
നടൻ മമ്മൂട്ടിക്കൊപ്പം ഊട്ടിയിൽ നിന്നും കോയമ്പത്തൂരിലേക്ക് കാറിൽ യാത്ര ചെയ്യവെ തങ്ങൾക്ക് നേരിടേണ്ടി വന്ന ഒരു കാർ അപകടത്തെക്കുറിച്ചുള്ള രസകരമായ ഓർമ്മകൾ പങ്കുവെച്ച് നടൻ വി.കെ. ശ്രീരാമൻ. പവിത്രൻ സംവിധാനം ചെയ്ത ‘ഉത്തരം’ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന കാലത്ത് മമ്മൂട്ടി തന്റെ പ്രശസ്തമായ 369-ാം നമ്പർ കോണ്ടസ കാറോടിച്ച് മലയിറങ്ങുന്നതിനിടയിലാണ് ഈ സംഭവം നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഒരു കോൺവെന്റ് സ്കൂളിനു മുന്നിൽ വെച്ച് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച പത്തുവയസ്സുകാരനെ കാർ ഇടിച്ചു തെറിക്കുകയായിരുന്നു. പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ മുൻസീറ്റിലിരുന്ന തന്റെ തല ഗ്ലാസിൽ ചെന്നിടിച്ചെന്നും, ആളുകൾ വന്ന് കാർ തല്ലിപ്പൊളിക്കുമെന്നും മമ്മൂട്ടിയെ ഒഴിവാക്കി തന്നെ എന്തെങ്കിലും ചെയ്യുമോ എന്ന് ഭയപ്പെട്ടിരുന്നുവെന്നും ശ്രീരാമൻ പറയുന്നു. എന്നാൽ കാറിടിച്ച് തെറിച്ച പയ്യൻ പരിക്കുകളൊന്നുമില്ലാതെ ചിരിച്ചുകൊണ്ട് എഴുന്നേൽക്കുകയാണുണ്ടായത്. പയ്യൻ തന്റെ പോക്കറ്റിൽ രണ്ട് ക്രിക്കറ്റ് ബോളുകൾ കരുതിയിരുന്നതുകൊണ്ടാണ് പരിക്കുകളൊന്നും ഏൽക്കാതിരുന്നതെന്നും, സംഭവത്തിന് ശേഷം തന്നെക്കണ്ട് ഡ്രൈവറായി തെറ്റിദ്ധരിച്ച് ആളുകൾ വരുമോ എന്ന് ഭയന്നാണ് കോയമ്പത്തൂർ വരെ യാത്ര ചെയ്തതെന്നും ശ്രീരാമൻ കൗതുകത്തോടെ ഓർത്തെടുക്കുന്നു.
