‘വേദനയുടെ ആഴം ഒട്ടും കുറഞ്ഞിട്ടില്ല, ഓരോ തീരുമാനങ്ങളിലും ഉപ്പയെ തിരയും’; കലാഭവൻ ഹനീഫിന്റെ ഓർമ്മയിൽ വൈകാരിക കുറിപ്പുമായി മകൻ!

‘വേദനയുടെ ആഴം ഒട്ടും കുറഞ്ഞിട്ടില്ല, ഓരോ തീരുമാനങ്ങളിലും ഉപ്പയെ തിരയും’; കലാഭവൻ ഹനീഫിന്റെ ഓർമ്മയിൽ വൈകാരിക കുറിപ്പുമായി മകൻ!

മലയാളികളുടെ പ്രിയപ്പെട്ട നടനും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫിന്റെ മൂന്നാം ചരമവാർഷികത്തിൽ അച്ഛനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് മകൻ ഷറൂഖ് ഹനീഫ്. 2023 നവംബർ 9-ന് തങ്ങളെ വിട്ടുപിരിഞ്ഞ അച്ഛന്റെ വേർപാട് ഉണ്ടാക്കിയ ആഘാതവും വേദനയും വർഷങ്ങൾ കഴിഞ്ഞിട്ടും മാറിയിട്ടില്ലെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെ ഷറൂഖ് വ്യക്തമാക്കുന്നു.

ജീവിതത്തിലെ ഓരോ സന്തോഷങ്ങളിലും തീരുമാനങ്ങളിലും മനസ്സ് ഇപ്പോഴും ഉപ്പയെയാണ് തിരയുന്നതെന്നും വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്ത അത്രയും വിടവാണ് അച്ഛന്റെ വേർപാട് ഉണ്ടാക്കിയതെന്നും ഷറൂഖ് കുറിച്ചു. കുടുംബത്തിന് മാത്രമല്ല, മലയാള സിനിമയിലും കലാരംഗത്തും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച വലിയ കലാകാരനായിരുന്നു അച്ഛൻ. സ്വന്തം നാടായ ചുള്ളിക്കലിലെ റോഡിനും സാംസ്കാരിക കെട്ടിടത്തിനും ‘കലാഭവൻ ഹനീഫ്’ എന്ന് പേരിട്ട് ആദരിച്ച ജനപ്രതിനിധികൾക്കും നാട്ടുകാർക്കും നന്ദി അറിയിച്ച ഷറൂഖ്, ഒരു കലാകാരന്റെ മകനായി അറിയപ്പെടുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും കൂട്ടിച്ചേർത്തു.