“8 വർഷം മുമ്പുള്ള സ്വകാര്യ സംഭാഷണം, ഇനി നിശബ്ദയാകില്ല”; അമ്മയുടെ ശബ്ദരേഖ ലീക്കായതിൽ പ്രതികരണവുമായി രശ്മിക മന്ദാന

നടി രശ്മിക മന്ദാനയുടെ അമ്മ സുമൻ മന്ദാനയുടേതെന്ന് കരുതപ്പെടുന്ന ഒരു ശബ്ദരേഖ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിൽ, ശക്തമായ പ്രതികരണവുമായി നടി രംഗത്തെത്തി. രശ്മികയും നടൻ രക്ഷിത് ഷെട്ടിയും തമ്മിലുള്ള മുൻകാല ബന്ധത്തെക്കുറിച്ചും വിവാഹ നിശ്ചയം റദ്ദാക്കിയതിനെക്കുറിച്ചുമുള്ള കാര്യങ്ങളാണ് ഈ ഓഡിയോ ക്ലിപ്പിലുള്ളത്. ഇത് എട്ട് വർഷം മുൻപുള്ള ഒരു സ്വകാര്യ സംഭാഷണമാണെന്നും അത് ഇപ്പോൾ പ്രചരിപ്പിക്കുന്നത് തന്നെയും കുടുംബത്തെയും അപമാനിക്കാനാണെന്നും രശ്മിക വ്യക്തമാക്കി.

വിജയ് ദേവരകൊണ്ടയുമായുള്ള രശ്മികയുടെ വിവാഹവാർത്തകൾ സജീവമായി ചർച്ച ചെയ്യപ്പെടുന്നതിനിടെയാണ് ഇത്തരമൊരു ശബ്ദരേഖ പുറത്തുവന്നത് എന്നത് ശ്രദ്ധേയമാണ്. തന്റെ ഭൂതകാലത്തെക്കുറിച്ചുള്ള കാര്യങ്ങൾ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിനെ രശ്മിക രൂക്ഷമായി വിമർശിച്ചു. മുൻപ് പലപ്പോഴും ഇത്തരം കാര്യങ്ങളിൽ താൻ നിശബ്ദത പാലിച്ചിട്ടുണ്ടെന്നും എന്നാൽ തന്റെ കുടുംബത്തിന്റെ സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങളിൽ ഇനി മിണ്ടാതിരിക്കില്ലെന്നും താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

രശ്മികയുടെ വിവാഹനിശ്ചയം തകരാൻ കാരണം ‘ഗീത ഗോവിന്ദം’ സിനിമയിലെ ചുംബനരംഗമാണെന്നും രക്ഷിത് ഷെട്ടിയുടെ കുടുംബം തന്നെ സിനിമയിൽ നിന്ന് മാറാൻ സമ്മർദ്ദം ചെലുത്തിയെന്നുമുള്ള ആരോപണങ്ങളാണ് ഓഡിയോ ക്ലിപ്പിലുള്ളത്. ഇത്തരം വ്യക്തിപരമായ കാര്യങ്ങൾ പൊതുമധ്യത്തിൽ ചർച്ചയാക്കുന്നത് മാനസികമായി വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ടെന്നും സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും രശ്മിക അഭ്യർത്ഥിച്ചു. താരത്തിന് പിന്തുണയുമായി ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.