പുഷ്പ ടൂ റിലീസിനു 12 ദിവസം ;ഇനി പുഷ്പ ദ് റൂൾ

പുഷ്പ ഇനി നാഷണല്ല, ഇന്‍റർനാഷണൽ!’ എന്ന ഡയലോഗുമായി എത്തിയിരുന്ന ട്രെയിലർ ഇതിനകം ശ്രദ്ധനേടി കഴിഞ്ഞു. ആദ്യ ഭാഗത്തേക്കാൾ പതിന്മടങ്ങ് ആക്ഷൻ പാക്ക്ഡ് എന്‍റർടെയ്നറായിട്ടാണ് രണ്ടാം ഭാഗം എത്തുന്നതെന്ന് അടിവരയിടുന്നതായിരുന്നു പുഷ്പയുടെ ട്രെയിലർ. പുഷ്പരാജായി അല്ലു അർജ്ജുനും ഭൻവർസിംഗ് ഷെഗാവത്തായി ഫഹദ് ഫാസിലും രണ്ടാം ഭാഗത്തിൽ പൂണ്ടുവിളയാടിയിട്ടുണ്ടെന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. ശ്രീവല്ലിയായി രശ്മികയുടേയും മനോഹരമായ അഭിനയമുഹൂർത്തങ്ങൾ രണ്ടാം ഭാഗത്തിലുമുണ്ടെന്നാണ് വാർത്തകൾ.

പുഷ്പ 2 കേരളത്തിലെത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ആണ്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ കേരളത്തിലെ പുഷ്പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നിരിക്കുകയാണ്. ‘പുഷ്പ ദ റൂൾ’ ഡിസംബർ 5 മുതൽ കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്നാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത അറിയിച്ചിട്ടുള്ളത്. തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിടുന്നത്.