ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍: ഫോറന്‍സിക് വിദഗ്ധനും പ്രതിയാകും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന അതിജീവിതയുടെ ആരോപണം ശരിവയ്ക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ദിലീപിന്റെ ഫോണ്‍ രേഖകള്‍ മായ്ച്ചത് അഭിഭാഷകന്റെ ഓഫീസില്‍ വച്ചാണെന്ന ഫോറന്‍സിക് പരിശോധനാഫലമാണ് പുറത്തുവന്നിരിക്കുന്നത്.…

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന അതിജീവിതയുടെ ആരോപണം ശരിവയ്ക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ദിലീപിന്റെ ഫോണ്‍ രേഖകള്‍ മായ്ച്ചത് അഭിഭാഷകന്റെ ഓഫീസില്‍ വച്ചാണെന്ന ഫോറന്‍സിക് പരിശോധനാഫലമാണ് പുറത്തുവന്നിരിക്കുന്നത്.

ദിലീപിന്റെ ഫോണ്‍ രേഖകള്‍ മായ്ക്കാന്‍ കൊച്ചിയിലെ അഭിഭാഷകന്‍ ഓഫീസിലെ വൈ ഫൈ ഉപയോഗിച്ചെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. സ്വകാര്യ ഫോറന്‍സിക് വിദഗ്ധന്‍ സായിശങ്കര്‍ ഈ ഓഫിസില്‍ വെച്ചാണ് രേഖകള്‍ മായ്ച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സായിശങ്കര്‍ കേസില്‍ പ്രതിയാകും. സായിശങ്കറിനെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

അഭിഭാഷകരായ ബി രാമന്‍പിള്ള, ടി ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ അടക്കമുള്ളവര്‍ക്കെതിരെ ആണ് അതിജീവിത ബാര്‍കൗണ്‍സിലില്‍ പരാതി നല്‍കിയത്. സീനിയര്‍ അഭിഭാഷകനായ രാമന്‍പിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു സ്വാധീനിച്ചു. രാമന്‍പിള്ളയുടെ ഓഫിസില്‍ വെച്ച് ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചു. കോടതി ഉത്തരവ് നിലനില്‍ക്കേ ആണ് ഈ നടപടി ഉണ്ടായത്.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി വേണം. നിലവില്‍ 20 സാക്ഷികള്‍ കൂറ് മാറിയതിനു പിറകില്‍ അഭിഭാഷക സംഘം ഉണ്ട് എന്നും അതിജീവിത ബാര്‍ കൗണ്‍സിലില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.