രൺബീർ കപൂറിനെ നായകനാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ: പാർട്ട് 1’നെതിരെ രൂക്ഷ വിമർശനവുമായി നടൻ നിതീഷ് ഭരദ്വാജ്. ചിത്രത്തിന്റെ ഉള്ളടക്കം ഇന്ത്യൻ സംസ്കാരത്തെ അപമാനിക്കുന്നതാണെന്നും സിനിമയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് സർക്കാർ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ഭരദ്വാജിന്റെ വിമർശനം.
ബി.ആർ. ചോപ്രയുടെ വിഖ്യാതമായ ‘മഹാഭാരതം’ പരമ്പരയിൽ ശ്രീകൃഷ്ണനായി വേഷമിട്ട് ശ്രദ്ധേയനായ നടനാണ് നിതീഷ് ഭരദ്വാജ്. സിനിമയുടെ ട്രെയിലർ കണ്ടപ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നെന്നും ഓസ്കർ പുരസ്കാരം വരെ നേടുമെന്ന് കരുതിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തിയേറ്ററിൽ ചിത്രം കണ്ടതോടെ അഭിപ്രായം മാറി. ചിത്രത്തെക്കുറിച്ച് നേരത്തെ നടത്തിയ പ്രശംസ പിൻവലിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഏകദേശം 4,000 കോടി രൂപയുടെ ബജറ്റും സംവിധായകൻ നിതേഷ് തിവാരിയുടെ മികവും എ.ആർ. റഹ്മാന്റെ സംഗീതവും വലിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ രാമായണത്തിന്റെ അടിസ്ഥാന ധാർമിക മൂല്യങ്ങളെ ചിത്രം അട്ടിമറിച്ചെന്നാണ് ഭരദ്വാജിന്റെ ആരോപണം. രാവണനെ ഉദാരമതിയും നീതിമാനുമായ ഭരണാധികാരിയായി അവതരിപ്പിച്ചതിലൂടെ അവതാര സങ്കൽപ്പത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കിയെന്നും അദ്ദേഹം വിമർശിച്ചു. ശ്രീരാമനെ നിർവികാരമായ മുഖമുള്ള സാധാരണ മനുഷ്യനായി ചിത്രീകരിച്ചുവെന്നും ഇത് രാമായണത്തിലെ കഥാപാത്രത്തിന്റെ മഹത്വത്തിന് നിരക്കുന്നതല്ലെന്നും ഭരദ്വാജ് പറഞ്ഞു. ‘ശ്രീരാമൻ എന്നാൽ മര്യാദയാണ്. പ്രാണൻ പോയാലും വാക്ക് പാലിക്കുകയെന്ന ഇക്ഷ്വാകു വംശത്തിന്റെ പാരമ്പര്യം സിനിമയിൽ വേണ്ടവിധം പ്രതിഫലിച്ചിട്ടില്ല,’ അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണീരോടെ അയോധ്യ വിടുന്ന രാമന്റെ ചിത്രീകരണത്തെയും അദ്ദേഹം വിമർശിച്ചു.
യാഷ് അവതരിപ്പിക്കുന്ന രാവണന്റെ കഥാപാത്രമാണ് ഭരദ്വാജിന്റെ പ്രധാന വിമർശനത്തിന് ഇരയായത്. രാവണന്റെ ദുഷ്പ്രവൃത്തികളും ദൗർബല്യങ്ങളും സിനിമയിൽ വേണ്ടത്ര അവതരിപ്പിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ‘ഒരു മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് നേതാവിനെപ്പോലെയാണ് രാവണനെ ചിത്രീകരിച്ചിരിക്കുന്നത്. രാവണന്റെ മോശം വശങ്ങൾ സിനിമയിൽ കാണാനില്ല,’ അദ്ദേഹം പരിഹസിച്ചു.
ആരണ്യകാണ്ഡത്തിലെയും യുദ്ധകാണ്ഡത്തിലെയും പ്രധാന സംഭവങ്ങൾ സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നും രാവണന്റെ പതനത്തിന് കാരണം സ്വന്തം തിന്മകളായിരുന്നുവെന്നും ഭരദ്വാജ് ഓർമിപ്പിച്ചു. രാവണൻ ഇത്രയധികം നീതിമാനും വിവേകിയുമായ ഭരണാധികാരിയായിരുന്നെങ്കിൽ മഹാവിഷ്ണുവിന് ശ്രീരാമനായി അവതരിക്കേണ്ട ആവശ്യം എന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
ചിത്രത്തിന്റെ സ്വാധീനം പുതിയ തലമുറയിലും ആശങ്കയുണ്ടാക്കുന്നതായി ഭരദ്വാജ് പറഞ്ഞു. രാമായണത്തെക്കുറിച്ച് ആഴത്തിൽ അറിയാത്ത യുവാക്കൾ രാവണനെ നായകനായി കാണാൻ ഇടയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യ ഭാഗത്തിൽ രാവണനെ മഹത്വവത്കരിച്ചശേഷം രണ്ടാം ഭാഗത്തിൽ രാമൻ രാവണനെ എങ്ങനെ പരാജയപ്പെടുത്തുമെന്ന ചോദ്യവും അദ്ദേഹം ഉയർത്തി. നായകനെയും വില്ലനെയും പരസ്പരം മാറ്റുന്ന സമീപനമാണ് സിനിമയിലുള്ളതെന്നും ആരോപിച്ചു. ചിത്രത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഭരദ്വാജ് സംശയം പ്രകടിപ്പിച്ചു. ലക്സംബർഗ്, യു.എ.ഇ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് നിർമാണ കമ്പനിക്ക് പണം എത്തിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇന്ത്യൻ സംസ്കാരത്തെ ഇകഴ്ത്തിക്കാട്ടാനുള്ള അജണ്ടയുടെ ഭാഗമാണോ സിനിമയെന്ന് സർക്കാർ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്ലാം, ക്രിസ്തുമതം തുടങ്ങിയ മതങ്ങളെ ആസ്പദമാക്കി ഇതേ രീതിയിലുള്ള സിനിമകൾ നിർമിക്കാൻ ബോളിവുഡ് തയ്യാറാകുമോ എന്നും ഭരദ്വാജ് ചോദിച്ചു. ചിത്രത്തിന്റെ നിർമാണത്തിന് പിന്നിലെ സാമ്പത്തിക സ്രോതസ്സുകളും ലക്ഷ്യങ്ങളും സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
