‘ആ വിളിയാണ്, അന്നു മുതലുള്ള സ്വപ്നങ്ങളാണ് അയാളെയൊരു കൊലയാളിയാക്കുന്നത്’ കുറിപ്പ്

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഫഹദ് ചിത്രം ജോജിക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ഛായാ മുഖി എന്ന പ്രൊഫൈലില്‍ വന്ന കുറിപ്പാണ് വൈറലാകുന്നത്. ‘കുടുംബയോഗം കൂടുന്ന മേശയില്‍, അന്നോളം…

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഫഹദ് ചിത്രം ജോജിക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ഛായാ മുഖി എന്ന പ്രൊഫൈലില്‍ വന്ന കുറിപ്പാണ് വൈറലാകുന്നത്. ‘കുടുംബയോഗം കൂടുന്ന മേശയില്‍, അന്നോളം കണ്ടിട്ടില്ലാത്ത ഒരമ്മച്ചിയെ കൊണ്ടിരുത്തിയത് എന്തിനാണെന്ന് ഞാനപ്പോള്‍ സംശയിച്ചിരുന്നു. കുറ്റബോധം കൊണ്ടോ പിടിക്കപ്പെടുമെന്ന ഭയം കൊണ്ടോ തലപെരുത്ത് ഡിപ്രഷനില്‍ ഇരിക്കുന്ന ജോജിയോട് ‘നീയൊരു കല്യാണം കഴിക്ക് ജോജിയെ, എല്ലാം ശരിയാകും’ എന്ന ഒറ്റ വാചകത്തില്‍ കൂടി, കള്ളുകൂടിയോ കഞ്ചാവടിയോ, ഭ്രാന്തോ, സൈക്കോസിസിന്റെ നൂറായിരം അവസ്ഥാന്തരങ്ങളോ എന്തായാലും അങ്ങനെയുള്ള ആണിനെ പെണ്ണ് കെട്ടിച്ച് നന്നാക്കാന്‍ പറ്റുമോ എന്ന് പരീക്ഷിക്കുന്ന മലയാളിയുടെ നെറുകുംതലയ്ക്കിട്ട് ആഞ്ഞൊരടി കൊടുക്കാനാണെന്ന് ഇത്തിരി കഴിഞ്ഞപ്പോള്‍ തന്നെ മനസ്സിലായി’ എന്ന് കുറിക്കുന്നു.

കുറിപ്പ് വായിക്കാം

അബദ്ധത്തിൽ ആരെയെങ്കിലും കൊന്നതായി, ആരെങ്കിലും കൊന്നോ കട്ടോ ഇട്ട തൊണ്ടിമുതലുമായി പബ്ലിക്കിന്റെ മുന്നിൽ തെറ്റുകാരിയായി നിൽക്കുന്നതായി സ്വപ്നം കണ്ടിട്ടുണ്ട് ഞാൻ. അതൊരു വല്ലാത്ത അവസ്ഥയാണ്. ഭാവിയെക്കുറിച്ചുള്ള ആധിയുമായി, ഈ ദിവസമിപ്പോൾ ഇന്നലത്തെ ദിവസമായിരുന്നെങ്കിൽ, ഈ അബദ്ധത്തിൽ നിന്നും ഞാൻ ഓടിപ്പോയേനെ എന്ന് വെറുതെ ആഗ്രഹിച്ചു നിൽക്കുന്ന നിമിഷങ്ങൾ.
ആ ആധി, ജോജിയുടെ കണ്ണുകളിൽ ഞാൻ കണ്ടു. പനച്ചേൽ കുട്ടപ്പന്റെ മകൻ ജോജിയുടെ. ദിലീഷ് പോത്തന്റെ “ജോജി”യുടെ. പക്ഷേ ഒന്നോ രണ്ടോ നിമിഷങ്ങൾ മാത്രം. ശേഷം, കൗശലക്കാരനായ ഒരു കുറുക്കന്റെ കണ്ണുകളായിരുന്നു ജോജിയ്ക്ക്. ജോക്കുട്ടന്റെ മുന്നിൽ, അളിയന്റെ മുന്നിൽ ഒക്കെയും. ധനമോഹത്തിൽ രക്തബന്ധം പോലും മറക്കുന്ന ഒരു പക്കാ സൈക്കോയുടെ കണ്ണുകൾ.
പറഞ്ഞു വന്നത് ദിലീഷ് പോത്തന്റെ ജോജിയെന്ന സിനിമയെക്കുറിച്ചാണ്. ജോജിയുടെ തന്നെ മിനിപതിപ്പാകുമെന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്ന, ജോജിയുടെ ചേട്ടന്റെ മകൻ പോപ്പിയിൽ നിന്നാണ് കഥ തുടങ്ങുന്നത്. മുംബെയിലെ കടലിൽ തിരകൾക്ക് തീരം തൊടാൻ പോലും റോക്കിഭായ്ടെ അനുവാദം വേണമെന്ന് KGF ൽ പറയുന്നത് പോലെയാണ് പനച്ചേൽ കുടുംബത്തിൽ ഉള്ളവരുടെ അവസ്ഥ. ഒന്ന് മുള്ളാൻ പോലും അപ്പന്റെ അനുവാദം വേണം.എല്ലാം അപ്പന്റെ കൈപ്പിടിയിൽ.
ഹാർട്ടറ്റാക്ക് വന്ന് നാട്ടുകാര് ചുമന്നു വരുന്ന ബോധമില്ലാതെ കിടക്കുന്ന അപ്പനോട് (അതേ അപ്പനെ ആശുപത്രിയിൽ എത്തിക്കാൻ ) അപ്പാ വണ്ടീടെ താക്കോൽ ഒന്നെടുക്കുവാണേ എന്ന് വണ്ടിയെടുക്കാൻ ഓടുന്നതിനിടയിൽ വിളിച്ചു പറയുന്ന ജോജിയും, തളർന്നു കിടക്കുന്ന അപ്പനോട് അപ്പാ ഒരു കുപ്പിയെടുക്കുവാണേയെന്ന് പറഞ്ഞു മദ്യക്കുപ്പിയെടുക്കുന്ന ജോക്കുട്ടനും വളരെ ചെറിയ ഉദാഹരണങ്ങൾ മാത്രം. . അതേ മനുഷ്യന്റെ ATM കാർഡ് അടിച്ചു മാറ്റി ഓൺലൈൻ ഷോപ്പിങ് നടത്തുന്ന പോപ്പി നാളത്തെ ജോജിയാകില്ലെന്ന് പറയാൻ സിനിമ കണ്ട ആർക്കും കഴിയില്ല.
കുട്ടപ്പന്റെ മൂന്നു മക്കളിൽ മൂത്തവനായ ജോക്കുട്ടന് (ഡിവോഴ്സ്ഡ് / പോപ്പിയുടെ അച്ഛൻ ) മാത്രമാണ് അപ്പനോട് അൽപ്പമെങ്കിലും സ്നേഹമുള്ളതെന്ന് തോന്നുമെങ്കിലും അപ്പൻ മരിച്ചപ്പോൾ പടക്കം പൊട്ടിച്ചും, ഓപ്പറേഷൻ നടത്തേണ്ടിവന്ന അവസ്ഥയിൽ കാശൊന്നും നോക്കണ്ട നാട്ടുകാരെ ബോധിപ്പിക്കണം എന്ന് പറഞ്ഞും അയാളത് കളഞ്ഞുകുളിക്കുന്നുണ്ട്. അതിനേക്കാൾ ആത്മാർത്ഥത മരുമകനായി കയറിവന്ന മനുഷ്യനുണ്ട് എന്നതാണ് യാഥാർഥ്യം.
റബ്ബർപാലിനുണ്ടായവൻ എന്ന് അപ്പൻ പരിഹസിക്കുന്ന ജോജി സത്യത്തിൽ സിനിമയിൽ നായകനോ വില്ലനോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. ആശുപത്രിയിൽ കിടക്കുന്ന അപ്പൻ മരിക്കുമെന്ന പ്രതീക്ഷയിൽ ജോജിയെ കോടീശ്വരാ എന്ന് ഷമ്മി തിലകന്റെ കഥാപാത്രം വിളിക്കുന്നത് വരെയും ജോജി പാവമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ആ വിളിയാണ്, അന്നു മുതലുള്ള സ്വപ്നങ്ങളാണ് അയാളെയൊരു കൊലയാളിയാക്കുന്നത്.
നോട്ടങ്ങളിൽ കൂടി ഭാവങ്ങളിൽ കൂടി, മുറിഞ്ഞ വാചകങ്ങളിൽ കൂടി കഥയെ കൊണ്ടുപോകുന്ന പോത്തേട്ടൻ ടച്ച് ഇവിടെയും കാണാനുണ്ട്. ചടുലമനസ്സോടെ ഏകാഗ്രതയോടെ കാണാമെങ്കിൽ കണ്ടാൽ മതി എന്നുള്ള ആ പോത്തേട്ടൻ അഹങ്കാരം തന്നെ. എനിക്കിഷ്ടായി. വളരെകുറച്ചു മനുഷ്യർ. വളരെകുറച്ചു വാക്കുകൾ.
കുടുംബയോഗം കൂടുന്ന മേശയിൽ, അന്നോളം കണ്ടിട്ടില്ലാത്ത ഒരമ്മച്ചിയെ കൊണ്ടിരുത്തിയത് എന്തിനാണെന്ന് ഞാനപ്പോൾ സംശയിച്ചിരുന്നു. കുറ്റബോധം കൊണ്ടോ പിടിക്കപ്പെടുമെന്ന ഭയം കൊണ്ടോ തലപെരുത്ത് ഡിപ്രഷനിൽ ഇരിക്കുന്ന ജോജിയോട് ‘നീയൊരു കല്യാണം കഴിക്ക് ജോജിയെ, എല്ലാം ശരിയാകും’ എന്ന ഒറ്റ വാചകത്തിൽ കൂടി, കള്ളുകൂടിയോ കഞ്ചാവടിയോ, ഭ്രാന്തോ, സൈക്കോസിസിന്റെ നൂറായിരം അവസ്ഥാന്തരങ്ങളോ എന്തായാലും അങ്ങനെയുള്ള ആണിനെ പെണ്ണ് കെട്ടിച്ച് നന്നാക്കാൻ പറ്റുമോ എന്ന് പരീക്ഷിക്കുന്ന മലയാളിയുടെ നെറുകുംതലയ്ക്കിട്ട് ആഞ്ഞൊരടി കൊടുക്കാനാണെന്ന് ഇത്തിരി കഴിഞ്ഞപ്പോൾ തന്നെ മനസ്സിലായി.
എനിക്കിഷ്ടായി ഈ കൊച്ചു സിനിമ. പാവമായ, കുറുക്കനായ, ധനമോഹിയായ സൈക്കോ ആയ, ഭീരുവായ ജോജിയെയും.