തിയറ്റർ പ്രദർശനത്തിന് ശേഷം ‘ആരം’ സോണി ലിവിൽ; ഒടിടി അവകാശം സ്വന്തമാക്കി പ്രമുഖ പ്ലാറ്റ്ഫോം

സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ചിത്രം ‘ആരം’ തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ ഒടിടി റിലീസും ഉറപ്പിച്ചു. ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ് സ്വന്തമാക്കി. തിയറ്റർ പ്രദർശനം പൂർത്തിയായതിന് ശേഷമായിരിക്കും ചിത്രം സോണി ലിവിലൂടെ സ്ട്രീമിംഗിനെത്തുക. 25നാണ് ‘ആരം’ തിയറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസിന് മുമ്പ് തന്നെ ഒടിടി അവകാശം വിറ്റുപോയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഒരു കൊലപാതകവും അതിനെ തുടർന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പുറത്തുവരുന്ന അപ്രതീക്ഷിത സംഭവങ്ങളും ദുരൂഹതകളും പ്രേക്ഷകരിൽ ആകാംക്ഷ നിലനിർത്തുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിഷ്ണു രാമചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് നിർമ്മാണം.

സൈജു കുറുപ്പിനൊപ്പം അസ്കർ അലി, സിദ്ദിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണി ലാലു, അജിത് കോശി, മനോജ് കെ യു, ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമ്മകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ജിത്തു ദാമോദറാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വി സാജൻ എഡിറ്റിംഗും രോഹിത് ഗോപാലകൃഷ്ണൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരാണ് ഗാനങ്ങൾക്ക് വരികൾ ഒരുക്കിയത്. ഹരിചരൺ, സിതാര കൃഷ്ണകുമാർ, സയനോര, അതുൽ നറുകര, യാസിൻ നിസാർ, അജയ് ശ്രാവൺ, ആരതി എം എൻ, അശ്വിൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

ബാബു പിള്ളയാണ് പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ചത്. സുജിത് മട്ടന്നൂർ കോസ്റ്റ്യൂം ഡിസൈനും കിരൺ, മനോജ് എന്നിവർ മേക്കപ്പും നിർവഹിച്ചു. നികേഷ് നാരായണനാണ് പ്രൊഡക്ഷൻ കൺട്രോളർ. ഷിബിൻ കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടറായും റോബിൻ ടോം സ്റ്റണ്ട് ഡയറക്ടറായും പ്രവർത്തിച്ചു. ശ്രീജിത്ത് ഡാൻസ് സിറ്റിയാണ് കൊറിയോഗ്രഫി നിർവഹിച്ചത്.

ഷിജോ ഡൊമിനിക് ഫിനാൻസ് കൺട്രോളറാണ്. സിബി ചീരൻ സ്റ്റിൽസും മാമിജോ പബ്ലിസിറ്റി ഡിസൈനും നിർവഹിച്ചു. റോവാൻ എന്റർടെയ്ൻമെന്റ്സ് & ഗുഡ് ഫെല്ലാസ് ആണ് വിതരണത്തിന് നേതൃത്വം നൽകുന്നത്. ജാങ്കോ സ്പേസ് ഡിജിറ്റൽ വിഭാഗവും ബ്രിങ്ഫോർത്ത് മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗും കൈകാര്യം ചെയ്യുന്നു. ഐശ്വര്യ രാജാണ് പിആർഒ.