ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതായി അന്വേഷണ സംഘം: പ്രതീക്ഷ ഇനി ‘ഹാര്‍ഡ് ഡിസ്‌കില്‍’

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഹൈക്കോടതിയില്‍. നടിയെ ആക്രമിച്ച കേസുമായും, ഇത് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്തുന്നതുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ഫോണില്‍ നിന്നും…

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഹൈക്കോടതിയില്‍. നടിയെ ആക്രമിച്ച കേസുമായും, ഇത് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്തുന്നതുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ഫോണില്‍ നിന്നും നശിപ്പിച്ചു.

അന്വേഷണത്തിനായി ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടതിന് ശേഷമാണ് തെളിവുകള്‍ നശിപ്പിക്കപ്പെട്ടതെന്നും ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായതായും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ ജനുവരി 29നാണ് കോടതി ഉത്തരവിട്ടത്. ഇതേ ദിവസവും, തൊട്ടടുത്ത ദിവസവുമാണ് ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടത്.

മുംബൈയ്ക്ക് അയച്ച നാല് ഫോണുകളിലെയും വിവരങ്ങള്‍ ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാബ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍വെച്ചാണ് ഫോണിലെ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ലാബ് ഉടമകളെ ചോദ്യം ചെയ്തതില്‍നിന്നും തെളിവുകള്‍ നശിപ്പിച്ചതായി ഇവര്‍ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഫോണിലെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്‌കിലേയ്ക്ക് മാറ്റിയതായും, ഈ ഹാര്‍ഡ് ഡിസ്‌ക് ദിലീപിന്റെ അഭിഭാഷകന് കൈമാറിയതായും ലാബ് ഉടമകള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്ത പോലീസ് ഇത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.