ചിമ്പുവും നയൻതാരയും അജിത്തും ധോണിയുമടക്കം വൻതാരനിര; ധനുഷ് എവിടെ?

ചിമ്പുവും നയൻതാരയും അജിത്തും ധോണിയുമടക്കം വൻതാരനിര; ധനുഷ് എവിടെ?

താരനിബിഢമായി അനിരുദ്ധ് രവിചന്ദർ–കാവ്യ മാരൻ വിവാഹ റിസപ്ഷൻ. ശനിയാഴ്ച ചെന്നൈയിൽ നടന്ന റിസപ്ഷനിൽ ഇന്ത്യയൊട്ടാകെയുള്ള നിരവധി താരങ്ങളും വ്യവസായികളും രാഷ്ട്രീയ പ്രമുഖരും പങ്കെടുത്തു.

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ നീണ്ട നിര വിവാഹ ചടങ്ങിൽ ഉണ്ടായിരുന്നു.

സിനിമാ മേഖലയിലേക്ക് വന്നാൽ സാക്ഷാൽ രജനികാന്ത് മുതൽ കമൽഹാസൻ വരെ വിവാഹ ചടങ്ങിന് മോടികൂട്ടാൻ എത്തിച്ചേർന്നു. അജിത്ത്, കാർത്തി, ശിവകാർത്തികേയൻ, ചിമ്പു, നയൻതാര, വിഘ്നേഷ് ശിവൻ, ഉദയനിധി സ്റ്റാലിൻ, സംവിധായകരായ ശങ്കർ, അറ്റ്ലി എന്നിങ്ങനെ നീളുന്നു സിനിമാ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യം.

അനിരുദ്ധിനെ സിനിമയിലേക്ക് കൊണ്ടുവന്ന ധനുഷ് ചടങ്ങിൽ എത്താതിരുന്നതും ചർച്ചയായിട്ടുണ്ട്. അനിരുദ്ധിന്റെ കരിയറിൽ ഏറ്റവും വലിയ ഹിറ്റുകൾ ഉണ്ടായത് ധനുഷിനൊപ്പമായിരുന്നു. ഒരുകാലത്ത് ഇവർ അടുത്ത സുഹൃത്തുക്കളുമായിരുന്നു. പിന്നീട് ഇവർക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.

തന്റെ കരിയറിൽ പ്രധാന പങ്കുവഹിച്ച മറ്റ് സുഹൃത്തുക്കളെല്ലാം വിവാഹ റിസപ്ഷനെത്തി. നെൽസൺ, വിഘ്നേഷ് തുടങ്ങിയവരെല്ലാം ആശംസകളേകാൻ എത്തിയിരുന്നു.

ക്രിക്കറ്റ് ലോകത്തുനിന്നും പ്രമുഖ താരങ്ങൾ വിവാഹ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. എം.എസ്. ധോണി, ഇന്ത്യൻ ഫാസ്റ്റ് ബോളർ ഭുവനേശ്വർ കുമാർ, മുത്തയ്യ മുരളീധരൻ, ഡെയിൽ സ്റ്റെയ്ൻ ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളാണ് വിവാഹ സൽക്കാര ചടങ്ങിൽ സാന്നിധ്യമറിയിച്ചത്.

വ്യവസായ പ്രമുഖനും സൺ ഗ്രൂപ്പ് ചെയർമാനുമായ കലാനിധി മാരന്റെയും കാവേരി മാരന്റെയും മകളാണ് കാവ്യ. യുകെയിലെ വാർവിക് ബിസിനസ് സ്കൂളിൽ നിന്ന് എം.ബി.എ ബിരുദം കരസ്ഥമാക്കിയ കാവ്യ, നിലവിൽ സൺ ടിവി നെറ്റ്‌വർക്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു. ഐപിഎൽ താരലേലത്തിലും മത്സരവേദികളിലും സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ സജീവ സാന്നിധ്യമായി തിളങ്ങാറുള്ള കാവ്യയ്ക്ക് കായിക പ്രേമികൾക്കിടയിലും വലിയ ജനപ്രീതിയുണ്ട്.

നവംബർ 11-ന് ഗ്രീസിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന വളരെ സ്വകാര്യമായ ചടങ്ങായിരുന്നു ഗ്രീസിൽ നടന്നത്.