ജോണി ഡെപ്പിനെ ഡിസ്‌നി തിരിച്ച് വിളിച്ചോ? വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി താരത്തിന്റെ പ്രതിനിധി

പൈരേറ്റ്‌സ് ഓഫ് ദ കരീബിയന്‍ ഫ്രാഞ്ചൈസിലേക്ക് ജോണി ഡെപ്പിനെ തിരികെ കൊണ്ടുവരാന്‍ ഡിസ്‌നി അപേക്ഷിച്ചു എന്ന വാര്‍ത്തകള്‍ തെറ്റെന്ന് താരത്തിന്റെ പ്രതിനിധി. ക്യാപ്റ്റന്‍ ജാക്ക് സ്പാരോ എന്ന കടല്‍ക്കൊള്ളക്കാരന്റെ വേഷത്തില്‍ ഡെപ്പിനെ തിരികെ കൊണ്ടുവരാന്‍…

പൈരേറ്റ്‌സ് ഓഫ് ദ കരീബിയന്‍ ഫ്രാഞ്ചൈസിലേക്ക് ജോണി ഡെപ്പിനെ തിരികെ കൊണ്ടുവരാന്‍ ഡിസ്‌നി അപേക്ഷിച്ചു എന്ന വാര്‍ത്തകള്‍ തെറ്റെന്ന് താരത്തിന്റെ പ്രതിനിധി. ക്യാപ്റ്റന്‍ ജാക്ക് സ്പാരോ എന്ന കടല്‍ക്കൊള്ളക്കാരന്റെ വേഷത്തില്‍ ഡെപ്പിനെ തിരികെ കൊണ്ടുവരാന്‍ 2360 കോടി രൂപ ഡിസ്നി വാഗ്ദാനം ചെയ്‌തെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

മുന്‍ ഭാര്യയും ബോളിവുഡ് അഭിനേത്രിയുമായ ആംബര്‍ ഹേഡിനെതിരായ കേസ് വിജയിച്ചതിനു ശേഷം ഡെപ്പിനോട് ഡിസ്‌നി മാപ്പപേക്ഷിച്ചു എന്നും പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ സിനിമാപരമ്പരയിലെ ക്യാപ്റ്റന്‍ ജാക്ക് സ്പാരോ ആയി തിരികെയെത്താന്‍ അപേക്ഷിച്ചു എന്നും ഓസ്‌ട്രേലിയന്‍ വെബ്സൈറ്റായ പോപ്‌ടോപ്പിക് ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ വാര്‍ത്ത തെറ്റാണെന്നാണ് പ്രതിനിധി വ്യക്തമാക്കിയിത്. എന്‍ബിസി ന്യൂസിനോടാണ് അദ്ദേഹം പ്രതികരിച്ചത്.ഹേര്‍ഡ് ഡെപ്പിനെതിരേ ഗാര്‍ഹിക പീഡനവും ബലാത്സംഗവും ആരോപിച്ചതോടെ ജോണി ഡെപ്പുമായുള്ള കരാറുകളില്‍ നിന്ന് നിരവധി ചലച്ചിത്ര നിര്‍മാണ കമ്പനികള്‍ പിന്മാറിയിരുന്നു. വിധി അനുകൂലമായ സാഹചര്യത്തിലാണ് ഡിസ്‌നി ഉള്‍പ്പടെ പല കമ്പനികളും വീണ്ടും കരാറുകള്‍ ഒപ്പിടാന്‍ ജോണി ഡെപ്പിനെ സമീപിച്ചത് എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ സിനിമാ പരമ്പരയിലെ ആറാം സിനിമയ്ക്കും സിനിമയുടെ ഡിസ്‌നി പ്ലസ് സ്പിന്‍ ഓഫ് സീരീസിനുമായാണ് സ്റ്റുഡിയോ ഡെപ്പിനെ സമീപിച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഡിസ്‌നി 300 മില്ല്യണ്‍ ഡോളര്‍ നല്‍കിയാലും താന്‍ ഇനി പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ സിനിമയില്‍ അഭിനയിക്കില്ലെന്ന് ഡെപ്പ് നേരത്തെ നിലപാടെടുത്തിരുന്നു.

കേസ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആംബര്‍ ഹേഡ് ജോണി ഡെപ്പിന് നഷ്ടപരിഹാരമായി 15 മില്യണ്‍ ഡോളര്‍ നല്‍കണമെന്നായിരുന്നു കോടതി ഉത്തരവ്. ആംബറിന് ജോണി ഡെപ്പ് 2 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. എന്നാല്‍, ഒരു കാരണവശാലും ഹേഡിന് ഈ തുക നല്‍കില്ലെന്ന് അവരുടെ അഭിഭാഷക അറിയിച്ചിരുന്നു. വിധി തന്നെ തകര്‍ത്തുവെന്ന് ആംബര്‍ ഹേഡും തനിക്ക് പണം വേണ്ടെന്ന് ഡെപ്പും പ്രതികരിച്ചിരുന്നു. പണത്തിനു വേണ്ടിയല്ല കേസ് കൊടുത്തതെന്നും നീതിയായിരുന്നു വേണ്ടിയിരുന്നതെന്നും ഡെപ്പ് പറഞ്ഞിരുന്നു.