ഇന്റർനാഷണൽ ഡോണായി വിനായകൻ; ധ്രുവനച്ചത്തിരം ട്രെയ്‌ലർ പുറത്ത്

എക്കാലവും സിനിമാ പ്രേമികളില്‍ ആവേശ തിരയിളക്കുന്ന ചിത്രങ്ങളാണ് ഗൗതം വാസുദേവ് മേനോന്റേതായി പുറത്ത് വന്നിട്ടുള്ളത്. അതേ സമയം ഗൗതം വാസുദേവ് മേനോൻ  പകുതി വഴിയില്‍ ഉപേക്ഷിച്ച ചിത്രങ്ങളും ആരാധകരില്‍ സൃഷ്ടിക്കുന്ന നിരാശ ചെറുതല്ല. ചില…

എക്കാലവും സിനിമാ പ്രേമികളില്‍ ആവേശ തിരയിളക്കുന്ന ചിത്രങ്ങളാണ് ഗൗതം വാസുദേവ് മേനോന്റേതായി പുറത്ത് വന്നിട്ടുള്ളത്. അതേ സമയം ഗൗതം വാസുദേവ് മേനോൻ  പകുതി വഴിയില്‍ ഉപേക്ഷിച്ച ചിത്രങ്ങളും ആരാധകരില്‍ സൃഷ്ടിക്കുന്ന നിരാശ ചെറുതല്ല. ചില ചിത്രങ്ങളാകട്ടെ ചിത്രീകരണം അനന്തമായി നീണ്ടുപോയി ഒടുവില്‍ ആരാധകരില്‍ സങ്കടം മാത്രം ബാക്കിയാക്കിയവയുമാണ് . ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ധ്രുവനച്ചത്തിരവും അത്തരത്തില്‍ സിനിമാ പ്രേമികളെ കാത്തിരിപ്പിന്റെ പരകോടിയിലെത്തിച്ച സിനിമയാണ്. 2016 ജൂണില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഓരോ അപ്‌ഡേറ്റിനും ഇപ്പോഴും ആരാധകര്‍ ആവേശത്തോടെയാണ് പ്രതികരിക്കുന്നത്. അങ്ങനെ  നാളത്തെ ആ​രാധകരുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഗൗതം വാസുദേവ് മേനോന്റെ ധ്രുവനച്ചത്തിരത്തിന്റെ ട്രെയ്ലർ പുറത്തു വിട്ടിരിക്കുകയാണ്  അണിയറ പ്രവർത്തകർ. ചിത്രം നവംബർ 24 ന് തിയറ്ററുകളിലെത്തും. ധ്രുവനച്ചത്തിരം ഒരു ആക്ഷൻ പാക്ക്ഡ് ചിത്രമായിരിക്കും എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. സ്‌പൈ ത്രില്ലര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നതോടെ ആരാധകരില്‍ വീണ്ടും ആവേശ തിരയിളക്കം ഉണ്ടായിട്ടുണ്ട്. ഏറ്റവും ബെസ്റ്റായ 11 പേര് അടങ്ങുന്ന അണ്ടര്‍ കവര്‍ ഏജന്‍റ് സംഘത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സംവിധായകനായ ഗൗതം വാസുദേവ് മേനോന്‍ അടക്കം നേരത്തെ താരനിരയില്‍ ഇല്ലാത്തവരും ചിത്രത്തിന്‍റെ ഭാഗമാകുന്നു എന്നതാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.      അതേ സമയം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നതോടെ മലയാളി പ്രേക്ഷകരെ കൂടുതല്‍ ആവേശത്തിലാക്കുന്ന മറ്റൊരു ഘടകം കൂടി ചിത്രത്തിലുണ്ട്. വിക്രത്തിനൊപ്പം മലയാളത്തിന്റെ പ്രിയ താരം വിനായകനും ചിത്രത്തിലെത്തുന്നു എന്നതാണ് മലയാളികളിലെ ആവേശത്തിന് കാരണം. വിനായകന്‍ വിക്രമിന്റെ വില്ലനായെത്തുന്നുവെന്ന സൂചനകളാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. ജയിലറിന് ശേഷം വിനായകന്‍റെ ശക്തമായ വേഷമാണ് ധ്രുവ നച്ചത്തിരത്തിലേത്  എന്നാണ് സൂചന. വർമാനെന്ന ലോക്കൽ വില്ലന് ശേഷം ധ്രുവ നച്ചത്തിരത്തിലേക്കെത്തുമ്പോൾ വിനായകണ് ഇന്റർനാഷണൽ ഡോൺ ആണെന്ന് ട്രൈലെർ പറയുന്നുണ്ട്. ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. റിതു വർമ്മ, പാർത്ഥിപൻ, സിമ്രാൻ, ശരത്കുമാർ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യ ദർശിനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.

മലയാളത്തിൽ നിന്ന് പാർവതിയും മാളവിക മോഹനും എത്തുന്നുണ്ട്.     ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. മനോജ് പരമഹംസ, കതിർ, വിഷ്ണു ദേവ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ആന്റണി നിർവഹിക്കുന്നു. ഒരുവൂരിലെയൊരു ഫിലിം ഹൗസും ഒൺഡ്രാഗ എന്റെർറ്റൈന്മെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സ്പൈ ത്രില്ലറായ ധ്രുവനച്ചത്തിരം 2016ലാണ് ആരംഭിക്കുന്നത്. ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. പിന്നീട് 2019ല്‍ ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക തടസങ്ങള്‍ മൂലം നീണ്ട് പോവുകയായിരുന്നു. ചിത്രം റിലീസ് ചെയ്യാന്‍ വർഷങ്ങൾ നീണ്ടതോടെ ‘ധ്രുവനച്ചത്തിര’വുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ആറ് വര്‍ഷങ്ങള്‍ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനായത്. സിനിമയുടെ പുറത്തിറങ്ങിയ ടീസറും പാട്ടുകളും ഇതോടകം ഏറെ ശ്രദ്ധ നേടിയിരുന്നു. ഏഴ് രാജ്യങ്ങളിലായാണ് സിനിമയുടെ ചിതിരീകരണം പൂര്‍ത്തിയാക്കിയത്.   മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വൻ രണ്ടാം ഭാ​ഗമാണ് വിക്രമിന്റേതായി ഏറ്റവും ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. പാ.രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന തങ്കലാനാണ് ചിത്രീകരണം പൂർത്തിയായ വിക്രമിന്റെ ഏറ്റവും പുതിയ പ്രൊജക്ട്.