പാക്കപ്പായിട്ടും അരയന്‍ ചെല്ലപ്പന്റെ വേഷം അഴിക്കാതെ ഇന്നസെന്റ്! കാരണമന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി ഞെട്ടിച്ചു; രസകരമായ സംഭവം പറഞ്ഞ് ഫാസില്‍

ഫാസില്‍ തന്റെ സിനിമകളിലൂടെ മലയാളത്തിന് സമ്മാനിച്ച നിരവധി കലാകാരന്മാരുണ്ട്. ഫാസിലിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ പുതിയ ചിത്രം മലയന്‍കുഞ്ഞ് വിജയകരമായ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തന്റെ ചില…

ഫാസില്‍ തന്റെ സിനിമകളിലൂടെ മലയാളത്തിന് സമ്മാനിച്ച നിരവധി കലാകാരന്മാരുണ്ട്. ഫാസിലിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ പുതിയ ചിത്രം മലയന്‍കുഞ്ഞ് വിജയകരമായ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തന്റെ ചില സിനിമാനുഭവങ്ങള്‍ തുറന്നു പറയുകയാണ് ഫാസില്‍. അനിയത്തിപ്രാവ് പാക്കപ്പ് പറഞ്ഞിട്ടും അരയന്‍ ചെല്ലപ്പന്റെ വേഷം അഴിച്ചുമാറ്റാതിരുന്ന ഇന്നസെന്റിനെക്കുറിച്ചും സുന്ദരകില്ലാടിയില്‍ കഥാപാത്രത്തിലേക്ക് എത്ര ശ്രമിച്ചിട്ടും എത്താന്‍ കഴിയാതിരുന്ന നെടുമുടി വേണുവിനെക്കുറിച്ചുമൊക്കെയുള്ള ഓര്‍മ്മകളാണ് അദ്ദേഹം പങ്കുവെച്ചത്.

തനിക്ക് വളരെ അപ്രീസിയേഷന്‍ തോന്നിയ ഒരു സംഭവമുണ്ടെന്നും അത് അനിയത്തിപ്രാവ് സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണെന്നും ഫാസില്‍ പറയുന്നു. ‘അനിയത്തിപ്രാവില്‍ അരയന്‍ ചെല്ലപ്പന്‍ എന്ന കഥാപാത്രത്തെയാണ് ഇന്നസെന്റ് അവതരിപ്പിക്കുന്നത്. നീല ജുബ്ബയൊക്കെ ഇട്ടാണ് ഇന്നസെന്റ് നടക്കുന്നത്. അങ്ങനെ ഒരു ദിവസം അദ്ദേഹം ലൊക്കേഷനില്‍ എത്തി സീനൊക്കെ എടുത്ത് കഴിഞ്ഞ് പാക്കപ്പായി. പക്ഷേ പാക്കപ്പായിട്ടും അദ്ദേഹം ഡ്രസ് അഴിക്കുന്നുമില്ല ലൊക്കേഷന്‍ വിട്ട് പോകുന്നുമില്ല. അങ്ങനെ കുറച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ ചെന്ന് കാര്യം ചോദിച്ചു. എന്താണ് പോകാത്തത്, പാക്കപ്പായി രണ്ട് മണിക്കൂര്‍ കഴിഞ്ഞല്ലോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പെട്ടു എന്നായിരുന്നു മറുപടി. എനിക്ക് ഈ കഥാപാത്രമായി തന്നെ നില്‍ക്കാനാണ് തോന്നുന്നത് എന്ന് പറഞ്ഞു’ എന്നായിരുന്നു സംഭവത്തെക്കുറിച്ച് ഫാസിലിന്റെ വാക്കുകള്‍.അതുപോലെ തന്നെ ചില ഭയങ്ങള്‍ എല്ലാ ആര്‍ടിസ്റ്റുകള്‍ക്കും ഉണ്ടാകുമെന്നും നെടുമുടി വേണുമായി ബന്ധപ്പെട്ട് അത്തരം ഒരു അനുഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘സുന്ദരകില്ലാഡി എന്ന ഞാന്‍ പ്രൊഡ്യൂസ് ചെയ്ത പടം. ചിത്രത്തില്‍ ഒരു പ്രത്യേക കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ലൊക്കേഷനിലെത്തി മൂന്ന് ദിവസമായിട്ടും ആ കഥാപാത്രത്തിലേക്ക് എത്താന്‍ വേണുവിന് ആകുന്നില്ല. അദ്ദേഹം മേക്കപ്പെല്ലാം ഇട്ട് വരും. എന്നാല്‍ കഥാപാത്രമാകാന്‍ മനസിന് കൂടി തോന്നണം. അങ്ങനെ കഥാപാത്രമാകാന്‍ വേണു ദിവസങ്ങളെടുത്തു’ എന്നും ഫാസില്‍ പറഞ്ഞു. അതുപോലെ തന്നെ ഹരികൃഷ്ണന്‍സ് ഡബ്ബ് ചെയ്യാന്‍ പോയപ്പോള്‍ നെടുമുടി വേണുവിന് ഡബ്ബ് ചെയ്യാന്‍ കഴിയാത്ത സംഭവമുണ്ടായി എന്നും പിന്നീട് അദ്ദേഹം അതിനെ ഓവര്‍കം ചെയ്തു എന്നും അദ്ദേഹം വ്യക്തമാക്കി.

നവാഗതനായ സജിമോന്‍ ആണ് മലയന്‍കുഞ്ഞ് സംവിധാനം ചെയതത്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. ഫഹദ് ഫാസിലിനെ കൂടാതെ രജിഷ വിജയന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ജയ കുറുപ്പ് തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.