
ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘മായൻ ചാപ്റ്റർ 1’-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ചിത്രം ഡിസംബർ 3ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ‘ബിയോണ്ട് ദ ഷാഡോസ്’ എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രം ഒരു മിസ്റ്ററി ത്രില്ലറായിരിക്കുമെന്ന സൂചന നേരത്തെ പുറത്തുവന്ന ടൈറ്റിൽ വീഡിയോയും നൽകിയിരുന്നു. പൊലീസ് ഓഫീസറുടെ വേഷത്തിലുള്ള ജയസൂര്യയെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. റഷ്യയിൽ ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ച സിനിമയുടെ തുടർഭാഗങ്ങൾ കേരളത്തിലായിരുന്നു. ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ പാലായിലാണ് പൂർത്തിയാക്കിയത്.
‘കളങ്കാവൽ’ എന്ന ചിത്രത്തിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ‘മായൻ ചാപ്റ്റർ 1’നുണ്ട്. ‘ഓർഡിനറി’, ‘അനാർക്കലി’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജീവ് ഗോവിന്ദൻ മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. നൈല ഉഷയാണ് ചിത്രത്തിലെ നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രാജ്യാതിർത്തികൾ കടന്നുപോകുന്ന നിഗൂഢതകളുടെ ലോകമാണ് ‘മായൻ ചാപ്റ്റർ 1’ അവതരിപ്പിക്കുന്നതെന്നാണ് പുറത്തുവന്ന സൂചനകൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള രഹസ്യ ആചാരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന ശക്തികളും തമ്മിലുള്ള ബന്ധം ചിത്രത്തിന്റെ കഥാപശ്ചാത്തലമാകുമെന്നാണ് റിപ്പോർട്ടുകൾ.
കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന ‘കറുത്തച്ചനൂട്ട്’ എന്ന ദുര്മന്ത്രവാദ രീതിയും ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ടിരിക്കാമെന്ന തരത്തിലുള്ള ചർച്ചകളും ഉയർന്നിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നിഗൂഢതയും ആഗോള പശ്ചാത്തലവും സമന്വയിപ്പിക്കുന്ന മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഫസ്റ്റ് ലുക്ക് പുറത്തുവന്നതോടെ ചിത്രത്തിന്റെ കഥയെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായുള്ള കാത്തിരിപ്പും ശക്തമായിരിക്കുകയാണ്.
ഫൈസൽ അലിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മുജീബ് മജീദ് സംഗീതവും പ്രവീൺ പ്രഭാകർ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. ദീപക് പരമേശ്വരനാണ് പ്രൊഡക്ഷൻ കൺട്രോളർ. സുനിൽ ദാസ് പ്രൊഡക്ഷൻ ഡിസൈനറായും രോഹിത് ആർ. നായർ ലൈൻ പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. സമീറ സനീഷ് വസ്ത്രാലങ്കാരവും അമൽ ചന്ദ്രൻ മേക്കപ്പും നിർവഹിക്കുന്നു. ബോസ് വി. ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. രാജീവ് ഗോവിന്ദനും ജിതിൻ കെ. ജോസും ചേർന്നാണ് ഗാനരചന നിർവഹിക്കുന്നത്. ശ്രീഖിൽ ശ്രീനിവാസനാണ് കോ-റൈറ്റർ. സിനത് സേവ്യർ സ്റ്റിൽസും ആന്റണി സ്റ്റീഫൻ പ്രോജക്ട് ഡിസൈനും കൈകാര്യം ചെയ്യുന്നു. വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ, വിപിൻ കുമാർ വി. എന്നിവരാണ് പി.ആർ.ഒമാർ.












