ധാരാളം വേഷങ്ങൾ ബാക്കി നിൽക്കെ അദ്ദേഹം അപ്രതീക്ഷിതമായി വിട വാങ്ങി

സിനിമ, ടിവി നടന്‍ സലിം ഘൗസ് അന്തരിച്ചു. 70 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത ‘വെട്രിവിഴ’ എന്ന ചിത്രത്തില്‍ കമല്‍ഹാസന്റെ വില്ലനായി തിളങ്ങി. 1990 ല്‍…

സിനിമ, ടിവി നടന്‍ സലിം ഘൗസ് അന്തരിച്ചു. 70 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത ‘വെട്രിവിഴ’ എന്ന ചിത്രത്തില്‍ കമല്‍ഹാസന്റെ വില്ലനായി തിളങ്ങി. 1990 ല്‍ ഭരതന്റെ മലയാളം ക്ലാസിക് ചിത്രം താഴ്വാരത്തില്‍ രാഘവന്‍ എന്ന വില്ലന്‍ കഥാപാത്രവുമായി മോഹന്‍ലാലിനൊപ്പം മല്‍സരിച്ചഭിനയിച്ചു. ഉടയോന്‍ എന്ന സിനിമയിലും വേഷമിട്ടു.

ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

സലിം ഗൗസിന് വിട …….
1997 – ൽ റിലീസ് ചെയ്ത അബ്ബാസ് – മസ്താൻ ചിത്രമായ സോൾജിയറിലാണ് ഞാൻ ആദ്യമായി സലിം ഗൗസിനെ കാണുന്നത് . കേരളത്തിലും ഹിറ്റായ ആ ബോളിവുഡ് ചിത്രത്തിൽ പ്രധാന വില്ലൻ വേഷത്തിലായിരുന്നു അദ്ദേഹം . അൽപ്പം സസ്പെൻസൊക്കെയുള്ള ഒരു റോളായിരുന്നു അത് . പിന്നീട് രാം ഗോപാൽ വർമ്മയുടെ തെലുങ്ക് ചിത്രമായ ശിവയിലാണ് സലിം ഗൗസിനെ കാണുന്നത് . തമിഴ് മൂവി ചാനലായ കെ ടിവിയിൽ തമിഴ് പതിപ്പാണ് കണ്ടത് . ചിത്രത്തിൽ നായകവേഷം ചെയ്ത നാഗാർജ്ജുനയേക്കാൾ മികച്ച പ്രകടനമാണ് സലിം ഗൗസ് കാഴ്ചവെച്ചത് . കെ ടിവിയിലൂടെ തന്നെ പ്രതാപ് പോത്തന്റെ കമലാഹാസൻ ചിത്രമായ വെട്രി വിഴയിലെ മാരക പെർഫോൻസും കാണാനിടയായി .
അന്യഭാഷകളിലെ സലിം ഗൗസിന്റെ മികവുറ്റ അഭിനയം കണ്ടതിന് ശേഷമാണ് ഒരു മലയാളം ചാനലിൽ ഭരതൻ – എം ടി കൂട്ട്കെട്ടിലെ മോഹൻലാൽ ചിത്രമായ താഴ് വാരം കാണുന്നത് . അന്യഭാഷാ ചിത്രങ്ങളിലെ ലൗഡായ പ്രകടനത്തെ മാറ്റി വച്ച് സൂക്ഷ്മാഭിനയം കാഴ്ച്ച വച്ച സലിം ഗൗസ് എന്നെ അദ്ഭുതപ്പെടുത്തി . പെർഫെക്റ്റ് കാസ്റ്റിംഗായിരുന്നു അത് . കുടില ബുദ്ധിയും സൂത്രശാലിയുമായ രാഘവന്റെ വേഷം സലിമിന്റെ കയ്യിൽ ഭദ്രമായിരുന്നു . ശരീര ഭാഷയും കണ്ണുകളിൽ സ്ഫുരിച്ച ചില പ്രത്യേക ഭാവ പ്രകടനങ്ങളും വഴി സലിം നിരൂപക പ്രശംസ പിടിച്ചു പറ്റി . ഒപ്പം ഷമ്മി തിലകന്റെ ശബ്ദവും ആ വേഷത്തെ മികവുറ്റതാക്കി തീർത്തു . പിന്നീട് ഭദ്രന്റെ ഉടയോനിലും ഒരു വേഷം സലിം ചെയ്യുകയുണ്ടായി . പക്ഷേ ,ആ ചിത്രം അധികം ശ്രദ്ധിക്കപ്പെടാതെ പോയി .
ഏറ്റവുമൊടുവിൽ കണ്ട സലിം ഗൗസിന്റെ പ്രകടനം വിജയ് ചിത്രമായ വേട്ടെക്കാരനിൽ ആയിരുന്നു . വേദനായകം എന്ന വില്ലൻ വേഷത്തിൽ ഗംഭീര പ്രകടനമാണദ്ദേഹം കാഴ്ച്ച വച്ചത് . ” വേദനായകം എന്നാ ഭയം ” എന്ന പഞ്ച് ഡയലോഗും ആ റോളിനെ തിളക്കമുള്ളതാക്കി . മൂന്ന് ദശാബ്ധത്തിലേറെ ദൈർഘ്യമുള്ള സലിം ഗൗസിന്റെ കരിയറിൽ വളരെ ചുരുക്കം ചിത്രങ്ങളിലേ അദ്ദേഹം ഭാഗഭാക്കായിട്ടുള്ളൂ . തീയേറ്റർ ആർട്ടിസ്റ്റായ സലിം കൂടുതൽ സമയവും നാടകാഭിനയത്തിനാണ് പ്രാധാന്യം നൽകിയിട്ടുള്ളത് . ഇനിയും ധാരാളം വേഷങ്ങൾ ബാക്കി നിൽക്കെ അദ്ദേഹം അപ്രതീക്ഷിതമായി വിട വാങ്ങി ……
ആദരാഞ്ജലികൾ …….