‘മാര്‍ക്ക് ആന്റണി’ സംവിധായകന്‍ ആദിക് രവിചന്ദ്രനും ഐശ്വര്യ പ്രഭുവും വിവാഹിതരായി!!

സൂപ്പര്‍ഹിറ്റ് ചിത്രം ‘മാര്‍ക്ക് ആന്റണി’യുടെ സംവിധായകന്‍ ആദിക് രവിചന്ദ്രനും ഐശ്വര്യ പ്രഭുവും വിവാഹിതരായി. നടന്‍ പ്രഭുവിന്റെ മകളാണ് ഐശ്വര്യ. ചെന്നൈയില്‍ വച്ചായിരുന്നു താരങ്ങളുടെ വിവാഹം. ഇരുവീട്ടുകാരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തിന് എത്തിയത്. സിനിമാ…

സൂപ്പര്‍ഹിറ്റ് ചിത്രം ‘മാര്‍ക്ക് ആന്റണി’യുടെ സംവിധായകന്‍ ആദിക് രവിചന്ദ്രനും ഐശ്വര്യ പ്രഭുവും വിവാഹിതരായി. നടന്‍ പ്രഭുവിന്റെ മകളാണ് ഐശ്വര്യ. ചെന്നൈയില്‍ വച്ചായിരുന്നു താരങ്ങളുടെ വിവാഹം. ഇരുവീട്ടുകാരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തിന് എത്തിയത്. സിനിമാ ലോകത്ത് നിന്നും നടന്‍ വിശാല്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

കുറേക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നു ഐശ്വര്യയും ആദിക് രവിചന്ദ്രനും. സൗഹൃദം പിന്നീട് പ്രണയമായി, കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഐശ്വര്യയ്ക്ക് ഒരു സഹോദരനുമുണ്ട്, നടന്‍ വിക്രം പ്രഭു.

സംവിധായകന്‍ മാത്രമല്ല ആദിക്, നടനായും ശ്രദ്ധേയനായിരുന്നു. നേര്‍കൊണ്ട പാര്‍വൈ, കോബ്ര എന്നീ സിനിമകളില്‍ ആദിക് അഭിനയിച്ചിട്ടുണ്ട്. 2015ലിറങ്ങിയ തൃഷ ഇല്ലാനാ നയന്‍താര എന്ന സിനിമയിലൂടെ സംവിധാനത്തിലേക്ക് ആദിക് ചുവടുവച്ചു. പ്രഭുദേവ നായകനായ ബഗീര എന്ന ചിത്രവും ഒരുക്കിയത് ആദികാണ്.

ഈ വര്‍ഷം പുറത്തിറങ്ങിയ വിശാല്‍ നായകനായ മാര്‍ക്ക് ആന്റണി എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിലൂടെ ഹിറ്റ് സംവിധായകനായി ആദിക് മാറി. ടൈം ട്രാവല്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. വിശാലിനെ കൂടാതെ എസ്. ജെ സൂര്യ, സുനില്‍, ശെല്‍വരാഘവന്‍, ഋതു വര്‍മ, യൈ ജി മഹേന്ദ്രന്‍, നിഴല്‍ഗള്‍ രവി, റെഡിന്‍ കിംഗ്‌സ്‌ലെ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായത്.

അജിത് കുമാറിനെ നായകനാക്കി പുതിയ ചിത്രം എ.കെ 63 സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് ആദിക്. 2024ല്‍ ഈ സിനിമ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.