെ ധനുഷിന്റെ ഓരോ സിനിമയും പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ശ്രദ്ധ നേടാറുണ്ട്. ധനുഷ് അത്രയേറെ ശ്രദ്ധിച്ചിട്ടാണ് ഓരോ സിനിമയും തെരഞ്ഞെടുക്കുന്നത് എന്നത് തന്നെ കാരണം. ധനുഷിന്റെ മുൻകാല സിനിമകള്‍ പോലും അത്തരത്തിലുള്ളതാണ്. കഥയ്‍ക്കും ആഖ്യാനത്തിനുമൊക്കെ നായകനൊപ്പം തന്നെ പ്രാധാന്യമുള്ളവ. ധനുഷിന്റെ സിനിമകള്‍ തുടക്കം മുതല്‍ അങ്ങനെ തന്നെയാണ്. വേറിട്ട കഥകളുമായി എത്തുന്ന സംവിധായകരെ പരിഗണിക്കുന്ന ധനുഷ് അരുണ്‍ മതേശ്വരനുമായി കൈകോര്‍ത്തതും അങ്ങനെയാണ്. റോക്കി, സാനി കായിദം എന്നീ ചിത്രങ്ങളുടെ സംവിധായകൻ കൂടിയാണ് അരുണ്‍ മാതേശ്വരന്‍. മാത്രമല്ല സുധ കൊങ്കര സംവിധാനം ചെയ്ത ഇരുധി സുട്രുവിന്‍റെ തമിഴ് സംഭാഷണം രചിച്ചതും അരുൺ മാതേശ്വരൻ ആണ്.