സ്കോഡ കൈലാക് എസ്‌ യൂ വി എല്ലാ വേരിയന്റുകളും പുറത്തിറക്കി ടീം

ചെക്ക് ആഡംബര വാഹന നിർമാതാക്കളായ സ്‌കോഡ നവംബർ ആദ്യവാരമാണ് സ്‌കോഡ കൈലാക്ക് എസ്‍യുവി പുറത്തിറക്കിയത്. ബേസ് വേരിയന്‍റിന്‍റെ വില മാത്രം ആയിരുന്നു കമ്പനി ഇതുവരെ പ്രഖ്യാപിച്ചിരുന്നത്. ഇപ്പോഴിതാ വാഹനത്തിന്‍റെ മുഴുവൻ വേരിയന്‍റുകളുടെയും വില പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. കൂടാതെ ഇതിനുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. എസ്‌യുവിയിൽ എത്ര വേരിയൻ്റുകളാണ് നൽകിയിരിക്കുന്നത്? എന്ത് വിലയ്ക്ക് അവ വാങ്ങാം? സ്‌കോഡ കൈലാക്കിൻ്റെ ഡെലിവറി എപ്പോൾ ആരംഭിക്കും? ഇതാ അറിയേണ്ടതെല്ലാം.

വേരിയന്‍റുകളും വിലയും
സ്‍കോഡ കൈലാക് ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് എത്തുന്നത്. കോംപാക്‌ട് എസ്‌യുവിയുടെ മാനുവൽ വേരിയന്റുകൾക്ക് 7.89 ലക്ഷം മുതൽ 13.35 ലക്ഷം വരെയാണ് വില. അതേസമയം ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 10.59 ലക്ഷം മുതൽ 14.40 ലക്ഷം വരെയാണ് വില.

പവർട്രെയിൻ
മറ്റ് സ്കോഡ ഫോക്സ്‍വാഗൺ മോഡലുകളിൽ ഇതിനകം കണ്ടിട്ടുള്ള 1.0-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനിലാണ് കൈലാക്ക് വരുന്നത്. ഇത് 115 എച്ച്‌പിയും 178 എൻഎം ടോർക്കും സൃഷ്‍ടിക്കുന്നു. കൂടാതെ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്നു. 10.5 സെക്കൻഡിനുള്ളിൽ കൈലാക്കിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്ന് സ്കോഡ പറയുന്നു. ടോപ്പ്-സ്പെക് പ്രസ്റ്റീജ് ട്രിമ്മിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സിനായി പാഡിൽ ഷിഫ്റ്ററുകളും ലഭിക്കുന്നു.

തിളങ്ങുന്ന കറുത്ത ഫ്രണ്ട് ഗ്രിൽ, 17 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലൈറ്റുകൾ, ഡ്രൈവർക്കും കോ-ഡ്രൈവറിനുമുള്ള 6-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, ഫ്രണ്ട് വെൻ്റിലേറ്റഡ് സീറ്റുകൾ, സിംഗിൾ പെയിൻ ഇലക്ട്രിക് സൺറൂഫ്, 20.32 സെ.മീ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് ചാർജിംഗ്, 25.6 സെൻ്റീമീറ്റർ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ട്രങ്കിൽ മൂന്ന് കിലോഗ്രാം കപ്പാസിറ്റിയുള്ള ഹുക്ക് തുടങ്ങി നിരവധി ഫീച്ചറുകൾ നൽകിയിട്ടുണ്ട്.

സ്‌കോഡ കൈലാക്ക് എസ്‌യുവിയുടെ സുരക്ഷയിലും വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ആറ് എയർബാഗുകൾ, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ഇഎസ്‌സി, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, മൾട്ടി കൊളിഷൻ ബ്രേക്ക് തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുന്ന 25-ലധികം സുരക്ഷാ ഫീച്ചറുകൾ എസ്‌യുവിയിൽ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്.