‘ആകെയുള്ള ഞായറാഴ്ച, പറ്റില്ല എന്ന് പറയാന്‍ കഴിയുമോ?’ കളക്ടറെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി കെ എസ് ശബരീനാഥ്

പൊതു പരിപാടിയില്‍ കുഞ്ഞിനേയും കൊണ്ടു വന്ന പത്തനംതിട്ട കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ക്ക് നേരെ ചിലര്‍ വിമര്‍ശനങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്നു. ആറാമത് അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന വേദിയിലാണ് കളക്ടര്‍ കുഞ്ഞുമായി എത്തിയത്.…

പൊതു പരിപാടിയില്‍ കുഞ്ഞിനേയും കൊണ്ടു വന്ന പത്തനംതിട്ട കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ക്ക് നേരെ ചിലര്‍ വിമര്‍ശനങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്നു. ആറാമത് അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന വേദിയിലാണ് കളക്ടര്‍ കുഞ്ഞുമായി എത്തിയത്. ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, എംഎല്‍എ ചിറ്റയം ഗോപകുമാര്‍ തുടങ്ങി നിരവധി പേരാണ് കളക്ടര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ‘ഇത് അനുകരണീയമല്ല, കളക്ടര്‍ തീരെ ഔചിത്യമില്ലാതെ ഒരു തമാശക്കളിയായാണ് ഈ പരിപാടിയെ കണ്ടത്. ഇതവരുടെ വീട്ടുപരിപാടിയല്ല. ഓവറാക്കി ചളമാക്കി’ എന്നായിരുന്നു രാജീവ് ആലുങ്കലിന്റെ ഫേസ്ബുക്ക് കമന്റ്. എന്നാല്‍ വിമര്‍ശനങ്ങളോട് പ്രതികരിച്ച് കളക്ടറുടെ ഭര്‍ത്താവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കെ എസ് ശബരീനാഥന്‍ രംഗത്തെത്തി.

കുഞ്ഞുമായി വേദിയില്‍ നില്‍ക്കുന്ന കളക്ടറുടെ വീഡിയോ പോസ്റ്റ് ചെയ്ത ചിറ്റയം ഗോപകുമാറിനിന് കെ എസ് ശബരീനാഥന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ആകെയുള്ള ഞായറാഴ്ച അവധി ദിനത്തില്‍ ഔദ്യോഗിക സ്വഭാവമില്ലാത്ത പരിപാടിയിലാണ് കുഞ്ഞിനെ കൊണ്ടുവന്നതെന്നും കുട്ടി അമ്മയുടെ പിറകെ പോയാല്‍ പറ്റില്ലെന്ന് പറയാനാകുമോയെന്നും ചോദിച്ചു.

‘വീഡിയോ പോസ്റ്റ് ചെയ്തതിന് നന്ദി. ആറു ദിവസവും ജോലി ചെയ്ത് ആകെയുള്ള ഞായറാഴ്ച അവധി ദിനത്തില്‍ ഔദ്യോഗിക സ്വഭാവം ഇല്ലാത്ത ഒരു പ്രോഗ്രാമില്‍ ക്ഷണം സ്വീകരിച്ചുപോയപ്പോള്‍ കുഞ്ഞിനെ കൊണ്ടുപോകുന്നത് അരോചമല്ല കവി. പിന്നെ അവധി ദിവസം അവന്‍ അമ്മയുടെ പുറകെ നടന്നാല്‍ പറ്റില്ല എന്ന് പറയാന്‍ കഴിയുമോ? ഇവിടെ യുണൈറ്റഡ് നേഷനിലും വിദേശത്തെ ജനപ്രതിനിധി സഭകളിലും വനിതകള്‍ കൈക്കുഞ്ഞുങ്ങളെ കൊണ്ടു വരുന്നുണ്ട്. ലോകം മാറുകയാണ് നമ്മളും..’ ശബരീനാഥ് കുറിച്ചു.