‘ഞാന്‍ കേരളത്തിലെ വീടുകളില്‍ കണ്ടിട്ടുള്ള ഒരു കാര്യമാണത്; എനിക്ക് അതത്ര രസമുള്ള കാഴ്ചയായി തോന്നിയിട്ടില്ല’: ഫഹദ് ഫാസില്‍

മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തിളങ്ങിയ താരമാണ് ഫഹദ് ഫാസില്‍. മലയാളികള്‍ക്ക് മറക്കാനാകാത്ത ഒത്തിരി കഥാപാത്രങ്ങള്‍ ഫഹദ് സമ്മാനിച്ചിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി ഫഹദിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായിരുന്നു. അടുക്കളയില്‍ ഭാര്യയുടെയും അനിയത്തിയുടെയും…

മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തിളങ്ങിയ താരമാണ് ഫഹദ് ഫാസില്‍. മലയാളികള്‍ക്ക് മറക്കാനാകാത്ത ഒത്തിരി കഥാപാത്രങ്ങള്‍ ഫഹദ് സമ്മാനിച്ചിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മി ഫഹദിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായിരുന്നു.

അടുക്കളയില്‍ ഭാര്യയുടെയും അനിയത്തിയുടെയും സംസാരം ഒളിഞ്ഞുകേള്‍ക്കുന്ന ആ ക്യാരക്ടര്‍ ഫഹദിന്റെ കൈകളില്‍ സുരക്ഷിതമായിരുന്നു. ‘ഷമ്മി ഹീറോ ആടാ ഹീറോ’ എന്ന ഡയലോഗും മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തു. എന്നാല്‍ കുമ്പളങ്ങി നൈറ്റ്‌സിലെ ആ ക്യാരക്ടറിനെക്കുറിച്ച് ചില വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണിപ്പോള്‍ ഫഹദ്.

സിനിമയില്‍ ഷമ്മി ഷര്‍ട്ട് ഇടാതെയാണ് വീടിനുള്ളില്‍ നടക്കുന്നത്. എന്നാല്‍ അത് അത്രത്തോളം ഇംപാക്ട് ഉണ്ടാക്കുമെന്ന് കരുതിയില്ലെന്നും പ്രേക്ഷകര്‍ക്ക് അത് കണക്ട് ചെയ്യാന്‍ പറ്റിയെന്നുമാണ് ഫഹദ് പറയുന്നത്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. താന്‍ കേരളത്തിലെ വീടുകളില്‍ കണ്ടിട്ടുള്ള ഒരുകാര്യമാണ് ആണുങ്ങള്‍ ഷര്‍ട്ടിടാതെ കിച്ചണില്‍ നില്‍ക്കുന്നതെന്നും എന്നാല്‍ തനിക്കത് അത്ര രസമുള്ള കാഴ്ചയായി തോന്നിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

‘ഞാന്‍ കേരളത്തിലെ വീടുകളില്‍ കണ്ടിട്ടുള്ള ഒരു കാര്യമാണ് ആണുങ്ങള്‍ ഷര്‍ട്ടിടാതെ കിച്ചണില്‍ നില്‍ക്കുന്നത്. എനിക്ക് അത്ര രസമുള്ള കാഴ്ചയായി അത് തോന്നിയിട്ടില്ല. അതെന്നെ ഒരുപാട് അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ട്. എന്റെ ചെറുപ്പത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതാണത്. കുളിച്ച് കഴിഞ്ഞിറങ്ങുമ്പോള്‍ ഷര്‍ട്ട് ഇടാലോ. ഷമ്മി എന്ന കഥാപാത്രത്തിനുവേണ്ടി അങ്ങനെ ചെയ്യുമ്പോള്‍ ആളുകള്‍ ഇത്രത്തോളും തിരിച്ചറിയുമെന്ന് കരുതിയിരുന്നില്ല. ശ്യാമും മധുവും ദിലീഷുമൊക്കെ ഒരു പക്ഷെ ആദ്യമേ മനസിലാക്കിയിരുന്നു’ എന്നായിരുന്നു ഫഹദിന്റെ വാക്കുകള്‍.

നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന മലയന്‍കുഞ്ഞാണ് ഫഹദിന്റെ പുതിയ ചിത്രം. ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുങ്ങുന്നത്. മഹേഷ് നാരായണന്റേതാണ് തിരക്കഥ. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് നായകനായ ഒരു ചിത്രം തിയറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഏറ്റവും ഒടുവില്‍ ഫഹദ് നായകനായി പുറത്തിറങ്ങിയ ചിത്രം.